play-sharp-fill
എം ടെക് വിദ്യാർത്ഥിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ ; പൊലീസ് അന്വേഷണം ആരംഭിച്ചു

എം ടെക് വിദ്യാർത്ഥിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ ; പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ

കഴക്കൂട്ടം : തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിലെ (സി.ഇ.ടി) രണ്ടാം വർഷ എം.ടെക് വിദ്യാർത്ഥിയുടെ മൃതദേഹം കാര്യവട്ടം കാമ്പസിലെ മലയാളം വിഭാഗത്തിന് പിന്നിലുള്ള കുറ്റിക്കാട്ടിൽ അഴുകിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് വടകര പുത്തൂർ വരതയിൽ പത്മനാഭൻ – ഷൈലജ ദമ്പതികളുടെ മകൻ ശ്യാൻ പത്മനാഭനാണ് (26) മരിച്ചത്. മൃതദേഹത്തിന് ഏഴുദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. ലക്ഷ്യ സ്ഥാനത്തെത്താൻ കഴിയാത്തതിലുള്ള മനഃപ്രയാസമാണ് മരണത്തിന് കാരണമെന്നുള്ള ആത്മഹത്യാ കുറിപ്പ് മൃതദേഹത്തിനരികിൽ നിന്ന് പൊലീസ് കണ്ടെത്തി.
രൂക്ഷമായ ദുർഗന്ധമുണ്ടായതിനെ തുടർന്ന് കോളേജിലെ സെക്യൂരിറ്റി ജീവനക്കാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കാണപ്പെട്ടത്. ഏഴുദിവസം മുമ്പ് ശ്യാനിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ കഴക്കൂട്ടം പൊലീസിന് പരാതി നൽകിയിരുന്നു. രണ്ടു വർഷത്തിലേറെയായി പാങ്ങപ്പാറ ഡയമണ്ട് ഡിസ്ട്രിക്ട് വാലി എന്ന ഫ്‌ളാറ്റിൽ മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന ശ്യാനിനെ കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് മുതലാണ് കാണാതാകുന്നത്.
ലൈബ്രറിയിൽ പോകാനായി വീട്ടിൽ നിന്നിറങ്ങിയ ശേഷമാണ് കാണാതായത്. തുടർന്ന് ശ്യാനിന്റെ മൊബൈൽ ഫോണിൽ വിളിച്ചപ്പോൾ റിംഗ് ചെയ്തെങ്കിലും എടുത്തിരുന്നില്ല. പൊലീസ് മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ കാര്യവട്ടം കാമ്പസിന്റെ പരിസരത്താണ് സിഗ്‌നൽ കാണിച്ചത്. തുടർന്ന് കാമ്പസിലെ കാട്ടിൽ പൊലീസും ഡോഗ് സ്‌ക്വാഡും തെരച്ചിൽ നടത്തിയിരുന്നു. ശ്യാൻ ഏറെക്കാലമായി മാനസിക പിരിമുറുക്കത്തിനുള്ള മരുന്ന് കഴിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.