
ലോട്ടറിക്കടയുടെ പിൻവാതിൽ കുത്തിത്തുറന്ന് അകത്ത് കടന്നു; മോഷ്ടിച്ച ലോട്ടറികളില്‍ ഒന്നിന് 5000 രൂപ അടിച്ചു; ‘ഭാഗ്യം’ തെളിഞ്ഞപ്പോള്‍ കള്ളന്‍ കുടുങ്ങി
സ്വന്തം ലേഖകൻ
എറണാകുളം: കോതമംഗലത്ത് ലോട്ടറിക്കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി പൊലീസ് പിടിയിൽ.പാലാ സ്വദേശി ബാബു എന്ന ആനാടൻ ബാബു (56) ആണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബർ 12ന് രാത്രിയാണ് പ്രതി ലോട്ടറിക്കട കുത്തിത്തുറന്നത്. 80000 രൂപയോളം വിലമതിക്കുന്ന 2520 ലോട്ടറി ടിക്കറ്റുകളാണ് അന്ന് മോഷണം പോയത്.
കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപമുള്ള ജെ ജെ ലോട്ടറിക്കടയുടെ പിൻവാതിൽ കുത്തിത്തുറന്നാണ് പ്രതി അകത്ത് കടന്നത്. മോഷണം പോയ ടിക്കറ്റുകളിൽ സമ്മാനാർഹമായവയുടെ നമ്പർ എല്ലാ ലോട്ടറിക്കടയുടമകൾക്കും പൊലീസ് കൈമാറിയിരുന്നു. ഫലം പ്രഖ്യാപിച്ച ശേഷം പ്രതി ടിക്കറ്റുമായി കടകളിലെത്തുന്നത് കാത്തിരിക്കുകയായിരുന്നു പൊലീസ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് പ്രതീക്ഷിച്ച പോലെ തന്നെ സമ്മാനാർഹമായ ഒരു ടിക്കറ്റ് മാറാനായി ഇയാൾ പാലായിലെ ഒരു കടയിൽ ചെന്നു.
ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരുന്നതിനിടയിലാണ് പ്രതി മറ്റൊരു കേസിൽ കാഞ്ഞിരപ്പിള്ളി പൊലീസിന്റെ പിടിയിലായത്.
സ്ഥലത്തെത്തിയ കോതമംഗലം പൊലീസ് ബാബുവിനെ തിരിച്ചറിയുകയായിരുന്നു. ഇയാളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ പിടികൂടിയതിൽ വളരെ സന്തോഷമുണ്ടെന്ന് ലോട്ടറി വിതരണക്കാരനായ ബിൻഷാദ് പറഞ്ഞു.