
ദില്ലി: ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ ഡോക്ടറെ അറസ്റ്റ് ചെയ്തു. മരിച്ച ഭൂരിഭാഗം കുട്ടികളെയും പരിശോധിച്ച ക്ലിനിക്കിലെ ഡോക്ടർ പ്രവീൺ സോണിയാണ് അറസ്റ്റിലായത്. മധ്യപ്രദേശിൽ മാത്രം 11 കുട്ടികളാണ് ഇതുവരെ മരിച്ചത്. ഡോ.പ്രവീൺ സോണി, മരണകാരിയായ കോൾഡ്രിഫ് സിറപ്പ് കുട്ടികൾക്ക് എഴുതി നൽകിയെന്നാണ് പൊലീസ് പറയുന്നത്.
തമിഴ്‌നാട്ടിലെ കാഞ്ചീപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീശൻ ഫാർമസ്യൂട്ടിക്കൽസാണ് കോൾഡ്രിഫ് സിറപ്പ് ഉൽപ്പാദിപ്പിച്ചത്. ഇവർക്കെതിരെയും മധ്യപ്രദേശ് സർക്കാർ കേസെടുത്തിട്ടുണ്ട്. ഈ സിറപ് കഴിച്ച കുട്ടികളാണ് മരിച്ചത്. സിറപ്പിൽ 48.6 ശതമാനം ബ്രേക്ക് ഓയിൽ അടങ്ങിയെന്നായിരുന്നു കണ്ടെത്തൽ.
രാജ്യത്താകെ 14 കുട്ടികളാണ് ഇതുവരെ മരിച്ചത്. തെലങ്കാനയിലും കോള്‍ഡ്റിഫ് ചുമ മരുന്ന് നിരോധിച്ചു. വിഷയത്തിൽ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. സെപ്റ്റംബര്‍ രണ്ടു മുതൽ അസാധാരണ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും മധ്യപ്രദേശിൽ മരണ കാരണം കണ്ടെത്താൻ വൈകിയെന്ന് കോണ്‍ഗ്രസ് നേതാവ് കമൽനാഥ് ആരോപിച്ചു. ബ്രേക്ക് ഓയിൽ അടങ്ങിയ മരുന്ന് കുട്ടികള്‍ക്ക് നൽകിയെന്നും കമൽനാഥ് ആരോപിച്ചു. സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമെന്ന് എഎപിയും വിമര്‍ശിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോൾഡ്രിഫ് കഫ് സിറപ്പ് കേരളത്തിലും നിരോധിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ ഉൽപാദിപ്പിച്ച കഫ് സിറപ്പിൽ അനുവദനീയമായതിലും അധികം ഡൈ എത്തിലീൻ ഗ്ലൈക്കോൾ കേന്ദ്ര സംഘം കണ്ടെത്തിയതിന് പിന്നാലെയാണ് കേരളത്തിലും നടപടി. അപകടമുണ്ടാക്കിയതായി കരുതുന്ന എസ്ആർ 13 എന്ന ബാച്ച് കേരളത്തിൽ വിൽപനയ്ക്ക് എത്തിയിട്ടില്ലെന്നാണ് നിഗമനം.
എങ്കിലും ഈ ബ്രാൻഡിന്‍റെ വിൽപ്പന നിരോധിച്ചതായി ഡ്രഗ് കൺട്രോളർ അറിയിച്ചു. ഈ ബ്രാൻഡിന്‍റെ വിൽപന തടയാനായി ആശുപത്രി ഫാർമസികളിലും മെഡിക്കൽ സ്റ്റോറുകളിലും വ്യാപക പരിശോധന നടത്തുന്നുണ്ട്. കഫ് സിറപ്പിന്‍റെ സാമ്പിളുകൾ എടുത്ത് പരിശോധന നടത്തുമെന്നും ഡ്രഗ് കൺട്രോളർ അറിയിച്ചു. മറ്റ് ബ്രാൻഡുകളുടെ സാമ്പിളുകളും ശേഖരിക്കും. കേരളത്തിൽ നിർമിക്കുന്ന ബ്രാൻഡുകളുടെയും സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തും.