video
play-sharp-fill
പ്രളയകാലത്തെ സൗഹൃദം പ്രണയമായി: ദുരിതാശ്വാസ ക്യാമ്പിൽ കണ്ടുമുട്ടിയ യുവാവിന് വനിതാ പൊലീസ് ഓഫിസർ വധുവായി; പ്രളയം ജീവിതത്തിൽ നിറച്ചത് പ്രണയം

പ്രളയകാലത്തെ സൗഹൃദം പ്രണയമായി: ദുരിതാശ്വാസ ക്യാമ്പിൽ കണ്ടുമുട്ടിയ യുവാവിന് വനിതാ പൊലീസ് ഓഫിസർ വധുവായി; പ്രളയം ജീവിതത്തിൽ നിറച്ചത് പ്രണയം

സ്വന്തം ലേഖകൻ
ആലുവ: ഒരു വർഷം മുൻപ് സംസ്ഥാനത്തുണ്ടായ പ്രളയം പലർക്കും പല അനുഭവങ്ങളാണ് സമ്മാനിച്ചത്. ചിലരുടെ ജീവനും ജീവിതവും സമ്പത്തും പ്രളയം തകർത്ത് തരിപ്പണമാക്കിയപ്പോൾ, മറ്റു ചിലർക്ക് പുതു ജീവിതമാണ് പ്രളയം സമ്മാനിച്ചത്. പ്രളയ കാലത്ത് ദുരിതാശ്വാസ ക്യാമ്പിൽ വച്ച് കണ്ടുമുട്ടി സുഹൃദത്തിലായ അധ്യാപകനും വനിതാ സിവിൽ പൊലീസ് ഓഫിസറുമാണ് കഴിഞ്ഞ ദിവസം വിവാഹം കഴിച്ചത്. ആർഭാട രഹിതമായ ജീവിതത്തിന്റെ സന്ദേശം പകർന്നായിരുന്നു ഇരുവരുടെയും വിവാഹം. ലളിതമായ ചടങ്ങുകൾക്കൊടുവിൽ വിവാഹവും നടന്നു.
പാലക്കാട് സ്വദേശിയും വനിതാ സിവിൽ പൊലീസ് ഓഫിസറുമായ സൂര്യയെയാണ് ആലുവയിലെ സ്വകാര്യ എൻട്രൻസ് കോച്ചിംഗ് സെന്ററിലെ അദ്ധ്യാപകനാണ് വിനീത് കഴിഞ്ഞ ദിവസം താലി ചാർത്തിയത്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ക്യാമ്പുകളിൽ കഴിഞ്ഞതിന്റെ ഒന്നാം വാർഷിക ദിനത്തിലാണ് ഇരുവരുടെയും പ്രണയ സാഫല്യമുണ്ടായതെന്നത് തികച്ചും യാദൃശ്ചികമായി.
2018 പ്രളയകാലത്താണ് ആലുവ അശോകപുരം കാർമൽ സെന്റ് ഫ്രാൻസീസ് ഡി അസീസി സെക്കൻഡറി സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പിൽ സൂര്യ ഡ്യൂട്ടിക്കെത്തിയത്. ഇതേ സ്‌കൂളിൽ മാതാപിതാക്കൾക്കൊപ്പം ക്യാമ്പംഗമായിരുന്നു വിനീത്. ഇവിടെ വച്ചാണ് സൂര്യയും വിനീതും സൗഹൃദത്തിലായത്. ദുരിതാശ്വാസ ക്യാമ്പിലെ സേവന പ്രവർത്തനങ്ങളിൽ ഒരുമിച്ച് പങ്കാളികളായതോടെ ഇരുവരും കൂടുതൽ അടുത്തു. തൃശൂർ ക്യാമ്പിൽ നിന്നാണ് സൂര്യ ഡ്യൂട്ടിക്കായി എത്തിയത്. അശോകപുരം സ്വദേശിയായ വിനീതിന്റെ വീടും വെള്ളപ്പൊക്കത്തിൽ മുങ്ങിയിരുന്നു.
അശോകപുരം പെരിങ്ങഴ ദുർഗാ ഭഗവതി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ഇരുവരും വിവാഹിതരായി. അൻവർസാദത്ത് എം.എൽ.എ അടക്കമുള്ളവർ വിവാഹചടങ്ങിൽ പങ്കെടുത്തു.