
തിരുവനന്തപുരം:കനത്തമഴ തുടരുന്ന കേരളത്തിന്റെ ആശങ്ക ഇരട്ടിയാക്കി മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെട്ടു.
അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന് പുറമേ ബംഗാള്‍ ഉള്‍ക്കടലിലാണ് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. ഇതിന്റെ സ്വാധീനഫലമായി വരുംദിവസങ്ങളിലും സംസ്ഥാനത്ത് കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
അറബിക്കടലില്‍ മഹാരാഷ്ട്രയ്ക്കും കര്‍ണാടകയ്ക്കും ഇടയിലായാണ് ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നത്. ഇതിന്റെയും കേരളത്തില്‍ എത്തിയ കാലവര്‍ഷത്തിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് കനത്തമഴയാണ് ലഭിക്കുന്നത്. വടക്കന്‍ കേരളത്തിലാണ് അതിതീവ്രമഴ തുടരുന്നത്. കനത്തമഴയില്‍ സംസ്ഥാനത്ത് കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് മറ്റൊരു ന്യൂനമര്‍ദ്ദം അറബിക്കടലില്‍ രൂപംകൊണ്ടത്. ഇതിന്റെ സ്വാധീനം കൂടി മഴയില്‍ പ്രതിഫലിക്കുമെന്നും കാലാവസ്ഥ കേന്ദ്രം കണക്കുകൂട്ടുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തിലും കര്‍ണാടക തീരങ്ങളിലുമാണ് നിലവില്‍ ശക്തമായ മഴ ലഭിക്കുന്നത്. പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെ തെലങ്കാന, ആന്ധ്രാപ്രദേശിന്റെ തീരപ്രദേശങ്ങള്‍, തമിഴ്‌നാട് എന്നിവിടങ്ങളിലും വരുംദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.
ഇന്ന് കേരളത്തില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട അതിതീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഇന്ന് തീവ്രമഴയാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ശക്തമായ മഴയും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നുണ്ട്. ബുധനാഴ്ചയും വ്യാഴാഴ്ചയും വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. ശനിയാഴ്ച വരെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.