
ഇറാനില്‍ നിന്ന് കൂടുതല്‍ എല്‍പിജി എത്തിക്കാനുള്ള ശ്രമവുമായി ഇന്ത്യ. ഇറാനില്‍ നിന്ന് ഇതു വരെ എത്തിയത് ഒരു എല്‍പിജി ടാങ്കറാണ്. കൂടുതല്‍ എല്‍പിജി, ക്രൂഡ് ഓയില്‍ ടാങ്കറുകള്‍ എത്താൻ സാധ്യതയുണ്ടെന്നാണ് വിവരം.
അതേസമയം റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ വൻ വർധനവ് ഉണ്ടായിട്ടുണ്ട്. പശ്ചിമേഷ്യയില്‍ നിന്നുള്ള ഊർജ്ജ വിതരണത്തിലെ തടസ്സം കാരണം മൊത്തത്തിലുള്ള ഇറക്കുമതി 15% കുറഞ്ഞെങ്കിലും, ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്ബോള്‍ നിലവില്‍ റഷ്യയില്‍ നിന്ന് ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതി 90 ശതമാനം വർധിച്ചു.
യുദ്ധത്തെ തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ പെട്രോളിയം വാതക (എല്‍പിജി) ഇറക്കുമതിയില്‍ 40% കുറവുണ്ടായി. 2025 ഡിസംബറിലും 2026 ജനുവരി-ഫെബ്രുവരി മാസങ്ങളിലും റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നന്നേ കുറഞ്ഞിരുന്നു. അമേരിക്കയുടെ ഇടപെടലിനെ തുടർന്നാണ് ഇന്ത്യ റഷ്യൻ ഓയില്‍ വാങ്ങുന്നത് കുറച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, യുദ്ധത്തെ തുടർന്ന് അമേരിക്ക പ്രഖ്യാപിച്ച 30 ദിവസത്തെ ഇളവിലാണ് റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കുതിച്ചുയർന്നത്. അംഗോള, ഗാബണ്‍, ഘാന, കോംഗോ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയും വർദ്ധിച്ചു. മധ്യപൂർവേഷ്യൻ ഉല്‍പാദകർ ഹോർമുസിനെ മറികടക്കുന്ന പൈപ്പ്‌ലൈനുകള്‍ വഴി വിതരണങ്ങള്‍ ഭാഗികമായി വഴിതിരിച്ചുവിടുന്നു. സൗദി അറേബ്യയുടെ ഈസ്റ്റ്-വെസ്റ്റ് (യാൻബു) പൈപ്പ്‌ലൈനും യുഎഇയുടെ ഹബ്ഷാൻ-ഫുജൈറ പൈപ്പ്‌ലൈനും ഉപയോഗം വർധിപ്പിച്ചു. അതേസമയം, ഇന്ത്യൻ കപ്പലുകള്‍ക്ക് സഞ്ചരിക്കാൻ ഇറാൻ അനുമതി നല്‍കിയിരുന്നു.
റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ ഏപ്രിലിലും തുടരും. അതോടൊപ്പം ഇറാനിയൻ എണ്ണ വാങ്ങാനുള്ള സാധ്യതയുണ്ടെന്നും വൃത്തങ്ങള്‍ പറയുന്നു. ഏപ്രില്‍ മുതല്‍ ഇന്ത്യയ്ക്ക് വെനിസ്വേലൻ ബാരലുകള്‍ ലഭിച്ചുതുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയുമായി ദീർഘകാല കരാറുകളുള്ള ഖത്തർ എനർജി പ്രഖ്യാപിച്ച ഫോഴ്‌സ് മജ്യൂർ, ഹോർമുസിലെ തടസ്സങ്ങള്‍ എന്നിവ കാരണം ദ്രവീകൃത പ്രകൃതിവാതക (എല്‍എൻജി) വിതരണം 92% കുത്തനെ കുറഞ്ഞു. യുഎസ്, ഒമാൻ, അംഗോള, നൈജീരിയ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിയാണ് തുണയായത്.



