play-sharp-fill
സംസ്ഥാനത്തെ ആദ്യ ഹരിത സമൃദ്ധി ബ്ലോക്കായി മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

സംസ്ഥാനത്തെ ആദ്യ ഹരിത സമൃദ്ധി ബ്ലോക്കായി മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

സ്വന്തം ലേഖകൻ

കോട്ടയം : സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ്ണ ഹരിത സമൃദ്ധി ബ്ലോക്ക് പഞ്ചായത്ത് എന്ന നേട്ടവുമായി ജില്ലയിലെ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്. ഹരിത കേരളം മിഷന്റെയും കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും ഹരിത സഹായ സ്ഥാപനമായ സോഷ്യോ ഇക്കണോമിക് യൂണിറ്റിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച ‘വൃത്തിയാക്കാം വിത്തിറക്കാം’ ഹരിത കാമ്പയിനിലൂടെയാണ് മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിനും ബ്ലോക്ക് പരിധിയിലുള്ള തൃക്കൊടിത്താനം, വാഴപ്പള്ളി, വാകത്താനം, പായിപ്പാട്, മാടപ്പള്ളി ഗ്രാമപഞ്ചായത്തുകൾക്കും ഈ നേട്ടം കൈവരിക്കാനായത്


ശുചിത്വ മിഷനും കുടുംബശ്രീയും പദ്ധതിയിൽ പങ്കാളികളായി.കാമ്പയിൻ പ്രവർത്തങ്ങളുടെ അടിസ്ഥാനത്തിൽ മികച്ച പഞ്ചായത്തും, സി ഡി എസുമായി തിരഞ്ഞെടുത്ത തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിനുള്ള ഉപഹാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ രാജു ജില്ലാ കൃഷി ഓഫീസർ സലോമി തോമസിൽനിന്നും ഏറ്റുവാങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി എല്ലാ വാർഡുകളിലും മിനി എം സി എഫുകൾ സ്ഥാപിച്ച വാഴപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാത്യു തോമസ് പ്ലാമൂട്ടിലിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ ആദരിച്ചു.

2010ലെ മികച്ച യുവ നെൽകർഷക അവാർഡ് ജേതാവും ചലച്ചിത്ര താരവുമായ കൃഷ്ണപ്രസാദ് മുഖ്യാതിഥിയായി ഹരിതകേരളം മിഷൻ സംസ്ഥാന ഉപാധ്യക്ഷ ഡോ. ടി എൻ സീമ വീഡിയോ സന്ദേശം നൽകി.മാടപ്പള്ളി ബ്ലോക്കിന് കീഴിലുള്ള അഞ്ച് ഗ്രാമപഞ്ചായത്തുകളിലും പ്രവർത്തിക്കുന്ന ഹരിത കർമസേനയുടെ ഹരിത സേവ കേന്ദ്രം പ്രഖ്യാപനം എസ് ഇ യു എഫ് അസി. ഡയറക്ടർ ശ്രീമതി ലിസി പോൾ നിർവഹിച്ചു.

പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിലെ എല്ലാ വീടുകളിലും ഏതെങ്കിലും രണ്ടു പച്ചക്കറിയിനങ്ങളെങ്കിലും കൃഷി ചെയ്യുന്നുണ്ട്. പൂട്ടിക്കിടക്കുന്നതും താമസമില്ലാത്തതും കൃഷിസാധ്യമല്ലാത്തുമായ വീടുകളെ ഒഴിവാക്കിയിട്ടുണ്ട്.

ബ്ലോക്ക് പഞ്ചായത്തിലെ 48433 വീടുകളിൽ 41380 വീടുകളിലും കൃഷി ചെയ്യുന്നുണ്ട്. തൃക്കൊടിത്താനം 8969, പായിപ്പാട് 6192, വാഴപ്പള്ളി 8644, വാകത്താനം 9028, മാടപ്പള്ളി 8547 എന്നിങ്ങനെയാണ് ഗ്രാമപഞ്ചായത്തുകളിൽ കൃഷി ചെയ്യുന്ന വീടുകളുടെ എണ്ണം.

ഹരിതകേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ പി. രമേഷ്, ശുചിത്വ മിഷൻ അസി. കോർഡിനേറ്റർ ഷാജി ജേക്കബ് മാടപ്പള്ളി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ എം.ഇ. ഷാജി, ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ മീനു ചാക്കോ എന്നിവർ ഗ്രാമ പഞ്ചായത്തുകൾക്കുള്ള അംഗീകാരപത്രം വിതരണം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺസൺ അലക്‌സാണ്ടർ,സ്ഥിരം സമതി അധ്യക്ഷൻ അലക്‌സാണ്ടർ, അംഗങ്ങളായ എബി വർഗീസ്, സജി ജോർജ് അച്ചാമ്മ മാത്യു, സൈന തോമസ്, സുനിത സുരേഷ്, രജനി സാബു, റാണി ജോസഫ്, വാകത്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് ചന്ദ്രൻ, പായിപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസഫ്, മാടപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലൈസാമ്മ ദേവസ്യ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ അനൂപ് ചന്ദ്രൻ, ജി.ഇ.ഒ വിപിൻകുമാർ തുടങ്ങിയവർ പങ്കെടുത്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാഖി കലേഷ്‌കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഔദ്യോഗിക പ്രഖ്യാപനം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ നിർവഹിച്ചു.