
തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. ക്യാമ്പസുകളില്‍ ജാതിവിവേചനം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് ആവശ്യപ്പെട്ടു. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒന്നാം വര്‍ഷ ബി.ഡി.എസ് വിദ്യാര്‍ത്ഥിയായ നിതിന്‍ രാജിന്റെ ആത്മഹത്യ അതീവ ദുഃഖകരമാണെന്നും, വകുപ്പ് മേധാവി ഉള്‍പ്പെടെയുള്ള ചില അധ്യാപകര്‍ ജാതി അധിക്ഷേപവും മാനസിക പീഡനവും നടത്തിയിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ഗൗരവമായി പരിശോധിക്കണമെന്നും ശിവപ്രസാദ് വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത അന്തരീക്ഷം ഒരുക്കേണ്ട അധ്യാപകര്‍ തന്നെ വിവേചനത്തിന് നേതൃത്വം നല്‍കുന്നത് ഗുരുതര പ്രശ്നമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിഷയത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറും രംഗത്തെത്തി. സംസ്ഥാന പൊലീസ് മേധാവിക്കും പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷനും പരാതി നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. ഈ മാസം 10നാണ് നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചത്. ജാതിയുമായി ബന്ധപ്പെട്ട അധിക്ഷേപവും മാനസിക പീഡനവും നേരിടുന്നുവെന്ന് നിതിന്‍ മുന്‍പ് വീട്ടില്‍ അറിയിച്ചിരുന്നുവെന്നും കുടുംബം പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


