play-sharp-fill
നീറ്റ് പരീക്ഷയിൽ നിന്ന് വിട്ടുനിൽക്കാൻ സംസ്ഥാനങ്ങളെ അനുവദിക്കണം, പരീക്ഷ റദ്ദാക്കാൻ ഡിഎംകെ യോ​ഗത്തിൽ പ്രമേയം പാസാക്കി

നീറ്റ് പരീക്ഷയിൽ നിന്ന് വിട്ടുനിൽക്കാൻ സംസ്ഥാനങ്ങളെ അനുവദിക്കണം, പരീക്ഷ റദ്ദാക്കാൻ ഡിഎംകെ യോ​ഗത്തിൽ പ്രമേയം പാസാക്കി

ചെന്നൈ: മെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും ഇക്കാര്യം കേന്ദ്ര സർക്കാരിനെ അറിയിക്കണമെന്ന് എം കെ സ്റ്റാലിൻ പറഞ്ഞു. നിയുക്ത ഡിഎംകെ എംപിമാരുടെ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രവേശന പരീക്ഷാ നടത്തിപ്പിൽ വൻ ക്രമക്കേടുകൾ നടന്ന സാഹചര്യത്തിൽ നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ഡിഎംകെ എംപിമാരുടെ യോഗം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. എം കെ സ്റ്റാലിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രമേയം പാസാക്കി.

നീറ്റ് പരീക്ഷയിൽ നിന്ന് വിട്ടുനിൽക്കാൻ സംസ്ഥാനങ്ങളെ അനുവദിക്കണം. വിഷയം പാർലമെന്‍റിൽ ഉന്നയിക്കുമെന്നും പ്രമേയത്തിൽ പറയുന്നു. പാർലമെന്‍റ് സമുച്ചയത്തിന്‍റെ സുരക്ഷയ്ക്കായി പാർലമെന്‍റ് സെക്യൂരിറ്റി സർവീസിന് (പിഎസ്എസ്) പകരം സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനെ (സിഐഎസ്എഫ്) ഉൾപ്പെടുത്താനുള്ള കേന്ദ്രത്തിന്‍റെ തീരുമാനത്തെ മറ്റൊരു പ്രമേയത്തിൽ അപലപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനങ്ങളാൽ തെരെഞ്ഞെടുക്കപ്പെടുന്ന എംപിമാരുടേതാണ് പാർലമെന്‍റ്. പൊതുസ്ഥലങ്ങളിലെയും പാർലമെന്‍റിലെയും സുരക്ഷാ ക്രമീകരണങ്ങള്‍ തമ്മിൽ വലിയ അന്തരമുണ്ട്. പാർലമെന്‍റിലെ നിലവിലെ അംഗങ്ങളെയും മുൻ അംഗങ്ങളെയും തിരിച്ചറിയാനും ഇടപെടാനും പിഎസ്എസിന് പരിശീലനം ലഭിച്ചിട്ടുണ്ട്. ചുമതല സിഐഎസ്എഫിന് കൈമാറുന്നത് നിരവധി ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.

പാർലമെന്‍റ് സമുച്ചയത്തിൽ നിന്ന് മഹാത്മാഗാന്ധിയുടെയും ബി ആർ അംബേദ്കറിന്‍റെയും പ്രതിമകൾ നീക്കം ചെയ്തതിനെ യോഗം അപലപിച്ചു. പ്രതിമകള്‍ അതേ സ്ഥലത്ത് പുനഃസ്ഥാപിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

ജിഎസ്ടിയിൽ സംസ്ഥാനത്തിനുണ്ടായ നഷ്ടം നികത്തുന്നതിലും മെട്രോ റെയിൽ പദ്ധതിക്ക് മതിയായ ഫണ്ട് അനുവദിക്കുന്നതിലും എയിംസ് കെട്ടിടം പണിയുന്നതിലും കേന്ദ്ര സർക്കാർ വീഴ്ച വരുത്തിയതിനാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ ജനങ്ങൾ ബിജെപിയെ പരാജയപ്പെടുത്തിയെന്ന് യോഗം വിലയിരുത്തി. കേന്ദ്ര പദ്ധതികളിലും റെയിൽവേ പദ്ധതികളിലും തമിഴ്നാടിന് അർഹതപ്പെട്ട വിഹിതം നൽകിയില്ല. തമിഴ് ജനതയെ കേന്ദ്രം രണ്ടാം തരം പൌരന്മാരായി കണക്കാക്കിയെന്നും യോഗത്തിൽ പരാമർശമുണ്ടായി.