
ലുലുമാൾ കോട്ടയത്തിന് തലവേദനയാകുന്നു: കയറാനും ഇറങ്ങാനും ഒരു വഴി മാത്രം; തിരക്കേറിയ എംസി റോഡിനെ മണിക്കൂറുകളോളം കുരുക്കിലാക്കി ലുലുമാൾ ; കോട്ടയം നഗരത്തിലെ വിവിധ സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പെൺകുട്ടികളടക്കമുള്ളവർ ഗതാഗതകുരുക്കിൽ പെട്ട് വീടുകളിൽ എത്തുന്നത് നട്ടപ്പാതിരായ്ക്ക്
സ്വന്തം ലേഖകൻ
കോട്ടയം: ലുലുമാൾ എന്ന സ്ഥാപനം നഗരത്തിൽ തുടങ്ങിയത് എന്തിന് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രം..! കോട്ടയം നഗരത്തെ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിലാക്കാൻ. തിരക്കേറിയ എംസി റോഡിനെ മണിക്കൂറുകളോളമാണ് ലുലുമാൾ കുരുക്കിലാക്കുന്നത്.
കോട്ടയം നഗരത്തിലെ വിവിധ സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പെൺകുട്ടികളടക്കമുള്ളവർ വീടുകളിൽ എത്തുന്നത് നട്ടപ്പാതിരായ്ക്കാണ്. വൈകിട്ട് ആറുമണിക്കും ഏഴുമണിക്കും ജോലി കഴിഞ്ഞിറങ്ങുന്ന ഇവരിൽ ഭൂരിഭാഗവും താമസിക്കുന്നത് ചിങ്ങവനത്തിൻ്റെ
വിവിധ ഭാഗങ്ങളിലും ചങ്ങനാശ്ശേരിയിലുമാണ്.
ഈ പെൺകുട്ടികളൊക്കെ വീടുകളിൽ എത്തുന്നത് മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്കിൽപ്പെട്ട് രാത്രി ഒൻപത് മണിക്കും പത്തുമണിക്കും ആണ്. ചങ്ങനാശ്ശേരിയിൽ നിന്ന് കോട്ടയത്തേക്ക് എത്തുന്നവരുടെ അവസ്ഥയും ഇതുതന്നെ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലുലുമാളിൽ എത്തുന്ന ആളുകളുടെ തിരക്ക് മൂലം കോടിമത മുതൽ പള്ളം വരെ ഗതാഗതക്കുരുക്കുണ്ടായിട്ടും പ്രശ്‌നം പരിഹരിക്കാനുള്ള ഇടപെടൽ നടത്താൻ ഇതുവരെയും ലുലുമാൾ അധികൃതർ തയ്യാറായിട്ടില്ല.
ലുലുമാളിലേക്ക് എത്തിച്ചേരുന്നവരുടെ വാഹനം പാർക്ക് ചെയ്യാൻ ലുലുമാളിന്റെ കോമ്പൗണ്ടിൽ സൗകര്യം ഉണ്ടെങ്കിലും ഏതു വഴിയിലൂടെ വന്ന് അകത്തേക്ക് കയറണമെന്നതാണ് ചോദ്യം. കുരുക്കൊഴിവാക്കാൻ എന്തു ചെയ്യണമെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ ലുലുമാൾ അധികൃതർക്ക് സാധിക്കുന്നില്ല. നഗരം കുരങ്ങിയാലും വേണ്ടില്ല ഞങ്ങളുടെ സ്ഥാപനത്തിൽ കച്ചവടം നടന്നാൽ മതി എന്ന നിലപാടാണ് ലുലുമാൾ അധികൃതർക്ക്
വാഹനങ്ങൾ കയറുന്നതിനും ഇറങ്ങുന്നതിനും ഒരു വഴി മാത്രമുള്ള ലുലുമാളിലെ കുരുക്കഴിക്കാൻ നിലവിൽ മാർഗങ്ങൾ ഒന്നുമില്ല. ലുലുമാളിന് മുന്നിലുള്ള ഫുട്പാത്ത് പോലും താഴ്ത്തിക്കെട്ടി നടപ്പാതയടക്കം കയ്യേറിയാണ് ലുലുവിന്റെ അനധികൃത കച്ചവടം. ഇതുവഴി നടന്നു പോകുന്നവർ എം സി റോഡിലേക്ക് കയറി നടന്ന് അപകടമുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
കുരുക്ക് കൂടും തോറും കച്ചവടം വർദ്ധിക്കും എന്ന തത്വമാണ് ലുലുമാൾ അധികൃതർ സ്വീകരിച്ചിരിക്കുന്നത്. ഗതാഗതം നിയന്ത്രിക്കാൻ നിൽക്കുന്ന പൊലീസുകാരാണ് സത്യത്തിൽ വലയുന്നത്. അഴിക്കും തോറും മുറുകുന്ന കുരുക്കഴിക്കാൻ രാവിലെ മുതൽ പൊരിവെയിലിൽ നിന്ന് നക്ഷത്രമെണ്ണുകയാണ് പോലീസുകാർ