ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ: ലോറി ഉടമയും യൂട്യൂബറുമായ മനാഫിന് നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണസംഘം

Spread the love

ബെം​ഗളൂരു: ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് ലോറി ഉടമയും യൂട്യൂബറുമായ മനാഫിന് നോട്ടീസ്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് എസ്ഐടി അറിയിച്ചിരിക്കുന്നത്. ധർമ്മസ്ഥലയിൽ ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സ്ത്രീകളുടെ നിരവധി മൃതദേഹം കുഴിച്ചിട്ടിട്ടുണ്ടെന്ന് മനാഫ് വീഡിയോയിലൂടെ അവകാശപ്പെട്ടിരുന്നു. ഷിരൂരിൽ അപകടത്തിൽ മരിച്ച അർജുൻ ഓടിച്ച ലോറിയുടെ ഉടമയാണ് മനാഫ്. ടി ജയന്തിനൊപ്പം ചേർന്നാണ് മനാഫ് വീഡിയോകൾ പോസ്റ്റ് ചെയ്തിരുന്നത്. ഈ വീഡിയോകളുടെ പശ്ചാത്തലത്തിലാണ് മനാഫിനെ അന്വേഷണസംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.

അതേസമയം, ധർമ്മസ്ഥല കൊലപാതക പരമ്പര സംബന്ധിച്ച വെളിപ്പെടുത്തലിന് പിന്നാലെ വൈകാരികമായ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തെന്ന പരാതിയിൽ യൂട്യൂബർ സമീറിന്‍റെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. ബെൽത്താങ്കടി പൊലീസാണ് സമീറിന്റെ ബംഗളൂരുവിലെ വീട്ടിൽ പരിശോധന നടത്തിയത്. ഇവിടെ നിന്നും കമ്പ്യൂട്ടറൂം ക്യാമറയും ഹാർഡ് ഡിസ്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ധർമ്മസ്ഥലയെ അപകീർത്തിപ്പെടുത്തി എന്ന് ആരോപിച്ചുള്ള പരാതിയിലെടുത്ത കേസിന്റെ ഭാഗമായാണ് നടപടി.

സമീറാണ് ധര്‍മ്മസ്ഥലയെപ്പറ്റി പേടിപ്പെടുത്തുന്ന ഒരു വീഡിയോ ആദ്യമായി തയ്യാറാക്കിയതെന്നാണ് ആരോപണം. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്റെ സഹായത്തോടെ ഭീതിപ്പെടുത്തുന്ന ഗ്രാഫിക് ചിത്രങ്ങളും വീഡിയോകളുമാണ് ഇയാള്‍ ഉപയോഗിച്ചത്. ഒരു കോടിയിലധികം പേരാണ് ഈ വീഡിയോ കണ്ടത്. അതേസമയം കേസിൽ സമീറിന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. പിന്നാലെ ഓഗസ്റ്റ് 24ന് സമീർ ബെൽത്തങ്ങാടി പൊലീസിന് മുന്നിൽ ഹാജരാവുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ധൂത എന്ന യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത 23 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുടെ പേരിലാണ് ധർമ്മസ്ഥല പൊലീസ് സമീറിനെതിരെ സ്വമേധയാ കേസെടുത്തത്. ഇതിന് പിന്നാലെ പ്രദേശവാസിയും സമീറിനെതിരെ പരാതി നൽകി. വീഡിയോയിൽ പരാമർശിച്ചിരിക്കുന്ന വിശദാംശങ്ങൾ പരാതിക്കാരിയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്നുവെന്നും, വീഡിയോ മതവികാരം വൃണപ്പെടുത്തിയെന്നുമാണ് പരാതിയിൽ ആരോപിച്ചിരുന്നത്.