എല്ലാ മാധ്യമ കണ്ണുകളും മധുരയിലേക്ക്: സി പി എമ്മിന്റെ അടുത്ത ജനറൽ സെക്രട്ടറി ആരാകും ? അതുപോലെ കേന്ദ്രകമ്മറ്റിയിലേക്ക് കേരളത്തിൽ നിന്ന് ആരൊക്കെ?

Spread the love

മധുര: മധുരയില്‍ സി പി എം പാർട്ടി കോണ്‍ഗ്രസ് പുരോഗമിക്കുമ്പോള്‍ ഏറ്റവും പ്രധാനമായി ഉയരുന്ന ചോദ്യം അടുത്ത ജനറല്‍ സെക്രട്ടറി ആരാകും എന്നതാണ്.
സംഘടന റിപ്പോർട്ട് അവതരിപ്പിക്കാൻ രാഘവലുവിനെ ചുമതലപ്പെടുത്തിയതോടെ അടുത്ത പാർട്ടി ജനറല്‍ സെക്രട്ടറി ആര് എന്നതില്‍ സസ്പെൻസ് അവശേഷിപ്പിക്കുകയാണ് കേന്ദ്ര നേതൃത്വം. പ്രകാശ് കാരാട്ട്, മണിക്ക് സർക്കാർ, ബ്രിന്ദ കാരാട്ട്, സൂര്യകാന്ത് മിശ്ര, ജി രാമകൃഷ്ണൻ, സുഭാഷിണി അലി 75 വയസ് പൂർത്തിയായ 6 പേർ പി ബിയില്‍ നിന്ന് ഒഴിയുകയാണ്.

ഇളവ് നേടുമെന്ന് ഉറപ്പായ കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് പി ബിയിലെ ഒരേയൊരു കാരണവർ. റിട്ടയർമെന്‍റ് ബാധകമല്ലാത്ത പിണറായി നിലവില്‍ പാർട്ടിയുടെ ഒരേയൊരു മുഖ്യമന്ത്രിയാണ്. അത്കൊണ്ട് ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കില്ലെന്ന് ഉറപ്പാണ്.
പ്രായപരിധി കഴിഞ്ഞവർക്ക് ഇളവ് നല്‍കുന്നതില്‍ കടുത്ത എതിർപ്പ്; സിപിഎം പിബിയിലേക്ക് രണ്ട് വനിതകള്‍

പിന്നെ സീനിയർ എം എ ബേബിയാണ്. സീനിയോറിറ്റി മാത്രം കൊണ്ട് കാര്യമുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്ന ഉത്തരമാണ് സി പി എം പലപ്പോഴും നല്‍കിയിട്ടുള്ളത്. എസ് ആർ പിയുടെ കാര്യത്തില്‍ അടക്കം ഇത് കണ്ടതാണ്. സംഘടന റിപ്പോർട്ട് അവതരിപ്പിക്കാൻ ബി വി രാഘവലുവിനെ പി ബി ചുമതല പെടുത്തിയതോടെ ജനറല്‍ സെക്രട്ടറിയുടെ കാര്യത്തില്‍ കോമ്ബറ്റിഷൻ ഉണ്ടെന്ന സന്ദേശമാണ് പുറത്തുവരുന്നത്. ബേബിക്കും രാഘവാലുവിനും പ്രായം 70 ആണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇ എം എസ് ജനറല്‍ സെക്രട്ടറി ആയ കാലത്തെ രാഷ്ട്രീയം അല്ല ഇപ്പോള്‍. അന്ന് ദില്ലിയിലും കേരളത്തിലും കോണ്‍ഗ്രസ് ശത്രുപക്ഷത്തായിരുന്നു. ഇപ്പോള്‍ സ്ഥിതി മാറി. ദില്ലിയില്‍ മിത്രവും കേരളത്തില്‍ ശത്രുവുമാണ് കോണ്‍ഗ്രസ്. യെച്ചൂരിയോ കാരാട്ടോ കൈ പിടിക്കും പോലെ ആകില്ല ബേബി ജനറല്‍ സെക്രട്ടറി ആയാല്‍ കാര്യങ്ങള്‍. കോണ്‍ഗ്രസ് ബന്ധത്തില്‍ അടക്കം കേരളത്തില്‍ എതിരാളികള്‍ക്ക് പ്രഹര ശേഷി കൂടും. അതുകൊണ്ടുതന്നെ ആരാകും ജനറല്‍ സെക്രട്ടറിയാകുകയെന്നത് കണ്ടറിയണം.

