
ഇടുക്കി: ഇടുക്കി ഉടുമ്പന്‍ ചോലയില്‍ മുതിര്‍ന്ന സിപിഎം നേതാവും എംഎല്‍എയുമായ എംഎം മണിയെ തന്നെ മത്സരിപ്പിക്കാന്‍ സിപിഎമ്മില്‍ ധാരണ.
അനാരോഗ്യം കണക്കിലെടുത്ത് മറ്റുപേരുകള്‍ പരിഗണിച്ചിരുന്നെങ്കിലും എംഎം മണി മത്സരിച്ചാല്‍ വിജയം ഉറപ്പാണെന്ന വിലയിരുത്തലിലാണ് സിപിഎം ഇടുക്കി ജില്ലാ ഘടകം.
രണ്ട് ടേം വ്യവസ്ഥകളില്‍ ഇളവ് നല്‍കണമെന്ന കാര്യം ജില്ലാ ഘടകം സിപിഎം സംസ്ഥാന കമ്മിറ്റിയെ അറിയിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഉടുമ്പന്‍ ചോലയില്‍ വലിയ തിരിച്ചടിയാണ് നേരിട്ടത്. പത്ത് പഞ്ചായത്തുകളില്‍ പത്തും എല്‍ഡിഎഫിനൊപ്പമായിരുന്നെങ്കില്‍ ഇത്തവണ അഞ്ചെണ്ണം യുഡിഎഫ് പിടിച്ചെടുത്തു. ഈ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് സിപിഎം എംഎം മണിയെ തന്നെ കളത്തിലിറക്കാനുള്ള തീരുമാനം. മണിയിലൂടെ മണ്ഡലം നിലനിര്‍ത്താനാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.
2016-ല്‍ വെറും 1109 വോട്ടുകള്‍ക്കായിരുന്നു മണിയുടെ ജയം. എന്നാല്‍ ആ ഭൂരിപക്ഷം പതിനായിരങ്ങള്‍ വര്‍ധിപ്പിച്ച് 2021-ല്‍ മിന്നുംജയം നേടി.38,000-ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എംഎം മണി ഉടുമ്പന്‍ചോല മണ്ഡലം നിലനിര്‍ത്തിയത്. കഴിഞ്ഞ പത്ത് വര്‍ഷമായി മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റാന്‍ എംഎം മണിക്ക് കഴിഞ്ഞിട്ടുണ്ട്. വികസനം വോട്ടാക്കി മാറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സിപിഎം. ശാരീരികാവശതകള്‍ അലട്ടിയിരുന്നെങ്കിലും ആരോഗ്യം വീണ്ടെടുത്ത് എംഎം മണി മണ്ഡലത്തില്‍ സജീവമായിട്ടുണ്ട്.




