5000 രൂപ സമ്മാനമുണ്ട് ; താനൂരില്‍ കിടപ്പ് രോഗിയായ ലോട്ടറി കച്ചവടക്കാരനെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി
താനൂർ: മലപ്പുറം താനൂരില്‍ രോഗിയായ ലോട്ടറി കച്ചവടക്കാരനെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി. സമ്മാനമുള്ള ലോട്ടറി ടിക്കറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് 5000 രൂപ തട്ടിയെടുത്തത്.
കാഴ്ച പരിമിതിയുള്ള കിടപ്പ് രോഗിയായ താനൂർ സ്വദേശിയായ ദാസനെയാണ് അജ്ഞാതൻ പറ്റിച്ച് പണം തട്ടിയെടുത്തത്. കഴിഞ്ഞ മാസം 24 നാണ് തന്‍റെ ലോട്ടറി ടിക്കറ്റിന് 5000 രൂപ സമ്മാനം ഉണ്ടെന്ന് പറഞ്ഞു ഒരാള്‍ ദാസനെ സമീപിച്ചത്.
ടിക്കറ്റിന്റെ നമ്ബർ പരിശോധിച്ചെങ്കിലും ഡേറ്റ് ദാസൻ പരിശോധിച്ചിരുന്നില്ല. 3500 രൂപയും ബാക്കി തുകയ്ക് ലോട്ടറി ടിക്കറ്റും വന്നയാള്‍ക്ക് നല്‍കി. പിന്നീട് ഏജൻസിയില്‍ പോയപ്പോഴാണ് ഡേറ്റ് തിരുത്തിയ ടിക്കറ്റാണെന്ന് മനസിലായത്. പക്ഷേഘാതം വന്ന് ഒരു വശം തളർന്നു പോയാളാണ് ദാസൻ. ഇപ്പോഴും ആരോഗ്യം പൂർണമായും വീണ്ടെടുത്തിട്ടില്ല. എനിക്ക് ഒരു കണ്ണിന് കാഴ്ച കുറവാണ്, അതുകൊണ്ട് നമ്ബർ വ്യക്തമായി കാണാനായില്ല. പറ്റിക്കുകയാണെന്ന് മനസിലാക്കാൻ പറ്റിയില്ലെന്ന് ദാസൻ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സുഖമില്ലാത്ത ആളാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാകും ചിലപ്പോള്‍ പറ്റിച്ചത്. ആകെ 450 രൂപയൊക്കെയാണ് ഒരു ദിവസം കിട്ടുന്നത്. നാട്ടുകാരൊക്കെ സഹായിച്ചിട്ടാണ് ടിക്കറ്റൊക്കെ എടുത്തത്. അവരുടെ സഹായം കൊണ്ടാണ് ജീവിതം മുന്നോട്ട് പോകുന്നത്. അതിനിടയിലാണ് പറ്റിക്കപ്പെട്ടത്- ദാസൻ പറഞ്ഞു. മൂന്നു മക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ ആകെയുള്ള വരുമാനം ഈ ലോട്ടറി കച്ചവടമാണ്. ലോട്ടറി വിറ്റ് കിട്ടിയ പണം മുഴവനും തട്ടിപ്പുകാരൻ കൈക്കലാക്കിയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് കുടുംബം. ദാസന്റെ പരാതിയില്‍ താനൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തന്റെ കാഴ്ചപരിമിതി തട്ടിപ്പുകാരൻ മുതലാക്കിയല്ലോ എന്ന സങ്കടത്തിലാണ് ദാസൻ.