ഇതിനൊപ്പം തന്നെ സസ്പെൻസാണ് ആരൊക്കെയാകും കേരളത്തില്‍ നിന്ന് കേന്ദ്ര കമ്മിറ്റിയിലെത്തുകയെന്നതും. കേന്ദ്ര കമ്മിറ്റിയില്‍ കേരളത്തില്‍ നിന്നും മൂന്ന് ഒഴിവുകളാണുള്ളത്. ഇതിലേക്കായി അര ഡസൻ പേരുകളാണ് ഉയർന്ന് കേള്‍ക്കുന്നത്. ടി പി രാമകൃഷ്ണനാണ് സാധ്യതയില്‍ ഒന്നാമത്. എല്‍ ഡി എഫ് കണ്‍വീനറായതുകൊണ്ടുതന്നെ കേന്ദ്ര കമ്മിറ്റി അംഗത്വം ടി പിക്ക് ഏറക്കുറെ ഉറപ്പിക്കാം.

മുഹമ്മദ് റിയാസാണ് സാധ്യത കല്‍പ്പിക്കപ്പെടുന്ന മറ്റൊരാള്‍. പാർട്ടിയില്‍ മുഹമ്മദ് റിയാസിന്റെ അടുത്ത പടവ് കേന്ദ്ര കമ്മിറ്റി അംഗത്വമാണ്. റിയാസിന് സാധ്യത ഉയർത്തുന്നതാണ് നിലവിലെ നീക്കങ്ങള്‍. മുഹമ്മദ് റിയാസിനെ പാർട്ടി കോണ്‍ഗ്രസില്‍ കേരള ഘടകത്തില്‍ നിന്നുള്ള ചർച്ചയില്‍ പങ്കെടുപ്പിക്കാൻ തീരുമാനിച്ചതടക്കം ശ്രദ്ധേയമായ നീക്കമായാണ് വിലയിരുത്തുന്നത്.

മറ്റൊരു യുവ സെക്രട്ടറിയേറ്റ് അംഗമായ എം സ്വരാജിനെ ചർച്ചക്ക് തീരുമാനിച്ച എട്ട് പേരില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതാണ് ഇതിന്‍റെ മറുവശം. സി സിയില്‍ റിയാസിനൊപ്പം പി കെ ബിജുവിനും സാധ്യത ഏറെയാണ്. ശ്രീമതി ഒഴിയുമ്ബോള്‍ ഒരു വനിത വേണമെന്നതും പാർട്ടി പരിഗണിക്കും. ടി എൻ സീമ മുന്നിലുണ്ട്, എന്നാല്‍ സീമയേക്കാള്‍ സീനിയർ ആയ മേഴ്സികുട്ടി അമ്മയെ തഴഞ്ഞ് തീരുമാനം എടുക്കുമോ എന്നതാണ് മധുരയിലെ ചോദ്യം.

സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടാതെ പോയ എം ബി രാജേഷിന് കേന്ദ്ര കമ്മിറ്റിയില്‍ ഒരു സീറ്റ് ഉണ്ടാകാനുള്ള സാധ്യത എത്രയെന്നും കണ്ടറിയണം. റിയാസിനേക്കാള്‍ സീനിയറാണ് എം ബി രാജേഷ് എന്നത് പാർട്ടി പരിഗണിക്കാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തലുകള്‍. വൈകിട്ടോടെ നിർണ്ണായക തീരുമാനങ്ങളിലേക്ക് കേന്ദ്ര കമ്മിറ്റി കടക്കുമെന്നാണ് വ്യക്തമാകുന്നത്.