
ചങ്ങനാശേരി: സില്‍വർലൈൻ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സർക്കാർ പ്രഖ്യാപനത്തിനെതിരേ രംഗത്തെത്തി മാടപ്പള്ളിയിലെ സമരസമിതി.
കോട്ടയം ജില്ലയുടെ അതിർത്തിയായ മാടപ്പള്ളി വള്ളോക്കുന്ന് പാറയ്ക്കൽ കൃഷ്ണൻ നായരുടെ പുരയിടത്തിൽ 2022 മാര്‍ച്ച് 17ന് സിൽവർലൈൻ സർവേയുടെ ഭാഗമായി മഞ്ഞക്കുറ്റികൾ സ്ഥാപിക്കാനെത്തിയ സംഘത്തെ മാടപ്പള്ളി റീത്തുപള്ളി ജംഗ്ഷനിൽ രാവിലെ 8.30ന് മനുഷ്യമതിൽ തീർത്ത് നാട്ടുകാര്‍ തടഞ്ഞുനിർത്തി.
ഉച്ചക്ക് 1.30വരെ പ്രതിരോധം സമാധാനപരമായി തുടര്‍ന്നു.
1.30ഓടെ അന്നത്തെ ചങ്ങനാശേരി ഡിവൈഎസ്പി ശ്രീകുമാറിന് ഉന്നതാധികൃതരില്നിന്നും ലഭിച്ച നിര്‍ദേശത്തെത്തുടര്‍ന്ന് സമരനേതാക്കളായ ബാബു കുട്ടൻചിറ, വി.ജെ. ലാലി, മിനി കെ. ഫിലിപ്പ്, റോസിലിൻ ഫിലിപ്പ് തുടങ്ങിയവരെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കി. ഒരു മഞ്ഞക്കുറ്റിയെങ്കിലും സ്ഥാപിക്കണമെന്ന് പോലീസ് ശാഠ്യം പിടിച്ചതോടെ സംഘർഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു.
ഇതോടെ കൂടുതൽ പോലീസ് സ്ഥലത്തെത്തി. അതേത്തുടർന്ന് നാടിന്റെ നാനാഭാഗത്തുനിന്നുള്ളവരും സ്ഥലത്തേക്ക് പ്രവഹിച്ചു. തുടർന്ന് പോലീസ് സ്ത്രീകള്‍ അടക്കമുള്ള സമരക്കാരെ അറസ്റ്റ് ചെയ്ത് തൃക്കൊടിത്താനം സ്റ്റേഷനിലെത്തിച്ചു. അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കാൻ യുഡിഎഫ്, ബിജെപി നേതാക്കളുടെ സമ്മര്‍ദവും ഇടപെടലും വേണ്ടിവന്നു. സ്ത്രീകളെ റോഡിലൂടെ വലിച്ചിഴച്ചത് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. സംഭവം മാധ്യമങ്ങള്‍ വലിയ വാർത്തയാക്കുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പന്തൽ കെട്ടി സ്ഥിരം സമരം 2022 ഏപ്രിൽ 20 മുതൽ
2022 ഏപ്രില്‍ 20ന് റീത്തുപള്ളി ജംഗ്ഷനിൽ പന്തല്‍ കെട്ടി സ്ഥിരം സമരം തുടങ്ങി. ഈ സമരം ഒരു ദിനം പോലും മുടങ്ങാത്ത സമരം ഇന്ന് 1321-ാം ദിവസത്തിലേക്കു കടക്കുകയാണ്. വിവിധ ദിനങ്ങളിലെ സമരങ്ങളില്‍ 99 രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാമുദായിക സംഘടനകളും നേതാക്കളും പങ്കെടുത്തതോടെ പോരാട്ടം സംസ്ഥാന ശ്രദ്ധ നേടി. പദ്ധതിയുടെ ഡിപിആറിന് കേന്ദ്രാനുമതി ലഭിച്ചതുമില്ല. ഇതോടെ പദ്ധതിയില്‍നിന്നും സര്‍ക്കാര്‍ പിന്നോക്കം പോയിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയുടെയും എല്‍ഡിഎഫ് കൺവീനറുടെയും കഴിഞ്ഞദിവസത്തെ പ്രസ്താവനകളാണ് സിൽവർ ലൈൻ വിരുദ്ധ സമിതികൾക്ക് ജീവന് വയ്പിച്ചത്.
സര്‍ക്കാർ വിജ്ഞാപനം പിൻവലിക്കണം; കേസുകൾ റദ്ദ് ചെയ്യണം
പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിനായി നിര്‍ദിഷ്ട പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങളിലെ ബ്ലോക്ക് നമ്പറുകളും സർവേ നമ്പറുകളും ഉൾപ്പെടുത്തി 2021 ഓഗസ്റ്റ് 18നും ഒക്ടോബര്‍ 30നുമായി കേരള സര്‍ക്കാർ പുറത്തിറക്കിയ വിജ്ഞാപനം പിൻവലിക്കണം. ഇതു നിലനില്‍ക്കുന്നതിനാല്‍ വസ്തുവിന്റെ ക്രയവിക്രയമോ ബാങ്ക് വായ്പകളോ ലഭ്യമാകുന്നില്ല. പല കുടുംബങ്ങളിലെയും മക്കളുടെയും വിദ്യാഭ്യാഭ്യാസവും വിവാഹവും ബുദ്ധിമുട്ടിലാണ്.
ഇതുമായി ബന്ധപ്പെട്ട് പോലീസ് എടുത്തിരിക്കുന്ന കേസുകൾ പലർക്കും പ്രതിസന്ധിയാണ്. ഈ കേസുകൾ എത്രയും വേഗം പിന്‍ലിക്കണം. കേസുകള്‍ പിൻലിക്കണമെന്ന ആവശ്യം നിയമസഭയിൽഎത്തിയിട്ടും മുഖ്യമന്ത്രി പരിഗണിച്ചില്ല. നിരവധി കേസുകൾ പിഴയടച്ചു തീര്‍പ്പാക്കി. ഇനിയും 11 കേസുകൾ നിലനില്‍ക്കുന്നുണ്ട്. സിൽ വൻലൈൻ പദ്ധതിയുമായി മുമ്ബോട്ടു പോകാനുള്ള സര്‍ക്കാര്‍ തീരുമാനം കേരള ജനതയെ അണിനിരത്തി എതിർക്കുമെന്ന് സിൽവർ ലൈൻ വിരുദ്ധ സമിതി ചെയർമാൻ ബാബു കുട്ടൻചിറ പറഞ്ഞു.



