
പത്തനംതിട്ട: ശബരിമല ട്രാക്ടര്‍ യാത്രയില്‍ എഡിജിപി എം.ആര്‍ അജിത്കുമാറിനെ രക്ഷിക്കാന്‍ കേരള പോലീസ് ഒന്നടങ്കം രംഗത്ത്.
ഇതിനായി പമ്പ പോലീസ് തയാറാക്കിയത് വിചിത്രമായ എഫ്‌ഐആര്‍. ട്രാക്ടര്‍ ഓടിച്ച പോലീസുകാരന്‍ ഒഴികെ എല്ലാവരും എഫ്‌ഐആറില്‍ അജ്ഞാതരാണ്. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരമാണ് കേസെടുക്കുന്നത് എന്ന് എസ്‌എച്ച്‌ഓ എഫ്‌ഐആറില്‍ പറയുന്നുണ്ട്.
പക്ഷേ, വാഹനത്തിലുണ്ടായിരുന്ന പോലീസ് ഉന്നതനെ എസ്‌എച്ച് സി.കെ. മനോജിന് ഇതുവരെ മനസിലായിട്ടില്ല. പ്രതിപ്പട്ടികയിൽ ട്രാക്ടര്‍ ഓടിച്ച ഡ്രൈവര്‍ മാത്രമാണുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവല്ല സ്‌റ്റേഷനില്‍ നിന്നും ശബരിമല സ്പെഷല്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട വിവേക് എന്ന പോലീസ് ഡ്രൈവറാണ് ട്രാക്ടര്‍ ഓടിച്ചിരുന്നത്. ഇയാള്‍ക്ക് ട്രാക്ടര്‍ ഓടിക്കാനുള്ള ലൈസന്‍സ് ഉണ്ടോയെന്ന കാര്യവും പരിശോധിക്കേണ്ടതാണ്.
ശബരിമല നവഗ്രഹപൂജയ്ക്കായി നട തുറന്ന സമയത്ത് വന്ന പോലീസ് ഉന്നതന്‍ ട്രാക്ടറില്‍ സന്നിധാനത്തേക്ക് പോയി മടങ്ങി എന്ന മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത് എന്നാണ് പ്രഥമ വിവര റിപ്പോര്‍ട്ടില്‍ എസ്‌എച്ച്‌ഒ എഴുതിയിട്ടുള്ളത്. 12 ന് രാത്രി 9.05 ന് സ്വാമി അയ്യപ്പന്‍ റോഡില്‍ നിന്ന് സന്നിധാനത്തേക്ക് കോടതി ഉത്തരവ് ലംഘിച്ച് മൂന്നു പേരുമായി ട്രാക്ടര്‍ പാഞ്ഞു. 13 ന് ഉച്ചയ്ക്ക് 1.40 ന് രണ്ടു പേരെ കയറ്റി സ്വാമി അയ്യപ്പന്‍ റോഡു വഴി പമ്പയിലേക്ക് പാഞ്ഞു. ഈ പറയുന്ന അഞ്ചു പേരില്‍ ഡ്രൈവര്‍ ഒഴികെയുള്ളത് ആരെന്ന് കണ്ടെത്താന്‍ എസ്‌എച്ച്‌ഓയ്ക്ക കഴിഞ്ഞിട്ടില്ല.
ട്രാക്ടറുമായി സന്നിധാനത്തേക്ക് പോകാന്‍ ഡ്രൈവര്‍ വിവേകിനോട് നിര്‍ദേശിച്ചത് പമ്പ എസ്.എച്ച്.ഓ സി.കെ. മനോജാണ്. ഇക്കാര്യം വെഹിക്കിള്‍ ഡ്യൂട്ടി രജിസ്റ്ററില്‍ ഡ്രൈവര്‍ വിവേക് എഴുതിയിട്ടുണ്ട്. സ്വാമി അയ്യപ്പന്‍ റോഡില്‍ ചെളിക്കുഴിക്ക് സമീപം മങ്കി ക്യാപും ധരിച്ച് തല വഴി കറുത്ത മുണ്ടും മൂടി നിന്ന എ.ഡി.ജിപിയെയും കയറ്റി പോവുകയാണ് ഉണ്ടായത്.
പാവം പൊലീസുകാരനെ ബലിയാടാക്കി തൊപ്പി തെറിപ്പിച്ച് കൊണ്ട് തലയൂരാനാണ് പൊലീസ് ഉന്നതരുടെ ശ്രമം.