
ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ ഓടുന്ന ഓട്ടോറിക്ഷയിൽ വെച്ച് യുവതിയെ കൊള്ളയടിക്കാൻ ശ്രമം. സെപ്റ്റംബർ 9 -ന് ജലന്ധർ ബൈപാസിന് സമീപമാണ് സംഭവം. എന്നാൽ, യുവതിയുടെ ധീരത കാരണം മോഷണ ശ്രമം പരാജയപ്പെട്ടു.
മീന കുമാർ എന്ന യുവതിയാണ് ആക്രമിക്കപ്പെട്ടത്. ഫില്ലൗറിൽ നിന്ന് നവൻഷഹറിലേക്ക് പോകാനായി ജലന്ധർ ബൈപാസിൽ നിന്ന് യുവതി ഓട്ടോറിക്ഷയിൽ കയറി. ഡ്രൈവറെ കൂടാതെ മറ്റ് രണ്ട് യാത്രക്കാർ കൂടി ഓട്ടോയിൽ ഉണ്ടായിരുന്നു. യാത്രയ്ക്കിടയിൽ ഈ മൂന്ന് പേരും കവർച്ചക്കാരാണെന്ന് യുവതി തിരിച്ചറിഞ്ഞു.
യാത്ര ആരംഭിച്ച് അല്പസമയം കഴിഞ്ഞപ്പോൾ ഡ്രൈവറെ കൂടാതെ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന രണ്ടുപേർ ചേർന്ന് യുവതിയെ ആക്രമിക്കാൻ തുടങ്ങി. അവർ യുവതിയുടെ കൈകൾ ഷാൾ ഉപയോഗിച്ച് കെട്ടുകയും ആയുധം കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതിയുടെ കൈവശമുണ്ടായിരുന്ന ആഭരണങ്ങളും പണവും കൈക്കലാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാൽ, യുവതി ഉറക്കെ നിലവിളിക്കുകയും വഴിയാത്രക്കാരുടെ ശ്രദ്ധ നേടുകയും ചെയ്തു.
ഇതിനായി ഓട്ടോറിക്ഷയുടെ പുറത്തേക്ക് തൂങ്ങിക്കിടന്ന് താൻ അപകടത്തിലാണെന്ന് മറ്റു യാത്രക്കാരെ അറിയിച്ചു. ഇതോടെ കൊള്ളസംഘം വാഹനത്തിന്റെ വേഗത വർദ്ധിപ്പിച്ചു. ഏകദേശം അര കിലോമീറ്ററോളം ദൂരം യുവതി ഇത്തരത്തിൽ ഓട്ടോയിൽ നിന്ന് പുറത്തേക്ക് തൂങ്ങിക്കിടന്നു. ഇതിനിടയിൽ മറ്റു വാഹനങ്ങളിൽ ഉണ്ടായിരുന്നവർ ഓട്ടോറിക്ഷ തടഞ്ഞ് യുവതിയെ രക്ഷപ്പെടുത്തി. ഇതിനിടയിൽ ഒരു കവർച്ചക്കാരൻ ഓടി രക്ഷപ്പെട്ടു. മറ്റു രണ്ടു പേരെയും പോലീസ് അറസ്റ്റ് ചെയ്തു. രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
യുവതിയുടെ ധീരതയെ നെറ്റിസൻസ് പ്രശംസിച്ചു. അതേസമയം, സംഭവത്തിൽ പഞ്ചാബ് സർക്കാരിനെതിരെയും സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ഉയരുന്നുണ്ട്. പഞ്ചാബിലെ നിയമ സംവിധാനം ഏറ്റവും മോശം അവസ്ഥയിലാണന്നും കൊള്ള, മാല, മൊബൈൽ ഫോൺ മോഷണം എന്നിവ ഇവിടെ വളരെ സാധാരണമാണന്നും നിരവധിപ്പേർ അഭിപ്രായപ്പെട്ടു. അതുകൊണ്ട് തന്നെ സ്ത്രീകൾ സ്വർണ്ണമാലകളും വളകളും ധരിച്ച് യാത്ര ചെയ്യാതിരിക്കുന്നതാണ് സുരക്ഷിതമെന്നും ആളുകൾ അഭിപ്രായപ്പെട്ടിട്ടുണ്ട്.