കരൾ പകുത്ത് നൽകിയിട്ടും വാപ്പച്ചി യാത്രയായതിൽ ചങ്കുപൊട്ടി ആമീന
സ്വന്തം ലേഖകൻ
കൊച്ചി: വാപ്പയ്ക്കായി കരൾ പകുത്ത് നൽകിയിട്ടും അദ്ദേഹം യാത്രയായതിൽ മനംനൊന്ത് കരയുകയാണ് അന്തരിച്ച കോൺഗ്രസ് നേതാവ് എം ഐ ഷാനവാസിന്റെ മകൾ അമീന ഷാനവാസ്.
ഗുരുതരമായ കരൾ രോഗത്തെ തുടർന്ന് ഷാനവാസിന് കരൾ മാറ്റിവയ്ക്കൽ അനിവാര്യമായ സാഹചര്യത്തിലായിരുന്നു ജീവനെപ്പോലെ സ്‌നേഹിക്കുന്ന പിതാവിന് കരൾ പകുത്ത് നൽകിയും ജീവൻ രക്ഷിക്കാൻ തയാറായി മകൾ അമീന രംഗത്ത് വന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യം ഷാനവാസ് തന്നെ മകളെ നിരുത്സാഹപ്പെടുത്തിയെങ്കിലും മകളും ഡോക്ടർമാരും കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയതോടെ അദ്ദേഹം വഴങ്ങുകയായിരുന്നു. അങ്ങനെയാണ് കൃത്യം മൂന്നാഴ്ച മുമ്പ് ഒക്ടോബർ 31 ന് ചെന്നൈ ക്രോംപേട്ടിലെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹം ചികിത്സ തേടിയത്. നവംബർ 2 നായിരുന്നു കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്.
പക്ഷേ, അത് പ്രതീക്ഷിച്ചതുപോലെ ഫലം കണ്ടില്ലെന്ന സൂചനയായിരുന്നു പിന്നീടുള്ള ദിവസങ്ങളിലെ ഷാനവാസിന്റെ ആരോഗ്യസ്ഥിതി. അഞ്ചാം തീയതിയോടെ അണുബാധയെ തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കൂടുതൽ മോശമായി. പിന്നീട് വീണ്ടും ആരോഗ്യ സ്ഥിതി അൽപ്പം മെച്ചപ്പെട്ടെങ്കിലും സ്ഥിതി ആശാവഹമല്ലായിരുന്നു.
പലതവണ മാറിമറിഞ്ഞ ആരോഗ്യാവസ്ഥ ഇന്നലെ വൈകുന്നെരത്തോടെ തീർത്തും മോശമാകുകയായിരുന്നു. പുലർച്ചെ ഒന്നരയോടെ അദ്ദേഹം യാത്രയാവുകയും ചെയ്തു. ഇതോടെ കരൾ പകുത്തുനൽകി സ്‌നേഹിച്ചിട്ടും വാപ്പ തങ്ങളെ വിട്ടുപോയ ദുഃഖത്തിലാണ് അമീനയും മറ്റ് കുടുംബാംഗങ്ങളും.