സോളാര്‍ വൈദ്യുതി ഉത്പാദനം 1000 മെഗാവാട്ട് കൈവരിക്കും: മന്ത്രി എം. എം മണി
സ്വന്തംലേഖകൻ
കോട്ടയം : സോളാര്‍ വൈദ്യുതി ഉത്പാദനത്തില്‍ സംസ്ഥാനം 1000 മെഗാവാട്ട് എന്ന ലക്ഷ്യം കൈവരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി പറഞ്ഞു. ചങ്ങനാശ്ശേരി ഇലക്ട്രിക്കല്‍ ഡിവിഷന്‍ ശിലാസ്ഥാപനത്തിന്റെ ഉദ്ഘാടനം പി.എം.ജെ കോംപ്ലക്സ് ഗ്രൗണ്ടില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കെട്ടിടങ്ങള്‍ക്കു മുകളില്‍ സ്ഥാപിക്കുന്ന സോളാര്‍ പാനലുകളില്‍ നിന്നും 500 മെഗാവാട്ടും ഡാമുകളില്‍ സ്ഥാപിക്കുന്ന ഫ്‌ളോട്ടിംഗ് പാനലുകളില്‍ നിന്നും 500 മെഗാവാട്ടും ആണ് ഉത്പാദനത്തില്‍ ലക്ഷ്യം വെയ്ക്കുന്നത്. നിലവിലുള്ള ജലവൈദ്യുതിയും സോളാര്‍ പാനലില്‍ നിന്നു ലഭിക്കുന്ന വൈദ്യുതിയും കൂടിയായാല്‍ പകല്‍ സമയത്തെ വൈദ്യുതി ലഭ്യതയില്‍ സ്വയം പര്യാപ്തത നേടാനാവും. ഇടുക്കിയില്‍ രണ്ടാമതൊരു ഡാമിന്റെ നിര്‍മ്മാണം കൂടി പരിഗണനയിലുണ്ട്. രാത്രികാല ഉത്പാദനം മാത്രം ലക്ഷ്യം വെയ്ക്കുന്ന പുതിയ ഡാം യാഥാര്‍ത്ഥ്യമായാല്‍ രാത്രി സമയത്തെ വൈദ്യുതിയിലും സ്വയംപര്യാപ്തത നേടാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
തിരുവിതാംകൂര്‍ മഹാരാജാവിന്റെ ശംഖുമുദ്ര പതിപ്പിച്ച പഴയ 11 കെവി പവര്‍ ഹൗസ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്താണ് പുതിയ മന്ദിരം നിര്‍മ്മിക്കുന്നത്. പുതിയ കെട്ടിടം നിലവില്‍ വരുന്നതോടെ വാടകയിനത്തിലുള്ള 30,000 രൂപയോളം ലാഭിക്കാനാവും. 70 ലക്ഷം രൂപയുടെ പദ്ധതിയാണിത്. ചങ്ങനാശ്ശേരി ഡിവിഷനു കീഴില്‍ ചങ്ങനാശ്ശേരി, കുറിച്ചി, തെങ്ങണ, തൃക്കൊടിത്താനം, വാകത്താനം, കറുകച്ചാല്‍, പത്തനാട്, മണിമല എന്നീ എട്ട് സെക്ഷന്‍ ഓഫീസുകളും ചങ്ങനാശ്ശേരി, തെങ്ങണ, കറുകച്ചാല്‍ എന്നീ മൂന്ന് സബ് ഡിവിഷന്‍ ഓഫീസുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
സി.എഫ് തോമസ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ എസ്. രാജ്കുമാര്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. കെഎസ്ഇബി ഡയറക്ടര്‍ ബി. ശിവദാസന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കെഎസ്ഇബി ദക്ഷിണ മേഖല ചീഫ് എഞ്ചിനീയര്‍ ജി. മോഹനനാഥ പണിക്കര്‍ സ്വാഗതവും എക്‌സി. എഞ്ചിനീയര്‍ പി. കെ ബാബു നന്ദിയും പറഞ്ഞു.