കോഴിക്കോട്  ബീച്ചില്‍ കുട്ടികളെ ഉപയോഗിച്ച്‌ പണം സമ്പാദിക്കുന്ന ഭിക്ഷാടന മാഫിയ സജീവമാകുന്നു; ഒരു ദിവസത്തെ പിരിവ് 10000 രൂപ വരെ

Spread the love

 കോഴിക്കോട്: കോഴിക്കോട്  ബീച്ചില്‍ കുട്ടികളെ ഉപയോഗിച്ച്‌ പണം സമ്പാദിക്കുന്ന ഭിക്ഷാടന മാഫിയ സജീവമാകുന്നു. ബീച്ചിലെത്തുന്ന സഞ്ചാരികളുടെ പിന്നാലെ നടന്ന് പണം യാചിക്കുന്ന മൂന്നും നാലും വയസ് മാത്രം പ്രായമുള്ള കുട്ടികളുടെ കാഴ്ചയിപ്പോള്‍ സര്‍വസാധാരണമാണ്.

video
play-sharp-fill

ഇവരുടെ രൂപവും ഭാവവും ഒറ്റനോട്ടത്തില്‍ ആരുടെയും കണ്ണ് നനയിക്കും. എന്നാല്‍ ഒരു ദിവസം ഈ കുട്ടികളുടെ ഭിക്ഷാടനത്തിന്റെ കളക്ഷന്‍ മൂവായിരം മുതല്‍ പതിനായിരം രൂപ വരെയാണ്. ഇതൊരു വലിയ ലോബിയാണെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തിയിരിക്കുകയാണ്.

രാവിലെ എട്ട് മണിയോടെ ബീച്ചില്‍ കോര്‍പ്പറേഷന്‍ ഓഫീസിനോട് ചേര്‍ന്ന് ഒരു ചെറിയ വാന്‍ വന്ന് നില്‍ക്കും. കുറെ കളിപ്പാട്ടങ്ങളുമായി നാടോടികളായ മനുഷ്യരും അവരുടെ കുട്ടികളും അവിടെയിറങ്ങും. അവരുടെ മലമൂത്ര വിസര്‍ജ്ജനവുമടക്കം സര്‍വ്വതും റോഡില്‍ തന്നെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുതിര്‍ന്നവര്‍ കളിപ്പാട്ടങ്ങള്‍ വില്‍ക്കുമ്പോള്‍ കുട്ടികളെ അവര്‍ ഭിക്ഷാടനത്തിനയക്കും.അടുത്തുള്ള കടകളിലും റസ്റ്ററന്റുകളിലുമെത്തുന്നവരെ തടയും. അവരുടെ കൈകളില്‍ പിടിച്ച്‌ വലിക്കും. ബാല്യത്തിന്റെ തിളക്കമുളള കണ്ണുകള്‍ ദയനീയമായി നോക്കി വിശക്കുന്നുവെന്ന് ആംഗ്യം കാണിക്കും, പണം ചോദിക്കും. കുഞ്ഞു വയറിന്റെ വിശപ്പ് മാത്രമോര്‍ത്ത് പലരും പണം നല്‍കും.ചില്ലറകളായി ഭിക്ഷ നല്‍കുന്നവര്‍ കുറവാണ്.

ചെറിയ നോട്ടുകള്‍ക്കിടയില്‍ ചില്ലറകളും ഉണ്ടാകും. ഈ ചില്ലറകള്‍ സമീപത്തെ ഹോട്ടലുകളില്‍ നല്‍കി നോട്ടുകളാക്കും. ലിംഗഭേദമന്യേ എല്ലാ കുട്ടികളും ഭിക്ഷാടന സംഘത്തിലുണ്ട്. ഭിക്ഷാടനത്തിന്റെ പതിനെട്ടടവുകളും അവര്‍ പയറ്റും. യാചന മാത്രമല്ല, പിറകെ നടന്നും കാറില്‍ കയറിയും റസ്റ്ററന്റുകളിലെ തീന്‍ മേശകളില്‍ കയ്യിട്ടുവാരിയും ഉപദ്രവമുണ്ടാക്കും. എന്നാല്‍ പറക്കമുറ്റാത്ത ഈ കുരുന്നുകളല്ല ഇതിന് ഉത്തരവാദികള്‍. ഇവരെ ഉപയോഗിച്ച്‌ ലക്ഷങ്ങള്‍ കൊയ്യുന്ന ലോബികള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കുഞ്ഞുങ്ങളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ എത്രയും വേഗം ഇടപെടേണ്ടതുണ്ട്.