
മുണ്ടക്കയം ഈസ്റ്റ്: ജഡ്ജി സഞ്ചരിച്ചിരുന്ന കാറിലേക്ക് പിക്കപ്പ് ലോറിയിടിച്ചു കയറി മറിഞ്ഞ് ലോറിക്ക് തീപിടിച്ച് അപകടം. ഇന്നലെ വൈകുന്നേരം അഞ്ചോടെ ദേശീയപാതയില്‍ കൊടികുത്തിക്കു സമീപമായിരുന്നു അപകടം.
എറണാകുളം ലേബർ കോർട്ട് ജില്ല ജഡ്ജി മുജീബ് റഹ്മാൻ, ക്ലർക്ക് രാജേഷ്, ഡ്രൈവർ ശ്രീജി എന്നിവരാണ് കാറിലുണ്ടായിരുന്നത്. തമിഴ്നാട്ടില്‍നിന്ന് മുണ്ടക്കയം ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് ലോറി പീരുമേട്ടിലേക്ക് പോകുകയായിരുന്ന കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടം നടന്ന ഉടനെ കാറിലുണ്ടായിരുന്ന മൂന്നു പേരെയും പിക്കപ്പ് ലോറിയില്‍ ഉണ്ടായിരുന്ന രണ്ടു പേരെയും പുറത്തെത്തിച്ചതിന് പിന്നാലെ പിക്കപ്പിന് തീപിടിക്കുകയായിരുന്നു.
അപകടം നടന്ന സ്ഥലത്തിനു സമീപം ട്രാൻസ്ഫോർമർ ഉണ്ടായിരുന്നത് അപകടസാധ്യത വർധിപ്പിച്ചു. പിക്കപ്പ് ലോറിയില്‍നിന്നു കാറിലേക്കും ട്രാൻസ്ഫോമറിലേക്കും തീപടരുന്നതിന് മുമ്പുതന്നെ പെരുവന്താനം പോലീസിന്റെ നേതൃത്വത്തില്‍ തീ നിയന്ത്രണവിധേയമാക്കിയിരുന്നു. തുടർന്ന് പീരുമേട്ടില്‍നിന്ന് ഫയർഫോഴ്സെത്തി തീ അണച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. അപകടത്തെത്തുടർന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗതം തടസപ്പെട്ടു.



