പ്രണയാഭ്യർത്ഥന നിരസിച്ചു; അധ്യാപികയെ ക്ലാസ് മുറിയിൽ കുത്തിക്കൊന്ന കേസിലെ പ്രതി തൂങ്ങിമരിച്ചു

പ്രണയാഭ്യർത്ഥന നിരസിച്ചു; അധ്യാപികയെ ക്ലാസ് മുറിയിൽ കുത്തിക്കൊന്ന കേസിലെ പ്രതി തൂങ്ങിമരിച്ചു

സ്വന്തം ലേഖകൻ

ചെന്നൈ: പ്രണയാഭ്യർത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ്മുറിയിൽ കുത്തിക്കൊന്ന കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ. കടലൂർ ജില്ലയിലെ കുറിഞ്ഞിപ്പടിയിലുള്ള സ്വകാര്യ സ്‌കൂളിലെ അധ്യാപികയായിരുന്ന രമ്യ(23)യെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ രാജശേഖറി(23)നെയാണ് വിഴുപുരം ജില്ലയിലെ ഉളുന്തൂർപ്പേട്ടുള്ള കശുമാവിൻ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ചനടന്ന കൊലപാതകത്തിനുശേഷം ഇയാളെ കാണാനില്ലായിരുന്നു. ഞായറാഴ്ച രാവിലെ നാട്ടുകാരാണ് മരത്തിൽ തൂങ്ങിയനിലയിൽ മൃതദേഹം കണ്ടെത്തിയത്.

കടലൂരിലെ സ്വകാര്യകമ്പനിയിൽ ജോലി ചെയ്തിരുന്ന രാജശേഖർ രണ്ടുവർഷം മുമ്പാണ് അവിടെയുള്ള കോളേജിൽ വിദ്യാർഥിനിയായിരുന്ന രമ്യയെ പരിചയപ്പെടുന്നത്. ബസ് യാത്രക്കിടെ പരിചയപ്പെട്ട ഇരുവരും അടുത്ത സുഹൃത്തുക്കളായി. പഠനം പൂർത്തിയാക്കിയ രമ്യ സ്വകാര്യ സ്‌കൂളിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചതിനുശേഷവും സൗഹൃദം തുടർന്നു. ഇതിനിടെ രാജശേഖർ നിരന്തരം പ്രണയാഭ്യർഥന നടത്തിയെങ്കിലും രമ്യ നിരസിച്ചു. വീട്ടുകാരുടെ നിർദേശത്തെത്തുടർന്ന് രാജശേഖറുമായുള്ള സൗഹൃദവും രമ്യ അവസാനിപ്പിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനെ തുടർന്നുണ്ടായ വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ സ്‌കൂളിലെത്തിയ രമ്യ ഒരു ക്ലാസ് മുറിയിൽ തനിച്ചിരിക്കുന്ന സമയം അവിടെയെത്തിയ പ്രതി കുത്തിക്കൊന്നുവെന്നാണ് പോലീസ് കേസ്. ബൈക്കിൽ രക്ഷപ്പെട്ട ഇയാൾക്കായി പോലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.