റോഡരികിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറി മോഷ്ടിച്ചു: തമിഴ്‌നാട്ടുകാരായ മോഷണ സംഘം പിടിയിൽ; പിടിയിലായത് ലോറി പൊളിച്ചു വിൽക്കുന്ന വമ്പൻ സംഘം

റോഡരികിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറി മോഷ്ടിച്ചു: തമിഴ്‌നാട്ടുകാരായ മോഷണ സംഘം പിടിയിൽ; പിടിയിലായത് ലോറി പൊളിച്ചു വിൽക്കുന്ന വമ്പൻ സംഘം

തേർഡ് ഐ ബ്യൂറോ
കോട്ടയം: കോടിമതയിൽ നിന്നും അടിച്ചു മാറ്റിയ ലോറി കിലോമീറ്ററുകൾ അകലെ തമിഴ്‌നാട്ടിൽ കൊണ്ടു പോയി പൊളിച്ചു വിൽക്കുന്ന വമ്പൻ വാഹന മോഷണ സംഘം പിടിയിൽ. കേരളത്തിലെ റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ രാത്രിയിലെത്തി മോഷ്ടിച്ചു കടത്തുന്ന വമ്പൻ മോഷണ സംഘത്തിലെ പ്രധാനികളെയാണ് പൊലീസ് പിടികൂടിയത്. തമിഴ്നാട് കന്യാകുമാരി കിരത്തൂർ വടക്കുവിള വീട്ടിൽ സുരേഷ് (28), വട്ടപ്പള്ളിവിളയിൽ തോട്ടവാരം വീട്ടിൽ ആർ.രംഗസ്വാമി (42) എന്നിവരെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ വി.എസ് പ്രദീപ്കുമാർ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഏപ്രിൽ 16 നായിരുന്നു കേസിനാസ്പദമായ സംഭവം. കോടിമതയിൽ പാർക്ക് ചെയ്തിരുന്ന മലപ്പുറം സ്വദേശിയുടെ ലോറി സുരേഷ് മോഷ്ടിച്ച് തമിഴ്നാട്ടിലേയ്ക്ക് കടത്തുകയായിരുന്നു. തമിഴ്നാട്ടിലെ ലോറി ഉടമയായ ആർ.രംഗസ്വാമിയ്ക്കു വേണ്ടിയാണ് സുരേഷ് ലോറി മോഷ്ടിച്ചത്. കേരളത്തിൽ നിന്നും മോഷ്ടിക്കുന്ന ലോറികൾ തമിഴ്‌നാട്ടിൽ എത്തിച്ച് പാട്സ് മാറ്റിയെടുത്ത ശേഷം, ഇവ മറ്റു ലോറികളിൽ ഘടിപ്പിക്കുകയാണ് ചെയ്തിരുന്നത്. ഇത്തരത്തിൽ നിരവധി ലോറികളാണ് കേരളത്തിൽ നിന്നും പ്രതികൾ മോഷ്ടിച്ച് കടത്തിയിരുന്നത്.
പ്രതികൾ കേരളത്തിൽ നിന്നും കടത്തിയ ലോറി കഴിഞ്ഞ മാസം പൊലീസ് സംഘം കണ്ടെത്തിയിരുന്നു. ലോറി പിടിച്ചെടുത്ത് കേരളത്തിലേയ്ക്ക് കൊണ്ടുവന്നതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ്, പ്രതികൾ തമിഴ്നാട്ടിലുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ഇവരുടെ മൊബൈൽ ടവർ ലൊക്കേഷൻ സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് പിൻതുടർന്നു. കഴിഞ്ഞ ദിവസം ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ എ.എസ്.ഐ അനിൽവർഗീസ്, സിവിൽ പൊലീസ് ഓഫിസർ അഷറഫ്, സൈബർ സെല്ലിലെ ജോൺസൺ, ആന്റി ഗുണ്ടാ സ്‌ക്വാഡിലെ എ.എസ്.ഐമാരായ വി.എസ് ഷിബുക്കുട്ടൻ, അജിത്, ഐ.സജികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.എൻ മനോജ് എന്നിവർ ചേർന്ന് തമിഴ്നാട്ടിൽ നിന്നും പ്രതികളെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.