ദമ്പതിമാർ തമ്മിലുള്ള പിണക്കം പറഞ്ഞു തീർക്കാനെത്തിയ ജെ.സി.ബി ഡ്രൈവർക്കൊപ്പം ടിപ്പർ ഡ്രൈവറുടെ ഭാര്യ ഒളിച്ചോടി; മൂലവട്ടം സ്വദേശിയായ ടിപ്പർ ഡ്രൈവറുടെ ഭാര്യയെ തട്ടിക്കൊണ്ടു പോയത് മണർകാട് സ്വദേശിയായ ജെ.സി.ബി ഡ്രൈവർ; യുവതി നാട് വിട്ടത് ഭർത്താവ് സ്വകാര്യ ബാങ്കിൽ നിന്നും വായ്പയെടുത്ത ഒരു ലക്ഷം രൂപയുമായി
തേർഡ് ഐ ബ്യൂറോ
കോട്ടയം: ദമ്പതിമാർ തമ്മിലുള്ള പിണക്കം പറഞ്ഞു തീർക്കാൻ വീട്ടിലെത്തിയ കുടുംബ സുഹൃത്തായ ജെ.സി.ബി ഡ്രൈവർക്കൊപ്പം ടിപ്പർ ലോറി ഡ്രൈവറുടെ ഭാര്യ ഒളിച്ചോടി. ആദ്യം ഒളിച്ചോടിയ യുവതി പിന്നീട് മടങ്ങിയെത്തിയ ശേഷം, സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും ഭർത്താവിന് വായ്പ ലഭിച്ച ഒരു ലക്ഷം രൂപയുമായാണ് യുവതി ഭർത്താവിന്റെ സുഹൃത്തായ ജെ.സി.ബി ഡ്രൈവർക്കൊപ്പം ഒളിച്ചോടിയത്. സംഭവത്തിൽ രണ്ടാം തവണയും യുവതിയുടെ ഭർത്താവ് ഈസ്റ്റ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഒരു മാസം മുൻപായിരുന്നു ആദ്യ സംഭവം. മാസങ്ങൾക്കു മുൻപ് ദമ്പതിമാർ തമ്മിൽ വഴക്കുണ്ടായിരുന്നു. ടിപ്പർ ഡ്രൈവറുടെ സുഹൃത്ത് കൂടിയായ ജെ.സി.ബി ഡ്രൈവർ വിവരം അറിഞ്ഞ് വീട്ടിലെത്തി ഇരുവരും തമ്മിലുള്ള തർക്കം പറഞ്ഞു തീർക്കുകയായിരുന്നു. ഇതേ തുടർന്നാണ് പയ്യപ്പാടി സ്വദേശിയായ യുവതിയും ജെ.സി.ബി ഡ്രൈവറും തമ്മിൽ അടുപ്പത്തിലായത്. തുടർന്നു, രണ്ടു പേരും ഫോൺ നമ്പരുകളും പരസ്പരം കൈമാറുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെ, ജെ.സി.ബി ഡ്രൈവർ രണ്ടാഴ്ച മുൻപ് ടിപ്പർ ഡ്രൈവറുടെ ഭാര്യയുമായി ഒളിച്ചോടി. ടിപ്പർ ലോറി ഡ്രൈവറുമായുള്ള ബന്ധത്തിൽ യുവതിയ്ക്ക് രണ്ടു കുട്ടികളുണ്ട്. ഇതിൽ ഇളയ കുട്ടിയെയുമായാണ് ഇവർ ഒളിച്ചോടിയത്. ഭാര്യയെ കാണാനില്ലെന്നു കാണിച്ച് ടിപ്പർ ഡ്രൈവർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ യുവതി വീട്ടിൽ മടങ്ങിയെത്തി. താൻ തന്റെ സുഹൃത്തിന്റെ വീട്ടിലാണ് പോയതെന്നു യുവതി ഭർത്താവിനെ വിശ്വസിപ്പിച്ചു.
ഇതിനു മുൻപ് തന്നെ ഭർത്താവ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും പഴ്‌സണൽ വായ്പയെടുക്കാൻ അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷയിൽ ഭാര്യയുടെ അക്കൗണ്ടാണ് പണം ലഭിക്കുന്നതിനായി കാണിച്ചിരുന്നത്. ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി ഭർത്താവ് വായ്പാ നടപടികൾ വേഗത്തിലാക്കാൻ ബാങ്കിൽ സമ്മർദം ചെലുത്തി. തുടർന്നു, വായ്പ തുക അക്കൗണ്ടിൽ വന്നതും, അന്നു രാത്രി തന്നെ രണ്ടാമത്തെ കുട്ടിയെയുമായി യുവതി വീടു വിട്ടു. ഇതിനു പിന്നാലെയാണ് യുവാവ് ഭാര്യയെ തട്ടിക്കൊണ്ടു പോയ ജെ.സിബി ഡ്രൈവർക്കെതിരെ പരാതി നൽകിയിരിക്കുന്നത്.
കേസിലെ പ്രതിയായ ജെ.സി.ബി ഡ്രൈവർക്കു നിരവധി ഭാര്യമാരുണ്ടെന്നു ഇയാളുടെ ആദ്യ ഭാര്യ പൊലീസിനെ അറിയിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ ഇയാൾക്കു ഭാര്യമാരുണ്ടെന്നാണ് പരാതി. ഇയാളുടെ ആദ്യ ഭാര്യ നിലവിൽ ഗൾഫിലാണ്. ഈ ജെ.സി.ബി ഡ്രൈവറുടെ പേരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പണം അടിച്ചു മാറ്റിയതിനും പീഡിപ്പിച്ചതിനും അടക്കം നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറയുന്നു.