ആഡംബര കാർ കള്ളക്കടത്ത്…! ഭൂട്ടാനിൽ നിന്ന് കടത്തി വിവിധ സംസ്ഥാനങ്ങളിൽ വിറ്റത് 1000 വാഹനങ്ങൾ; കേരളത്തിൽ വാഹനങ്ങൾ വാങ്ങിയവരുടെ പട്ടിക തയാറാക്കി കസ്റ്റംസ്; കോട്ടയം ജില്ലയിൽ കുമാരനല്ലൂരിലും നീണ്ടൂരിലുമായി രണ്ട് വാഹനങ്ങൾ എന്ന് സൂചന

Spread the love

കൊച്ചി: ആഡംബര കാർ കള്ളക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കണ്ടെത്തിയ രേഖകളിലൊന്ന് 2022 സെപ്റ്റംബറിൽ ഹിമാചൽപ്രദേശിലെ വാഹന ഏജന്റ് ഡൽഹി മായാപുരിയിലുള്ള കാർ വിൽപനക്കാരന് ടൊയോട്ട പ്രാഡോ കാർ വിറ്റതിന്റേതാണ്.

ഒരു ലക്ഷം രൂപയ്ക്കായിരുന്നു വിൽപന. ഇതു പിന്നീട് കേരളത്തിൽ 40 ലക്ഷം രൂപയ്ക്കു മറിച്ചുവിറ്റു. ആയിരത്തിനടുത്ത് വാഹനങ്ങൾ ഭൂട്ടാനിൽ നിന്നു കടത്തി ഹിമാചൽപ്രദേശിലും തുടർന്ന് വിവിധ സംസ്ഥാനങ്ങളിലും എത്തിച്ചതിന്റെ രേഖകൾ കസ്റ്റംസിന്റെ പക്കലുണ്ട്. ഇതിൽ 150ൽ അധികം വാഹനങ്ങളാണു കേരളത്തിലെത്തിയത്.

ഈ വാഹനങ്ങൾ ആരൊക്കെ വാങ്ങിയെന്ന പട്ടികയും കസ്റ്റംസ് തയാറാക്കിയിരുന്നു. കോട്ടയത്തും എറണാകുളത്തും കോഴിക്കോട്ടും കൊല്ലത്തും തിരുവനന്തപുരത്തുമൊക്കെ ഈ വാഹനങ്ങൾ ഓടുന്നുണ്ടെന്നു പട്ടിക പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം പേരൂർക്കട, കൊല്ലം സ്വദേശികൾ വാങ്ങിയത് പ്രാഡോ, കൊച്ചി പള്ളുരുത്തി സ്വദേശിയുടേത് നിസാൻ പട്രോൾ, കോട്ടയം കുമാരനല്ലൂർ, നീണ്ടൂർ സ്വദേശികൾ വാങ്ങിയത് ടൊയോട്ട ലാൻഡ് ക്രൂസർ. ഇതേ കാർ വാങ്ങിയവരിൽ അങ്കമാലി, കടവന്ത്ര, കലൂർ സ്വദേശികളുമുണ്ട്.

വിപണിയിൽ ഒന്നും രണ്ടും കോടി രൂപ വരെ വിലയുള്ള കാറുകളാണു പകുതി വിലയ്ക്കു പലരും സ്വന്തമാക്കിയത്.
വാഹനങ്ങൾ പൊളിച്ച് ഏതു കാറാണെന്നു തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ കണ്ടെയ്നറുകളിലാക്കി റോഡ് വഴിയാണ് ഇന്ത്യയിൽ എത്തിച്ചത്. ആഡംബര യൂസ്‍ഡ് കാർ വിൽപന കേന്ദ്രങ്ങളിലൂടെയായിരുന്നു വിൽപന.

ഓപ്പറേഷൻ ‘നുമ്ഖോർ’ പരിശോധനയിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പിടിച്ചെടുത്തത് 15 കാറുകളാണ്. മലപ്പുറം വെട്ടിച്ചിറയിലെ ഷോറൂമിൽ നിന്ന് 13 കാറുകളും കുറ്റിപ്പുറം, കോഴിക്കോട് തൊണ്ടയാട് എന്നിവിടങ്ങളിൽ നിന്ന് ഒന്നു വീതവും കാറുകൾ പിടിച്ചെടുത്തു.

കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ആറിടത്താണു പരിശോധന നടന്നത്. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ജോയിന്റ് കമ്മിഷണർ ശശികാന്ത് ശർമ, ഡപ്യൂട്ടി കമ്മിഷണർ ശ്യാംനാഥ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 30 ഉദ്യോഗസ്ഥർ പങ്കെടുത്തു.

തൃശൂർ പാലിയേക്കരയിലെ ബാഡ് ബോയ് മോട്ടർ വേൾഡ് എന്ന വർക്‌ഷോപ്പിലും റെയ്ഡ് നടത്തി. വർക്‌ഷോപ്പിനു സമീപത്തെ പെട്രോൾ പമ്പിൽ 2 നമ്പർ പ്ലേറ്റുകളും അഴിച്ചുവച്ച നിലയിൽ കണ്ട ആഡംബര വാഹനവും പരിശോധിച്ചു. മലപ്പുറം സ്വദേശിയുടേതാണ് ഈ കാർ. കർണാടക, ഗുജറാത്ത് റജിസ്ട്രേഷനുകളിൽ വർക്‌ഷോപ്പിൽ കണ്ട ആഡംബര വാഹനങ്ങളുടെ രേഖകളും കസ്റ്റംസ് പരിശോധിച്ചു.