play-sharp-fill
മദ്യപിച്ച് വാഹനമോടിച്ച് പിടിയിലാകുന്നവരുടെ രക്തം പരിശോധിക്കാൻ ആരുടേയും സമ്മതം വേണ്ട ; പൊലീസിന് ഗുരുതര വീഴ്ച : ജസ്റ്റിസ് കെമാൽ പാഷ

മദ്യപിച്ച് വാഹനമോടിച്ച് പിടിയിലാകുന്നവരുടെ രക്തം പരിശോധിക്കാൻ ആരുടേയും സമ്മതം വേണ്ട ; പൊലീസിന് ഗുരുതര വീഴ്ച : ജസ്റ്റിസ് കെമാൽ പാഷ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ഐ.എ.എസ്.ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാദ്ധ്യമപ്രവർത്തകനായ കെ.എം ബഷീർ മരണപ്പെട്ട സംഭവത്തിൽ കേസ് അന്വേഷണം നടത്തുന്ന പൊലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്ന് ജസ്റ്റിസ് കെമാൽ പാഷ. പൊതുജനത്തിന്റെ സ്വത്തിനും ജീവനും സുരക്ഷ നൽകേണ്ട പൊലീസ് പല കേസുകളിലും നട്ടെല്ല് പണയം വച്ചവരായി മാറിയെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിന് കാരണമായ കാർ ഓടിച്ചിരുന്നത് ശ്രീറാമിനൊപ്പമുണ്ടായിരുന്ന സ്ത്രീയായിരുന്നു എന്നാണ് ആദ്യം പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ അപകടമുണ്ടായ ഉടനെ ടാക്‌സി കാറിൽ ഇവരെ വീട്ടിലേക്ക് പറഞ്ഞുവിട്ട പൊലീസ് നടപടിയേയും കെമാൽ പാഷ വിമർശിച്ചു. വാഹനം ഓടിച്ചത് സ്ത്രീയായിരുന്നുവെങ്കിൽ അവരെ അപ്പോൾ തന്നെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു വേണ്ടത്.

എന്നാൽ പിന്നീട് കാർ ശ്രീറാം വെങ്കിട്ടരാമനാണ് ഓടിച്ചിരുന്നതെന്ന് ദൃക്‌സാക്ഷി മൊഴിയുണ്ടായിട്ടും പൊലീസ് ഇരുട്ടിൽ തപ്പുന്ന നിലപാടാണ് സ്വീകരിച്ചത്. ഐ.എ.എസ് ഉദ്യോഗസ്ഥൻ മദ്യപിച്ചിരുന്നതായി സംശയമുണ്ടായെങ്കിലും വൈദ്യ പരിശോധന നടത്താൻ പോലും പൊലീസ് തയ്യാറായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് കാരണമായി ശ്രീറാം രക്തമെടുക്കാൻ സമ്മതിച്ചില്ലെന്ന വാദമാണ് പൊലീസ് ഉയർത്തിയത്. എന്നാൽ കുറ്റകൃത്യത്തിൽ ഏർപ്പെട്ടയാളുടെ സമ്മതം ചോദിക്കേണ്ട ആവശ്യം പൊലീസിനില്ലെന്നും വേണ്ടിവന്നാൽ പരിശോധന നടത്താൻ ബലം പ്രയോഗിക്കുവാൻ പോലും പൊലീസിന് അധികാരമുണ്ടെന്നും ജസ്റ്റിസ് കെമാൽ പാഷ പറയുന്നു. മദ്യപിച്ച് വാഹനം ഓടിച്ച് മറ്റൊരാളുടെ ജീവനെടുക്കുന്നത് ജാമ്യം പോലും ലഭിക്കാത്ത കുറ്റമാണെന്നും നരഹത്യയ്ക്ക് പൊലീസിന് കേസെടുക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസം നഷ്ടമാക്കുന്ന നടപടിയാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നതെന്നും ജസ്റ്റിസ് കെമാൽ പാഷ തുറന്നടിച്ചു.

അതേസമയം അന്വേഷണത്തിന്റെ തുടക്കത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ചയിൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ശ്രീറാം വെങ്കിട്ടരാമന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. വൈദ്യപരിശോധനയ്ക്കായി രക്തസാമ്പിൾ ശേഖരിക്കുകയും ചെയ്തു.