
കൊച്ചി: ക്രിസ്മസ് – പുതുവത്സര ബംബർ 20 കോടി രൂപയുടെ ഒന്നാം സമ്മാനത്തിനർഹനായെന്ന വാദവുമായി റിട്ട. എഎസ്ഐ സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി.
പിറവം പാഴൂർ കോട്ടപ്പുറത്ത് വീട്ടിൽ കെ കെ സജിമോനാണ് ടിക്കറ്റ് നഷ്ടപ്പെട്ടെന്ന പരാതിയുമായി പൊലീസിനെയും കോടതിയെയും സമീപിച്ചത്. ജനുവരി 24നായിരുന്നു ബംബർ നറുക്കെടുപ്പ് നടന്നത്. XC 138455 എന്ന ടിക്കറ്റാണ് ഒന്നാം സമ്മാനമായ 20 കോടി അർഹമായത്.
ഡിസംബർ ഒന്നിന് മുണ്ടക്കയത്ത് ഭാര്യയുടെ ബന്ധുവീട്ടിൽ പോയപ്പോൾ കാഞ്ഞിരപ്പള്ളിയിൽ നിന്ന് ടിക്കറ്റ് എടുത്തുവെന്നാണ് സജിമോൻ പരാതിയിൽ പറഞ്ഞത്. ടിക്കറ്റിന്റെ പുറത്തായി വിലാസമെഴുതി ഒപ്പിടുകയും ചെയ്തു. പൊലീസിൽ നിന്ന് വിരമിച്ചതിനുശേഷം ട്രാവലർ സർവീസ് നടത്തുകയാണ് സജിമോൻ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അദ്ദേഹത്തിന്റെ വാഹനത്തിൽ ശബരിമലയ്ക്ക് പോയ വിശാഖപട്ടണം സ്വദേശികളായ തീർത്ഥാടകർ നെയ്പാത്രം വണ്ടിയിൽ മറന്നുവച്ചു. താൻ വാങ്ങിയ ടിക്കറ്റ് ഈ പാത്രത്തിനടിയിൽ സൂക്ഷിച്ചിരുന്നുവെന്നാണ് സജിമോൻ വാദിച്ചത്.
പിന്നീട് ഈ തീർത്ഥാടകർ ആവശ്യപ്പെട്ടപ്രകാരം നെയ്പാത്രം കൊറിയർ ചെയ്തുനൽകി. എന്നാൽ ഇതിനൊപ്പം ടിക്കറ്റും അറിയാതെ പെട്ടുപോയെന്നാണ് സജിമോൻ പരാതിയിൽ പറഞ്ഞത്.
പിറവത്തെ കൊറിയർ സ്ഥാപനത്തിൽ നിന്ന് ജനുവരി 30നാണ് നെയ്പാത്രം കൊറിയർ ചെയ്തത്. പാത്രത്തിനടിയിൽ ലോട്ടറി ടിക്കറ്റ് സൂക്ഷിച്ചിരുന്ന കാര്യമോർത്ത സജിമോൻ ഫെബ്രുവരി ഒന്നിന് വൈകിട്ട് കൊറിയർ സ്ഥാപനത്തെ സമീപിച്ച് പാത്രം തിരികെ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
ഫെബ്രുവരി നാലിന് വിശാഖപട്ടണത്തെ ഉടമയ്ക്ക് പാത്രം ലഭിച്ചു. സജിമോന്റെ പരാതിയിൽ പിറവം പൊലീസ് കൊറിയർ സ്ഥാപനത്തിൽ പരിശോധന നടത്തിയിരുന്നു. ടിക്കറ്റ് പരിശോധിക്കാനും തട്ടിപ്പ് കണ്ടെത്താനും ലോട്ടറി വകുപ്പിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് സജിമോൻ ഹൈക്കോടതിയെ സമീപിച്ചത്.
യഥാർത്ഥ വിജയി ഹാജരാക്കിയ ടിക്കറ്റിന്റെ വിശദാംശങ്ങൾ ലോട്ടറി വകുപ്പ് കോടതിയിൽ സമർപ്പിച്ചിരുന്നു. ലോട്ടറി വകുപ്പ് ശാസ്ത്രീയ പരിശോധനയടക്കം നടത്തി. പരിശോധനയിൽ സജിമോന്റെ അവകാശവാദത്തെ ശരിവയ്ക്കുന്ന തെളിവുകൾ കണ്ടെത്താനായില്ലെന്നും ലോട്ടറി വകുപ്പ് കോടതിയെ അറിയിച്ചു.
ഇത് പരിശോധിച്ചതിനുശേഷമാണ് കോടതിയുടെ നടപടി. കൂടാതെ സമ്മാനത്തുക വിതരണം ചെയ്യുന്നതിനേർപ്പെടുത്തിയിരുന്ന വിലക്കും കോടതി നീക്കി. കോട്ടയം കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റിന് സമീപത്തുള്ള ന്യൂ ലക്കി സെന്റർ എന്ന കടയിൽവിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമടിച്ചത്. ബംബറിന്റെ യഥാർത്ഥ വിജയി പേര് വെളിപ്പെടുത്തിയിട്ടില്ല.



