
കോട്ടയം: വിവാഹം നടത്താന്‍ വീട്ടുകാര്‍ സമ്മതിക്കാതെ വന്നതോടെ, കാമുകനൊപ്പം പോകാന്‍ അനുവദിക്കണമെന്ന യുവതിയുടെ ആവശ്യം അംഗീകരിച്ച് കോടതി.
യുവാവുമായി (30 വയസ്സ്) ആറു വര്‍ഷമായി പ്രണയത്തിലാണെന്നും ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് ഇരുപത്തെട്ടുകാരി കോടതിക്ക് കത്തുനല്‍കി. ഇത് പരിഗണിച്ച കാഞ്ഞിരപ്പള്ളി മജിസ്ട്രേട്ട് കോടതി (2) ആണ് കാമുകനൊപ്പം പോകാന്‍ യുവതിയെ അനുവദിച്ചത്.
ഇരുവരും തമ്മിലുള്ള പ്രണയം വീട്ടുകാര്‍ അറിഞ്ഞതോടെ യുവതിയെ പുറത്തേക്കു വിടാതായി. അഭിഭാഷകരായ ഷാമോന് ഷാജി, വിവേക് മാത്യു വര്‍ക്കി എന്നിവര്‍ മുഖേന യുവാവ് ഹര്‍ജി നല്കി. തുടര്‍ന്ന്, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മണിമല പൊലീസിനോട് കോടതി നിര്‍ദേശിച്ചു. പൊലീസ് യുവതിയുടെ മൊഴിയെടുത്തെങ്കിലും വീട്ടുകാരുടെ സമ്മര്‍ദം ഒരുമിച്ചുള്ള ജീവിതത്തിനു തടസമായി. അതിനിടെ യുവതിയെ വീട്ടുകാര്‍ ബന്ധുവീട്ടിലേക്കു മാറ്റി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടക്കില്ലെന്നുറപ്പായ യുവതി കോടതിയില്‍ നേരിട്ടു ഹാജരാകാനും ഒരുമിച്ച് താമസിക്കാനും അനുമതി വേണമെന്നാവശ്യപ്പെട്ട് കത്തെഴുതി റോഡില്‍ ഉപേക്ഷിച്ചു.
കത്തെഴുതിയിട്ട സ്ഥലത്തിന്റെ ലൊക്കേഷന്‍ സുഹൃത്തിനെ അറിയിക്കുകയും സുഹൃത്ത് കത്തെടുത്ത് കോടതിയില്‍ എത്തിക്കുകയുമായിരുന്നു.
കത്തിന്റെ ഉള്ളടക്കം പരിശോധിച്ച കോടതി യുവതിയെ ഹാജരാക്കാന്‍ പൊലീസിനോട് നിര്‍ദേശിച്ചു. യുവതിയെ പൊലീസ് കോടതിയില്‍ എത്തിച്ചു. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം യുവതിയെ യുവാവിനൊപ്പം അയക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.




