ആരാധകർ കാത്തിരുന്ന പ്രഖ്യാപനം നാളെ : മോഹൻലാൽ
സ്വന്തം ലേഖിക
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിനെയും മോഹൻലാലിൻെ സ്റ്റീഫൻ നെടുമ്പള്ളിയേയുമൊക്കെ മലയാള സിനിമാ പ്രേക്ഷകർ നെഞ്ചോട് ചേർത്തതാണ്. മുരളി ഗോപിയുടെ തിരക്കഥയും പൃഥ്വിയുടെ സംവിധാനവും മോഹൻലാലും മഞ്ജുവും ഉൾപ്പെടുന്ന വൻ താരനിരകൂടി ചേർന്നപ്പോൾ അതൊരു മെഗാഹിറ്റാവുകയും ചെയ്തു.200 കോടിയിലധികം കളക്ഷൻ നേടിയ ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുമോയെന്ന ചോദ്യവും ആരാധകർ പൃഥ്വിയോട് ചോദിച്ചിരുന്നു. സംവിധായകൻ ഇതിനെപ്പറ്റി സൂചനകളൊന്നും നൽകിയില്ല. എന്നാൽ തിരക്കഥാകൃത്ത് മുരളിഗോപി പലപ്പോഴും പരോക്ഷമായി ലൂസിഫർ 2 എന്ന സൂചന നൽകിയിരുന്നു.ഇപ്പോഴിതാ നാളെ വൈകീട്ട് 6 മണിക്ക് ഇതുമായി ബന്ധപ്പെട്ട് പ്രഖ്യാപനമുണ്ടാകുമെന്ന് മോഹൻലാലും പൃഥ്വിരാജും ഉൾപ്പടെയുള്ള ലൂസിഫർ ടീം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുകയാണ്. എൽ എന്ന ഹാഷ്ടാഗും പോസ്റ്റിന് നൽകിയിട്ടുണ്ട്.