ഭാ​ഗ്യമില്ലാത്ത ‘ഭാഗ്യമിത്ര’; കോടിപതിയെന്ന പേര് മാത്രം ബാക്കി; ഒരു കോടി രൂപ ലോട്ടറി അടിച്ചിട്ടും ഇപ്പോഴും കടക്കാരൻ; ലോട്ടറി അടിച്ചതോടെ ആരും കൂലിപ്പണിക്കും വിളിക്കുന്നില്ല; സമ്മാന തുക തരുന്നതിലെ താമസം കുരിശായത് അയിലൂർ സ്വദേശിക്ക്

ഭാ​ഗ്യമില്ലാത്ത ‘ഭാഗ്യമിത്ര’; കോടിപതിയെന്ന പേര് മാത്രം ബാക്കി; ഒരു കോടി രൂപ ലോട്ടറി അടിച്ചിട്ടും ഇപ്പോഴും കടക്കാരൻ; ലോട്ടറി അടിച്ചതോടെ ആരും കൂലിപ്പണിക്കും വിളിക്കുന്നില്ല; സമ്മാന തുക തരുന്നതിലെ താമസം കുരിശായത് അയിലൂർ സ്വദേശിക്ക്

സ്വന്തം ലേഖകൻ

അയിലൂർ: ഒരു കോടി രൂപ ലോട്ടറി അടിച്ച് കടക്കെണിയിലായ ഒരു മനുഷ്യനുണ്ട്. അയിലൂർ കരിമ്പാറ പട്ടുകാട് സ്വദേശി മണിക്കാണ് ആർക്കും വരാത്ത ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്. ജനുവരി മൂന്നിന് നടത്തിയ നറുക്കെടുപ്പിലാണ് ‘ഭാഗ്യമിത്ര’ മണിയെ കനിഞ്ഞത്.

സമ്മാനാർഹമായ ടിക്കറ്റ് അയിലൂരിലെ സഹകരണബാങ്കിലും നൽകി. സമ്മാനത്തുക കിട്ടിയാൽ തിരിച്ചടയ്ക്കാമെന്ന് കരുതി ബാങ്കിൽനിന്ന് 50,000 രൂപ വായ്പയുമെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ഏഴുമാസം കഴിഞ്ഞിട്ടും സമ്മാനത്തിനായുള്ള കാത്തിരിപ്പ് നീണ്ടതോടെ മണി ശരിക്കും പൊല്ലാപ്പിലായി. സഹകരണബാങ്കിൽ നിന്ന് ഭാഗ്യക്കുറി മാറ്റിനൽകാൻ സാങ്കേതികമായി പറ്റില്ലെന്ന അറിയിപ്പ് കിട്ടിയതോടെ മണി സമ്മാനാർഹമായ ടിക്കറ്റ് കേരള ബാങ്കിന്റെ നെന്മാറ ശാഖയിൽ സമർപ്പിച്ചു.

ഭാഗ്യക്കുറിവകുപ്പ് ആവശ്യപ്പെട്ട രേഖകളെല്ലാം കൈമാറിയെങ്കിലും മണിയുടെ കാത്തിരിപ്പ് നീളുകയാണ്. ലോട്ടറി അടിച്ചതോടെ കൂലിപ്പണിക്ക് പതിവായി വിളിച്ചിരുന്നവർ പോലും ഇപ്പോൾ വിളിക്കുന്നില്ല.

അമ്മ കല്യാണിയുടെ ചികിത്സയ്ക്കുള്ള തുകപോലും കണ്ടെത്താൻ ബുദ്ധിമുട്ടുകയാണെന്ന് മണി പറഞ്ഞു. ഇനി, മകളുടെ കല്യാണം ഉറപ്പിച്ചാൽ അതിനുമുമ്പെങ്കിലും തുക കിട്ടാതിരിക്കില്ലെന്ന് മണി ആശ്വസിക്കുന്നു. ഭാര്യ ഷീജ നേരത്തെ നെന്മാറയിലെ ടെക്‌സ്‌റ്റൈൽസിൽ ജോലിക്ക് പോയിരുന്നെങ്കിലും അടച്ചുപൂട്ടലായതോടെ അതും നിന്നു.

കോവിഡ് അടച്ചുപൂട്ടലിനെത്തുടർന്ന് ഭാഗ്യക്കുറിവില്പന തടസ്സപ്പെട്ടതുമൂലമാണ് സമ്മാനത്തുക നൽകുന്നതിൽ കാലതാമസമുണ്ടായതെന്നാണ് ലോട്ടറിവകുപ്പിന്റെ വിശദീകരണം.

ഇപ്പോൾ മുൻഗണനാക്രമത്തിലാണ് പണം വിതരണമെന്നും ഓണത്തിന് മുൻപ് മണിയുടെ സമ്മാനത്തുക നൽകുമെന്നും അവർ അറിയിച്ചു.