
തിരുവനന്തപുരം: മാവേലിക്കര മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എം. മുരളി (73) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പതിവ് ആരോഗ്യ പരിശോധനയ്ക്കായി കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിച്ചത്. തുടർന്ന് ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
ചെന്നിത്തല ചെറുകോൽ സ്വദേശിയായ മുരളി ഏകദേശം 20 വർഷത്തോളം മാവേലിക്കര മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചു. 1991 മുതൽ തുടർച്ചയായി നാല് തവണ വിജയിച്ച് മണ്ഡലത്തിന്റെ വിശ്വാസം നേടിയ നേതാവായിരുന്നു. നിയമസഭയിൽ ഏറ്റവും കൂടുതൽ സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി തേടിയ അംഗം എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തനത്തിലേക്ക് കടന്നത്. കെ.എസ്.യു ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായി 1972–77 കാലഘട്ടത്തിൽ പ്രവർത്തിച്ചു. തുടർന്ന് സംസ്ഥാന വൈസ് പ്രസിഡന്റായും ജനറൽ സെക്രട്ടറിയായും പിന്നീട് സംസ്ഥാന പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
1991ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് സിപിഎമ്മിന്റെ എസ്. ഗോവിന്ദക്കുറുപ്പിനെ പരാജയപ്പെടുത്തിയാണ് ആദ്യ വിജയം നേടിയത്. 2011 വരെ മാവേലിക്കര എംഎൽഎയായി തുടർന്നു. അതേ വർഷം കായംകുളം മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും വിജയം നേടാനായില്ല.
ദീർഘകാല രാഷ്ട്രീയ-സാമൂഹിക പ്രവർത്തനങ്ങളിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ മുരളിയുടെ നിര്യാണം രാഷ്ട്രീയ-സാമൂഹിക രംഗത്തിന് വലിയ നഷ്ടമായി വിലയിരുത്തപ്പെടുന്നു.



