
ദില്ലി: എൽപിജി ഗ്യാസ് കണക്ഷനുമായി ബന്ധപ്പെട്ട സേവനങ്ങളിൽ തൃപ്തരല്ലെങ്കിൽ, ഉപഭോക്താക്കൾക്ക് ഇനി തങ്ങളുടെ ഇഷ്ടാനുസരണം പുതിയ ഗ്യാസ് വിതരണ കമ്പനി തെരഞ്ഞെടുക്കാം. മൊബൈൽ നമ്പർ പോർട്ടബിലിറ്റിക്ക് സമാനമായ രീതിയിലാണ് എൽപിജി പോർട്ടബിലിറ്റി സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ സംവിധാനത്തിന്‍റെ ഭാഗമായി, പാചകവാതക വിതരണം നിയന്ത്രിക്കുന്ന പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് (പിഎൻജിആർബി) ഓഹരി ഉടമകളിൽ നിന്നും ഉപഭോക്താക്കളിൽ നിന്നും അഭിപ്രായങ്ങൾ ക്ഷണിച്ചിട്ടുണ്ട്.
അഭിപ്രായങ്ങൾ 2025 ഒക്ടോബർ 15നകം സമർപ്പിക്കേണ്ടതാണ്. ലഭിക്കുന്ന അഭിപ്രായങ്ങൾ അടിസ്ഥാനമാക്കി, എൽപിജി പോർട്ടബിലിറ്റിക്കുള്ള നിയമങ്ങളും മാർഗനിർദേശങ്ങളും രൂപവൽകരിക്കും. 2013ൽ യുപിഎ സർക്കാർ 13 സംസ്ഥാനങ്ങളിലെ 24 ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ എൽപിജി പോർട്ടബിലിറ്റി ആരംഭിച്ചിരുന്നു. ഈ സംവിധാനം ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടപ്രകാരമുള്ള പാചകവാതക വിതരണക്കാരെ തെരഞ്ഞെടുക്കാൻ അവസരം നൽകി. 2014-ഓടെ ഈ സംവിധാനം 480 ജില്ലകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു.
പുതിയ സംവിധാനം പൂർണമായി നിലവിൽ വരുന്നതോടെ, ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ഇഷ്ടമുള്ള കമ്പനിയിലേക്ക് കണക്ഷൻ മാറ്റാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. 2025 സാമ്പത്തിക വർഷത്തിലെ കണക്കനുസരിച്ച്, രാജ്യത്ത് ഏകദേശം 32 കോടിയിലധികം എൽപിജി ഗ്യാസ് കണക്ഷനുകൾ ഉണ്ട്. എന്നാൽ, ഓരോ വർഷവും 17 ലക്ഷത്തിലധികം ഉപഭോക്താക്കൾ പരാതികളുമായി രംഗത്തെത്തുന്നുണ്ട്. ഇവയിൽ ഭൂരിഭാഗവും വിതരണ കാലതാമസവും സേവന തടസ്സങ്ങളും സംബന്ധിച്ചാണ്. ചില പ്രദേശങ്ങളിൽ സിലിണ്ടർ റീഫിൽ ചെയ്യുന്നതിന് ആഴ്ചകളോളം കാത്തിരിക്കേണ്ട അവസ്ഥയുണ്ടെന്നും പിഎൻജിആർബി ചൂണ്ടിക്കാട്ടുന്നു. ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരമായാണ് എൽപിജി പോർട്ടബിലിറ്റി സംവിധാനം വീണ്ടും ശക്തമായി നടപ്പാക്കുന്നത്.