
കൊച്ചി: കേരളത്തിലെ 101 സർക്കാർ/എയ്ഡഡ്, 101 സ്വാശ്രയ, ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളില്‍ (ടിടിഐകള്‍) നടത്തുന്ന രണ്ടുവർഷത്തെ (നാല് സെമസ്റ്റർ) ഡിപ്ലോമ ഇൻ എലമെന്ററി എജുക്കേഷൻ (ഡിഎല്‍എഡ്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.
ഡിപ്ലോമ ഇൻ എജുക്കേഷൻ (ഡിഎഡ്) കോഴ്സിന്റെ പേരാണ് ഡിപ്ലോമ ഇൻ എലമെന്ററി എജുക്കേഷൻ (ഡിഎല്‍എഡ്) എന്ന് ഏതാനും വർഷങ്ങള്‍ക്കുമുൻപ് പുനർനാമകരണം ചെയ്തിട്ടുള്ളത്. [തുടക്കത്തില്‍ ടീച്ചേഴ്സ് ട്രെയിനിങ് സർട്ടിഫിക്കറ്റ് (ടിടിസി) എന്ന പേരിലാണ് ഈ പ്രോഗ്രാം അറിയപ്പെട്ടിരുന്നത്]
ലോവർ പ്രൈമറി/അപ്പർ പ്രൈമറി സ്കൂള്‍ അധ്യാപകരാകാൻ അക്കാദമിക്, എലിജിബിലിറ്റി ടെസ്റ്റ് യോഗ്യതകള്‍ക്കൊപ്പംവേണ്ട അധ്യാപകപരിശീലന യോഗ്യതയാണ് ഡിഎല്‍എഡ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രവേശന യോഗ്യത;
50 ശതമാനം മാർക്കോടെ (ഒബിസി-45 ശതമാനം, പട്ടികവിഭാഗം -പാസ്) കേരള ഹയർ സെക്കൻഡറി/പ്രീഡിഗ്രി/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം.
പട്ടികവിഭാഗക്കാരൊഴികെയുള്ളവരില്‍ മൂന്നു ചാൻസില്‍ക്കൂടുതല്‍ എടുത്ത് (സേവ് എ ഇയർ, ചാൻസ് ആയി പരിഗണിക്കും) യോഗ്യതാപരീക്ഷ ജയിച്ചവർ അപേക്ഷിക്കാൻ അർഹരല്ല.
പ്രായം 2025 ജൂലായ് ഒന്നിന് 17 വയസ്സില്‍ താഴെയോ 33 വയസ്സിനുമുകളിലോ ആകരുത്. ഒബിസിക്കാർക്ക് മൂന്നും പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് അഞ്ചും വർഷത്തെ ഇളവ് ഉയർന്നപ്രായപരിധിയില്‍ ലഭിക്കും. വിമുക്തഭടന്മാർക്ക് അവരുടെ സൈനിക സേവനത്തിന്റെ കാലയളവ് ഇളവുനല്‍കും.
നേരത്തേ അധ്യാപകനായി അംഗീകാരം ലഭിച്ചിട്ടുള്ളവർക്ക് അവരുടെ അധ്യാപക സേവന കാലയളവ് ഉയർന്നപ്രായപരിധിയില്‍ ഇളവുനല്‍കുന്നതിന് കണക്കാക്കും. മൊത്തം സീറ്റില്‍ സയൻസ്, ഫ്യുമാനിറ്റീസ്, കൊമേഴ്സ് സ്ട്രീമുകള്‍ക്ക് യഥാക്രമം 40, 40, 20 ശതമാനം സീറ്റ് അനുവദിക്കും. ഗവണ്‍മെന്റ്/എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് ഒരു വിജ്ഞാപനവും സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് മറ്റൊരു വിജ്ഞാപനവുമാണ് ഇറക്കിയിട്ടുള്ളത്. ഇവ education.kerala.gov.in -ല്‍ ഉണ്ട് (അനൗണ്‍സ്മെന്റ്സ് ലിങ്ക്). ഓരോ വിഭാഗത്തിലെയും സ്ഥാപനങ്ങളുടെ പട്ടികയും അപേക്ഷാഫോമും വിജ്ഞാപനങ്ങളിലുണ്ട്.
സ്വാശ്രയ സ്ഥാപനങ്ങളില്‍ ഓരോ മീഡിയത്തിനും അനുവദിക്കപ്പെട്ട 50 സീറ്റില്‍ 50 ശതമാനം ഓപ്പണ്‍ മെറിറ്റും 50 ശതമാനം മാനേജ്മെന്റ് ക്വാട്ടയും ആയിരിക്കും.
