വിദേശ ആഡംബര വിനോദ കപ്പൽ കൊച്ചിയിലെത്തി
സ്വന്തം ലേഖകൻ
കൊച്ചി: കേരളത്തിലെ സമുദ്ര വിനോദസഞ്ചാര സീസണ് ആരംഭം കുറിച്ച് കരീബിയൻ കടലിലെ ബഹാമാസ് ദ്വീപസമൂഹം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എംവി ബൂദിക്ക എന്ന ആഡംബര വിനോദസഞ്ചാരക്കപ്പൽ കൊച്ചിയിലെത്തി. വിവിധ രാജ്യങ്ങളിൽനിന്നുള്ള 506 വിനോദസഞ്ചാരികളാണ് കപ്പലിലുള്ളത്. ഒക്ടോബർ നാലിന് അബുദാബിയിൽനിന്ന് പുറപ്പെട്ട കപ്പൽ മുംബൈ, ഗോവ വഴിയാണ് കൊച്ചിയിലെത്തിയത്. കപ്പലിറങ്ങിയ യാത്രക്കാർക്ക് ഞായറാഴ്ച രാവിലെ ആറരയ്ക്ക് എറണാകുളം വാർഫിൽ വനിതകൾ അവതരിപ്പിച്ച ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ വരവേൽപ്പ് നൽകി. കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങൾ കോർത്തിണക്കിയ കാലിഡോസ്‌കോപ്പ് എന്ന പരിപാടിയും അവതരിപ്പിച്ചു.
ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, ആലപ്പുഴ എന്നിവിടങ്ങൾ സഞ്ചാരികൾ സന്ദർശിക്കും. കൊച്ചിയിൽനിന്ന് തിങ്കളാഴ്ച വൈകിട്ട് യാത്രതിരിച്ച് കപ്പൽ ചൊവ്വാഴ്ച രാവിലെ എട്ടോടെ വിഴിഞ്ഞത്ത് എത്തും. അവിടെനിന്ന് വൈകിട്ട് കൊളംബോയ്ക്ക് പുറപ്പെടും. കേരളത്തിലെ സമുദ്ര വിനോദസഞ്ചാര സീസണിന് തുടക്കംകുറിച്ചെത്തിയ ആദ്യ ആഡംബരക്കപ്പൽ പ്രളയാനന്തരം തിരിച്ചുവരവ് നടത്തിയ കേരളത്തിലെ വിനോദസഞ്ചാരത്തിനും ആഭ്യന്തര, അന്തർദേശീയ വിനോദസഞ്ചാരികളെ കേരളത്തിലേക്കെത്തിക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങൾക്കും ഊർജം പകരുമെന്ന് ടൂറിസംവകുപ്പ് സെക്രട്ടറി റാണി ജോർജ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group