റിലയൻസും ലുലുമാളും മഹാലക്ഷ്മി സിൽക്ക്‌സും കോടികൾ കൊടുക്കാനുണ്ടെങ്കിലും തൊടില്ല: 36 കോടി കുടിശികയുള്ള പൊതുമേഖലാ സ്ഥാപനത്തിന്റെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി; രണ്ടു ദിവസം ഇരുട്ടിൽ കഴിഞ്ഞ വെള്ളൂർ എച്ച്.എ്ൻ.എല്ലിലെ പ്രതിസന്ധി നീങ്ങുന്നു

Spread the love
സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാനത്തെ സ്വകാര്യ കമ്പനികളെല്ലാം കൂടി കെ.എസ്.ഇ.ബിയ്ക്ക് കൊടുക്കാനുള്ളത് ഏഴുനൂറ് കോടിയിലേറെ രൂപയാണ്. കേസും കൂട്ടവുമില്ലാതെ കിട്ടാനുള്ളത് 450 കോടി രൂപയ്ക്കടുത്ത് വരും. എന്നാൽ, ഈ വമ്പൻമാരെ തൊടാൻ മടിച്ച് നിൽക്കുന്ന കെ.എസ്.ഇ.ബി ആദ്യം ഊരിയത് പൊതുമേഖലാ സ്ഥാപനത്തിന്റെ ഫ്യൂസ്.
36 കോടി രൂപ മാത്രം കുടിശികയുള്ള, പിടിച്ചു നിൽക്കാൻ പാടുപെടുന്ന വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ  ഫ്യൂസാണ് കെ.എസ്.ഇ.ബി ആദ്യം ഊരിയത്. റിലയൻസും, ലുലുമാളും, മഹാലക്ഷ്മി സിൽക്ക്‌സും അടക്കമുള്ള ശതകോടീശ്വരൻമാർ മുതലാളികളായ കമ്പനികൾ കോടികളുടെ കുടിശിക വരുത്തിയിരിക്കുമ്പോഴാണ് യാതൊരു മാനദണ്ഡവുമില്ലാതെ പൊതുമേഖലാ സ്ഥാപനത്തിന്റെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞു മൂന്നിനു കെ.എസ്.ഇ.ബി. വൈക്കം സബ് സ്റ്റേഷൻ എ.ഇയുടെ നേതൃത്വത്തിലാണ് വൈദ്യൂതി ബന്ധം വിഛേദിച്ചത്. 36 കോടി രൂപയാണ് കമ്പനി കെ.എസ്.ഇ.ബിക്ക് അടയ്ക്കുവാനുള്ളത്.  കോടികൾ വൈദ്യുതി കുടിശികയുള്ള വമ്പൻമാരുടെ പട്ടിക തേർഡ് ഐ ന്യൂസ്  ലൈവാണ് ആദ്യം പുറത്തു വിട്ടത്. പിന്നീട് കേരളത്തിലെ വിവിധ മാധ്യമങ്ങൾ ഈ വാർത്ത ഏറ്റെടുക്കുകയായിരുന്നു.
രണ്ടു മാസം മുൻപ് വൈദ്യുതി വിഛേദിക്കാനെത്തിയപ്പോൾ മുഖ്യമന്ത്രിയുടെ ഇടപെടൽമൂലം വൈത്യുതി വിഛേദനം ഒഴിവായിരുന്നു. അതിന് ശേഷം പല തവണ നോട്ടീസ് നൽകിയിട്ടും അടയ്ക്കാത്തതിനാലാണ് ബന്ധം വിഛേദിച്ചത്. ഇതോടെ കമ്പനി ക്വാർട്ടേഴ്സിൽ താമസിക്കുന്ന നാനൂറ്റിയമ്പതോളം കുടുംബങ്ങളും ഇരുട്ടിലായി. മാത്രമല്ല കമ്പനിയുടെ സമീപ പ്രദേശങ്ങളിലെ നാട്ടുകാർക്ക് കുടിവെള്ളം പമ്പ് ചെയ്യുന്നതും നിലയ്ക്കും.
ആശുപത്രി, ഇ.എസ്.ഐ, എ.ടി.എം.കൗണ്ടർ, സൂപ്പർ മാർക്കറ്റ്,
സഹകരണ ബാങ്ക്, ഭാവൻസ് സ്‌കൂൾ, പോസ്റ്റ് ഓഫീസ്, ടെലിഫോൺ എക്സൈഞ്ച്, ടൗൺഷിപ്പിലെ വ്യാപാര സ്ഥാപനങ്ങൾ, മുടക്കാരിക്ഷേത്രം തുടങ്ങിയവയുടെ വൈദ്യുതിയും ഇല്ലാതാകും.
വെള്ളൂർ പോലീസ് സ്റ്റേഷനിൽ വൈദ്യുതി മുടങ്ങിയെങ്കിലും വിഛേദിച്ചപ്പോൾതന്നെ പെരുവ സബ് ഡിവിഷനിൽ നിന്നും വൈദ്യുതി പുനസ്ഥാപിച്ചു. എച്ച്.എൻ.എൽ. സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വർഷമായി കമ്പനിയുടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. ഇത് മൂലം ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ടും ഒരു വർഷമായി.
ടെലിഫോൺ ബന്ധവും നിശ്ചലമായി
വൈദ്യുതി ബന്ധം വിഛേദിച്ചതോടെ ആയിരക്കണക്കിന് മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ടെലിഫോൺ ബന്ധവും നിശ്ചലമായി. ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ബി.എസ്.എൻ.എൽ. മേവെള്ളൂർ ടെലിഫോൺ എക്സൈഞ്ചിന്റ വൈദ്യുതിയും ഇതോടെ നിശ്ചലമായിരിക്കുകയാണ്. ബാറ്ററിയുടെ ചാർജ് തീർന്ന് മുതൽ മൊബൈൽ ടവറിന്റെ പ്രവർത്തനവും നിലയ്ക്കുന്നതോടെ പൂർണ്ണമായു മേവെള്ളൂർ എക്സൈഞ്ചിന്റെ പരിധിയിൽവരുന്ന എല്ലാ ബി.എസ്.എൻ.എൽ. ഫോണുകളും, ഇന്റർനെറ്റും ഇല്ലാതാകുമെന്നായിരുന്നു ഭീഷണി.
എന്നാൽ, കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ വൈദ്യുതി മന്ത്രി എം.എം മണിയുമായി ചർച്ച നടത്തിയ ശേഷം വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് വൈദ്യുതി വിതരണ പ്രശ്‌നം പരിഹരിച്ചത്.