
രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് വർധിക്കുന്ന അവസ്ഥ ഇന്ന് പലരിലും കണ്ടുവരുന്നു. രക്തത്തിൽ യൂറിക് ആസിഡ് വലിയ തോതിൽ അടിയുന്നതാണ് ഇതിന് കാരണം. സാധാരണ, തുടക്കസമയത്ത് ഈ അവസ്ഥ രോഗലക്ഷണങ്ങൾ ഉണ്ടാക്കാറില്ല.
എന്നാൽ, ചികിത്സിക്കാതിരുന്നാൽ അത് ഹൃദയാഘാതത്തിനും വൃക്കസംബന്ധമായ രോഗത്തിനും കാരണമാകുന്നു. ഉയർന്ന യൂറിക് ആസിഡ് അളവ് കുറയ്ക്കാൻ സഹായിക്കുന്ന ചില മാർഗങ്ങൾ പരിശോധിക്കാം.
ധാരാളം വെള്ളം കുടിക്കാം
ശരീരത്തിൽനിന്ന് അധികമുള്ള യൂറിക് ആസിഡ് നീക്കം ചെയ്യുന്നതിൽ വെള്ളം ഒരു പ്രധാന പങ്ക് വഹിക്കുന്നു. രക്തത്തിൽനിന്ന് യൂറിക് ആസിഡ് നീക്കം ചെയ്യുന്ന വൃക്കകളുടെ പ്രക്രിയ വെള്ളം കുടിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദിവസവും 8 മുതൽ 10 ഗ്ലാസ് വരെ വെള്ളം കുടിക്കണം. അതേസമയം, മധുരമുള്ള പാനീയങ്ങൾ ഒഴിവാക്കുകയുംവേണം. അവ നിർജ്ജലീകരണത്തിന് കാരണമാകും. കഫീൻ അടങ്ങിയ പാനീയങ്ങളും നിയന്ത്രിക്കേണ്ടതാണ്.
ഉയർന്ന അളവിൽ പ്യൂരിൻ അടങ്ങിയ ഭക്ഷണങ്ങൾ
ചില ഭക്ഷണങ്ങളിൽ അടങ്ങിയിട്ടുള്ള പ്യൂരിൻ ശരീരം യൂറിക് ആസിഡ് ആയി മാറ്റുന്നു. അതിനാൽ, യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കണമെങ്കിൽ പ്യൂരിൻ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയോ അവയുടെ ഉപഭോഗം കുറയ്ക്കുകയോ ചെയ്യണം.
ബീഫും മട്ടനുംപോലുള്ള റെഡ് മീറ്റ്, ഇവയുടെ കിഡ്നി, ലിവർ എന്നിവ, മത്തി, അയല തുടങ്ങിയ ചില മത്സ്യങ്ങൾ, മദ്യം ഇവയിലെല്ലാം പ്യൂരിൻ അടങ്ങിട്ടുണ്ട്. അതിനാൽ, ഭക്ഷണക്രമത്തിൽ പ്യൂരിൻ കുറഞ്ഞ മുട്ട, പാൽ ഉത്പ്പന്നങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുത്താം.
അമിതഭാരം കുറയ്ക്കാം
അമിതവണ്ണം യൂറിക് ആസിഡിന്റെ ഉത്പാദനം വർധിപ്പിക്കുകയും വൃക്കകളിലൂടെ അത് പുറന്തള്ളുന്നത് തടസ്സപ്പെടുത്തുകയും ചെയ്യുന്നു. അഞ്ച് മുതൽ പത്ത് ശതമാനംവരെ ശരീരഭാരം കുറയ്ക്കുന്നത് യൂറിക് ആസിഡിന്റെ അളവ് സ്വാഭാവികമായി കുറയ്ക്കാൻ സഹായിക്കും.
പ്രമേഹം, ഹൃദ്രോഗം എന്നിവ ഉണ്ടാകാനുള്ള സാധ്യതയും ഇതുമൂലം കുറയുന്നു. ക്രാഷ് ഡയറ്റുകൾക്ക് പകരം നടത്തം, നീന്തൽ, സൈക്ലിംഗ് തുടങ്ങിയ മാർഗങ്ങൾ പിന്തുടരാം. ഇത് ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം പൊതുവായ ആരോഗ്യനില മെച്ചപ്പെടുത്താനും സഹായിക്കുന്നു.
വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം കഴിക്കാം
യൂറിക് ആസിഡ് കുറയ്ക്കാനാണ് ലക്ഷ്യമെങ്കിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾക്കൊപ്പം കൊഴുപ്പ് കുറഞ്ഞ പാൽ ഉത്പ്പന്നങ്ങളും കഴിക്കാം.
ഈ ഭക്ഷണങ്ങളിലെ പ്രോട്ടീന്റെ അംശം യൂറിക് ആസിഡ് പുറന്തള്ളാൻ സഹായിക്കുന്നു. പാലുത്പ്പന്നങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിനും പേശികളുടെ പ്രവർത്തനത്തിനും ഗുണം ചെയ്യും.
യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു പോഷക ഘടകമാണ് വിറ്റാമിൻ സി. ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങൾ കഴിക്കാം.
കൂടാതെ, സ്ട്രോബെറി, കിവി, ബ്രൊക്കോളി പോലുള്ള പച്ചക്കറികൾ എന്നിവയും ഡയറ്റിൽ ഉൾപ്പെടുത്താം. ഭക്ഷണത്തിൽ വിറ്റാമിൻ സി ആവശ്യത്തിന് അടങ്ങിയിട്ടില്ലെങ്കിൽ ഒരു ഡോക്ടറുടെ ഉപദേശം തേടിയതിന് ശേഷം വിറ്റാമിൻ സി സപ്ലിമെന്റുകൾ കഴിക്കാവുന്നതാണ്.