
കണ്ണൂർ: ബുധനാഴ്ച വൈകുന്നേരം 5.30. പാറക്കണ്ടിയിലെ ബെവറജസ് കോർപ്പറേഷൻ മദ്യവില്പനശാലയുടെ കൗണ്ടറില്‍നിന്ന് ക്വാർട്ടറിന്റെ (180 മില്ലി ലിറ്റർ) കുപ്പി വാങ്ങി പുറത്തേക്കുള്ള വഴിയില്‍നിന്ന് തിരിഞ്ഞുനിന്ന് ദാസൻ (പേര് യഥാർഥമല്ല) വരിനില്‍ക്കുന്നവരെയും ജീവനക്കാരെയും ഒന്നുനോക്കി.
പിന്നെ കളി എന്നോടോ എന്ന ഭാവത്തില്‍ അരയില്‍ നിന്നൊരു കാലിക്കുപ്പിയെടുത്ത് മദ്യക്കുപ്പി പൊട്ടിച്ച് തുള്ളിതൂവാതെ അതിലേക്കൊഴിച്ചു. ഇടയ്ക്കൊരു കവിള്‍ പച്ചയ്ക്കുതന്നെ വീശി. പിന്നെ വീണ്ടും കൗണ്ടറിലേക്ക് കാലിയായ കുപ്പി മേശമേല്‍ വെച്ച് ജീവനക്കാരിയെ വിളിച്ചു. മാഡം… ആ ഇരുപത് തന്നാല്‍ പോവാമായിരുന്നു. ആള് പിടിവിടുമെന്നു തോന്നിയതിനാല്‍ ജീവനക്കാരി പെട്ടെന്നുതന്നെ ഓടിവന്ന് കുപ്പി പരിശോധിച്ച് 20 രൂപയുടെ നാണയം കൊടുത്തു. തോല്‍പ്പിക്കാനാവില്ല മക്കളേ എന്ന ഭാവത്തില്‍ സർക്കാറിനെ നാല് തെറിവിളിച്ച് ദാസൻ താഴേക്കിറങ്ങി.ബെവറജസ് കോർപ്പറേഷൻ മദ്യവില്പനശാലകളില്‍ പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് അധികവില ഈടാക്കിയ ദിവസം ജില്ലയില്‍ കണ്ട കൗതുകക്കാഴ്ചകളിലൊന്നുമാത്രമാണിത്.
പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് അളവ് വ്യത്യാസമില്ലാതെ 20 രൂപയാണ് കൂട്ടിയത്. സി ഡിറ്റ് തയ്യാറാക്കിയ ലേബല്‍ കുപ്പികളില്‍ പതിക്കും. ബില്ലിനൊപ്പം 20 രൂപയുടെ സ്ലിപ്പ് നല്‍കും. അടിച്ചശേഷം ലേബല്‍ പോവാതെ കുപ്പി അതേ ഷോപ്പില്‍ തിരിച്ചുനല്‍കിയാല്‍ 20 രൂപ തിരിച്ചുകിട്ടും. കണ്ണൂരിലെയും തിരുവനന്തപുരത്തെയും 20 ഷോപ്പുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി തുടങ്ങിയത്. രാവിലെ ആശയക്കുഴപ്പം തീരാതെയാണ് ഷോപ്പുകളില്‍ ജീവനക്കാരെത്തിയത്.
കാലിക്കുപ്പി ശേഖരിക്കാൻ കുടുംബശ്രീ പ്രവർത്തകരെ നിയോഗിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ആരും എത്തിയില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആശയക്കുഴപ്പം ജീവനക്കാർക്ക് മാത്രമാണെന്ന് ആദ്യമണിക്കൂറില്‍ത്തന്നെ സാധനം വാങ്ങാനെത്തിയവർ തെളിയിച്ചു. കട തുറന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ പാറക്കണ്ടിയിലെ ഷോപ്പില്‍ അരലിറ്ററിന്റെ ബ്രാണ്ടിക്കുപ്പി തിരിച്ചെത്തി. വൈകീട്ട് അഞ്ചരയാവുമ്ബോഴേക്കും ഇവിടെ നൂറുകുപ്പികള്‍ വീതമുള്ള രണ്ട് ചാക്കുകള്‍ നിറഞ്ഞു. ഇതുതന്നെയായിരുന്നു കൂത്തുപറമ്ബ്, പയ്യന്നൂർ എന്നിവിടങ്ങളിലും അവസ്ഥ. കൂത്തുപറമ്ബില്‍ അഞ്ചുമണിയോടെ 45 കുപ്പികള്‍ തിരിച്ചെത്തി. പയ്യന്നൂരില്‍ ഉച്ചയോടെ എത്തിയത് 30 എണ്ണം. എല്ലായിടത്തും ചെറിയ ശതമാനമേ ആദ്യദിവസം തിരിച്ചെത്തിയിട്ടുള്ളൂ. അടുത്തദിവസങ്ങളില്‍ കൂടുതലെത്തുമെന്നാണ് കണക്കുകൂട്ടുന്നത്.
അടി നില്‍പ്പൻ, വില കൂട്ടാനുള്ള അടവെന്ന് പരാതി
മദ്യത്തിന് വില കൂട്ടുമ്ബോള്‍ അളവിനനുസരിച്ച് വ്യത്യാസമുണ്ടാവാറുണ്ട്. ഇതിപ്പോള്‍ ക്വാർട്ടർ മുതല്‍ ലിറ്റർ വരെ ഒരേപോലെ 20 രൂപ ഒന്നിച്ച് കൂട്ടിയത് അന്യായമാണെന്നാണ് ഉപഭോക്താക്കളുടെ ആക്ഷേപം. പലരും കുപ്പികള്‍ തിരിച്ചെത്തിക്കാൻ മെനക്കെടില്ലെന്നതാണ് പരാതിയുടെ അടിസ്ഥാനം. തിരിച്ചേല്‍പ്പിച്ചവരെല്ലാം മദ്യവില്പനശാലകള്‍ക്ക് അടുത്തുനിന്നുതന്നെ കാലിയാക്കിയവരാണ്.
അതിനാല്‍ത്തന്നെ പരസ്യമദ്യപാനം വർധിക്കുമെന്നും ആശങ്കയുമുണ്ട്. ബില്ലും മദ്യവും നല്‍കുന്നതിനൊപ്പം സ്റ്റിക്കർ പതിക്കലും സ്ലിപ്പ് നല്‍കലുമെല്ലാം സമയമെടുക്കുന്നുവെന്ന പരാതി ജീവനക്കാർക്കും വരിനില്‍ക്കുന്നവർക്കും ഒരു പോലെയുണ്ട്.
ബില്ലിനൊപ്പം സ്റ്റിക്കർ പതിച്ച് സ്ലിപ്പും കൊടുക്കാൻ സമയമെടുത്തതോടെ ഏഴുമണിക്കുശേഷം ഷോപ്പുകളില്‍ വലിയ തിരക്ക് അനുഭവപ്പെട്ടു. പലയിടത്തും നീണ്ട വരി ഉത്സവകാല കച്ചവടത്തിന് സമാനമായിരുന്നു.