
“ഈ വാഹനത്തിന്റെ ഇന്നത്തെ വരുമാനം വയനാട്ടിലെ ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ഡിവൈഎഫ്ഐ നിർമിച്ചുനൽകുന്ന വീടുകൾക്കു വേണ്ടി’ ബാനർ കെട്ടി സർവീസ് നടത്തി, മാള കല്ലേറ്റുംകരയിലെ പതിനഞ്ച് ഓട്ടോകൾ
തൃശൂർ : “ഈ വാഹനത്തിന്റെ ഇന്നത്തെ വരുമാനം വയനാട്ടിലെ ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ഡിവൈഎഫ്ഐ നിർമിച്ചുനൽകുന്ന വീടുകൾക്കു വേണ്ടി’ എന്നെഴുതിയ ബാനർ ഓട്ടോയിൽ കെട്ടിയാണ് ബുധനാഴ്ച മാള കല്ലേറ്റുംകരയിലെ പതിനഞ്ച് ഓട്ടോകൾ സർവീസ് നടത്തിയത്. ഓട്ടോയ്ക്കുള്ളിൽ കുടുക്കയും സ്ഥാപിച്ചു.
ഓട്ടോയിൽ കയറിയവരോടെല്ലാം ഡിവൈഎഫ്ഐ വയനാട് ദുരിതബാധിതർക്ക് വീടുവച്ചു നൽകുന്ന കാര്യം പങ്കുവച്ചു. ചിലർ ഓട്ടോ ചാർജും മറ്റു ചിലർ അതിൽ കൂടുതലും കുടുക്കയിൽ നിക്ഷേപിച്ചു.ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (സിഐടിയു) അംഗങ്ങളായ ടി എസ് ഷാജു, പി എസ് അനീഷ്, പി എം രാജു, ടി എ ലത്തീഫ്, ബി ആർ റിയാസ്, ടി വി ഷാജു, എം എസ് ഷിനോജ് , പി സി ഷാജഹാൻ, ടി എച്ച് ഷനീർ, കെ എസ് മുഫീദ് തുടങ്ങിയവരാണ് ഓട്ടോ സർവീസ് നടത്തിയത്. രാവിലെ മുതൽ വൈകിട്ട് 6.30വരെ സർവീസ് നടത്തി ലഭിച്ച വരുമാനമാണ് കൈമാറിയത്.
വയനാട് ദുരിതബാധിതർക്ക് സ്നേഹ വീടൊരുക്കാൻ ഡിവൈഎഫ്ഐ തൊഴിലെടുത്തും പാഴ് വസ്തുക്കൾ വിറ്റും പണം സമാഹരിക്കുമ്പോൾ അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ ഓട്ടോ ഹീറോകൾ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