ന്യൂനപക്ഷ എയ്ഡഡ്
എയ്ഡഡ് വിഭാഗത്തില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ നടത്തുന്ന ടിടിഐകളില്‍ 50 ശതമാനം സീറ്റുകളില്‍ പൊതു മെറിറ്റ് അടിസ്ഥാനത്തിലും 50 ശതമാനം സീറ്റുകളില്‍ അതതു ന്യൂനപക്ഷസമുദായ വിഭാഗത്തില്‍നിന്ന് യോഗ്യതയുടെ അടിസ്ഥാനത്തിലും പ്രവേശനം നല്‍കും.
മൈനോറിറ്റി വിഭാഗത്തില്‍പ്പെടാത്ത എയ്ഡഡ് ടിടിഐകളില്‍ 20 ശതമാനം സീറ്റില്‍ മാനേജർമാർ അർഹതയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കും. അർഹത നിർണയിക്കുന്ന രീതി ബന്ധപ്പെട്ട വിജ്ഞാപനത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
സ്വാശ്രയ ടിടിഐ
സ്വാശ്രയ സ്ഥാപനങ്ങളിലെ 50 ശതമാനം മാനേജ്മെന്റ് സീറ്റ്, യോഗ്യതയുടെ അടിസ്ഥാനത്തില്‍ അതത് മാനേജർമാർ നികത്തും. യോഗ്യതാപരീക്ഷാ മാർക്കിന് 65-ഉം ഇന്റർവ്യൂ മാർക്കിന് 35-ഉം ശതമാനം വെയ്റ്റേജ് നല്‍കിയാണ് പ്രവേശന അർഹത നിർണയിക്കുന്നത്.
അപേക്ഷാ വ്യവസ്ഥകള്‍
ഗവണ്‍മെന്റ്/എയ്ഡഡ് വിഭാഗത്തിലും സ്വാശ്രയ വിഭാഗത്തിലും ഒന്നുവീതം റവന്യുജില്ലയിലേക്കേ ഒരാള്‍ക്ക് അപേക്ഷിക്കാനാകൂ. അപേക്ഷിക്കുന്ന റവന്യുജില്ലയില്‍, പരിഗണിക്കപ്പെടേണ്ട സ്ഥാപനങ്ങള്‍, മുൻഗണന നിശ്ചയിച്ച് അപേക്ഷയില്‍ നല്‍കണം. അപേക്ഷാഫീസ്, ഗവണ്‍മെന്റ്/എയ്ഡഡ് വിഭാഗത്തിലേക്ക് അഞ്ചുരൂപയും സ്വാശ്രയ വിഭാഗത്തിലേക്ക് 100 രൂപയുമാണ്. അടയ്ക്കേണ്ട രീതി വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്. പട്ടികവിഭാഗക്കാർക്ക് അപേക്ഷാഫീസില്ല. പ്രവേശനം തേടുന്ന റവന്യുജില്ലയിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്കാണ് അപേക്ഷ നല്‍കേണ്ടത്. വിലാസം വിജ്ഞാപനത്തിലുണ്ട്.
എയ്ഡഡ്, സ്വാശ്രയ വിഭാഗങ്ങളിലെ മാനേജ്മെന്റ് സീറ്റുകളിലേക്കു പരിഗണിക്കപ്പെടാൻ ബന്ധപ്പെട്ട സ്ഥാപനത്തിലേക്ക് ഫീസടച്ച് അപേക്ഷ നല്‍കണം. എയ്ഡഡ് വിഭാഗ മാനേജ്മെന്റ് അപേക്ഷയുടെ പകർപ്പ് ബന്ധപ്പെട്ട റവന്യുജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്കും നല്‍കണം. അപേക്ഷകള്‍ സ്വീകരിക്കുന്ന സമയപരിധി ഓഗസ്റ്റ് 11-ന് വൈകീട്ട് അഞ്ച്. സംവരണ സീറ്റുകളുടെ വിശദാംശങ്ങള്‍, തിരഞ്ഞെടുപ്പുരീതി തുടങ്ങിയവ ബന്ധപ്പെട്ട വിജ്ഞാപനത്തില്‍ ലഭിക്കും. സ്വാശ്രയ സ്ഥാപനങ്ങളിലെ മെറിറ്റ് വിഭാഗം വിദ്യാർഥികളുടെ വാർഷിക ഫീസ് 30,000 രൂപയാണ്. മാനേജ്മെന്റ് ക്വാട്ട ഫീസ് 35,000 രൂപയും. ഡിപ്പാർട്ട്മെന്റല്‍ ക്വാട്ട: ഹിന്ദി, അറബിക്, ഉറുദു, സംസ്കൃതം കോഴ്സുകള്‍ (പൊതു/ഡിപ്പാർട്ട്മെന്റല്‍ ക്വാട്ട -ഗവണ്‍മെന്റ്), ഹിന്ദി (സ്വാശ്രയം) എന്നിവയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അവയുടെ വിശദാംശങ്ങള്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി തുടങ്ങിയ വിവരങ്ങള്‍ education.kerala.gov.in -ലെ ബന്ധപ്പെട്ട വിജ്ഞാപനങ്ങളില്‍ ലഭിക്കും.