ലോട്ടറി നമ്പര്‍ തിരുത്തി, സമ്മാനമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ലോട്ടറിക്കച്ചവടക്കാരിയായ വൃദ്ധയെ കബളിപ്പിച്ചു; തട്ടിയെടുത്തത് 2200 രൂപയും 62 ടിക്കറ്റും; പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതം

ലോട്ടറി നമ്പര്‍ തിരുത്തി, സമ്മാനമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ലോട്ടറിക്കച്ചവടക്കാരിയായ വൃദ്ധയെ കബളിപ്പിച്ചു; തട്ടിയെടുത്തത് 2200 രൂപയും 62 ടിക്കറ്റും; പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതം

സ്വന്തം ലേഖകന്‍

കൊട്ടിയം: ലോട്ടറി നമ്പര്‍ തിരുത്തി, സമ്മാനമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ലോട്ടറിക്കച്ചവടക്കാരിയായ വൃദ്ധയില്‍ നിന്ന് 2200 രൂപയും 62 ലോട്ടറി ടിക്കറ്റുകളും തട്ടിയെടുത്തു. കൊട്ടിയം കല്ലുവിള വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന സി.ഒാമന (65) ആണ് തട്ടിപ്പിന് ഇരയായത്. ബൈക്കിലെത്തിയ 2 പേരാണ് പണവും ടിക്കറ്റുകളും തട്ടിയെടുത്തത്. രണ്ട് ദിവസം മുന്‍പ് കൊട്ടിയം സിതാര ജംക്ഷന് സമീപം സ്വകാര്യ ഒാഡിറ്റേറിയത്തിന് മുന്നില്‍ രാവിലെ 11.30നാണു സംഭവം.

കാരുണ്യയുടെ 5000 രൂപയുടെ സമ്മാനം ലഭിച്ച ടിക്കറ്റാണെന്ന് കാണിച്ചാണ് തട്ടിപ്പ് നടത്തിയത്.
9511 എന്ന നമ്പരിലെ ടിക്കറ്റിനാണ് 5000 രൂപ സമ്മാനം ലഭിച്ചത്. എന്നാല്‍ യുവാക്കള്‍ തങ്ങളുടെ കൈവശം ഉണ്ടായിരുന്ന 9591 എന്ന നമ്പര്‍ 9511 എന്നു തിരുത്തി ഒാമനയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. വീട്ടുവാടകയ്ക്കു വച്ചിരുന്ന 2200 രൂപ മാത്രമേ കയ്യിലുള്ളൂവെന്ന് ഒാമന പറഞ്ഞപ്പോള്‍ അതു സാരമില്ലെന്നും പണം ഇത്രയും മതിയെന്നും കൈവശമുള്ള മുഴുവന്‍ ടിക്കറ്റും എടുത്തോളാമെന്നും യുവാക്കള്‍ മറുപടി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കൂടാതെ കാരുണ്യയുടെ 61 ലോട്ടറി ടിക്കറ്റും 300 രൂപയുടെ ഒരു വിഷു ബമ്പറും കൂടി ഓമന യുവാക്കള്‍ക്കു നല്‍കി. പിന്നീട് കൊട്ടിയത്തെ ലോട്ടറി ഏജന്‍സിയില്‍ എത്തി ടിക്കറ്റ് മാറാന്‍ ശ്രമിച്ചപ്പോഴാണ് ടിക്കറ്റ് നമ്പര്‍ തിരുത്തിയതാണെന്നു മനസ്സിലായത്. കബളിപ്പിക്കപ്പെട്ടുവെന്നു മനസ്സിലായതോടെ ഒാമന ലോട്ടറി സെന്ററിന് മുന്നില്‍ കുഴഞ്ഞു വീണു. പിന്നീട് ലോട്ടറി ഏജന്‍സിക്കാര്‍ക്കൊപ്പം കൊട്ടിയം പൊലീസ് സ്റ്റേഷനില്‍ നമ്പര്‍ തിരുത്തിയ ടിക്കറ്റുമായി എത്തി പരാതി നല്‍കി.

‘ കടത്തിന്‍മേല്‍ കടത്തില്‍ കഴിയുന്ന, ഒട്ടേറെ ശാരീരിക അസ്വസ്ഥത അനുഭവിക്കുന്ന വയോധികയാണു ഞാന്‍. വാടകവീട്ടില്‍ തനിച്ചാണു താമസം. വര്‍ഷങ്ങളായി പപ്പടം വിറ്റാണു ജീവിച്ചത്. ഒരു വര്‍ഷമായി ലോട്ടറി ടിക്കറ്റ വില്‍പന നടത്തിയാണ് വരുമാനം കണ്ടെത്തുന്നത്. എന്നോട് ഈ ചതി ചെയ്തവരെ അറസ്റ്റ് ചെയ്തു തക്കതായ ശിക്ഷ നല്‍കണമെന്നാണു മരിക്കും മുന്‍പുള്ള എന്റെ ആഗ്രഹം.’-തട്ടിപ്പിനിരയായ ഓമന പറഞ്ഞു.

അന്നു തന്നെ ചാത്തന്നൂര്‍ പരവൂര്‍ റോഡില്‍ നിന്ന് ഒരു യുവതിയില്‍ നിന്നു ഇതേ യുവാക്കള്‍ വ്യാജ ടിക്കറ്റ് നല്‍കി 500 രൂപ തട്ടിയെടുത്ത സംഭവവും ഉണ്ടായിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പ് കൊട്ടിയം ജംക്ഷനില്‍ കാഴ്ച കുറവുള്ള ലോട്ടറിക്കച്ചവടക്കാരനെ ഇത്തരത്തില്‍ നമ്പര്‍ തിരുത്തിയ ലോട്ടറി നല്‍കി പണം തട്ടിയിരുന്നു.