
ലണ്ടനിലെ യാക്കോബായ പള്ളി വികാരിയായ വാകത്താനം സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു: ബ്രിട്ടണിൽ മാത്രം മരിച്ചത് 12 മലയാളികൾ; ദുരിതകാലത്ത് മരണത്തിൽ നിന്നു മുക്തിയില്ലാതെ വിദേശ മലയാളികൾ
തേർഡ് ഐ ബ്യൂറോ
ലണ്ടൻ: നല്ലൊരു നാളെ സ്വപ്‌നം കണ്ട് നാടുവിട്ട് വിദേശ രാജ്യങ്ങളിൽ ജോലി തേടി പോയ മലയാളികൾക്കിടയിൽ കൊറോണ മരണം വർദ്ധിക്കുന്നു. ഏറ്റവും ഒടുവിൽ ലണ്ടനിൽ യാക്കോബായ വൈദികന്റെ മരണമാണ് സംഭവിച്ചത്. ഇതോടെ ബ്രിട്ടണിൽ മാത്രം പന്ത്രണ്ടു മലയാളികളാണ് കൊറോണ ബാധിച്ചു മരിച്ചിരിക്കുന്നത്.
ബുധനാഴ്ച മാത്രം രണ്ടു പേരാണ് ബ്രിട്ടണിൽ മാത്രം മരിച്ചിരിക്കുന്നത്. ഇതിൽ വാകത്താനം സ്വദേശിയും യാക്കോബായ സുറിയാനി സഭയിലെ സീനിയർ വൈദികനായ ലണ്ടൻ സെന്റ് തോമസ് പള്ളി വികാരി ഡോ. ബിജി മാർക്കോസ് ചിറത്തലേട്ടും ഉൾപ്പെടുന്നു. കോലഞ്ചേരി സ്വദേശി ജോൺ സണ്ണിയാണ് രണ്ടാമത്തെ ആൾ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാക്കോബായ സുറിയാനി സഭയിലെ സീനിയർ വൈദികനായ ഡോ. ബിജി മാർക്കോസ് ചിറത്തലേട്ട് (54) ലണ്ടൻ സെന്റ് തോമസ് പള്ളി വികാരിയായിരുന്നു. കോട്ടയം വാകത്താനം സ്വദേശിയാണ്. ഭാര്യ: ബിന്ദു ബിജി, സബിത, ലാബിത, ബേസിൽ എന്നിവർ മക്കളാണ്.
ഇദ്ദേഹത്തിന് രണ്ടാഴ്ച മുൻപാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. രണ്ടു ദിവസം മുൻപാണ് മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് നാട്ടിലെ ബന്ധുക്കളിൽ നിന്നും ലഭിക്കുന്ന വിവരം.
കഴിഞ്ഞ ദിവസം രാത്രിയാണ് പ്രസ്റ്റണിൽ വച്ച് ജോൺ സണ്ണി (71) മരിച്ചത്. പ്രമേഹം അടക്കമുള്ള ജീവിത ശൈലി രോഗങ്ങൾ ഉണ്ടായിരുന്നെങ്കിലും രോഗം പിടികൂടും വരെ പൂർണ ആരോഗ്യലാനായിരുന്നു. കാറ്ററിങ് രംഗത്ത് ജോലി ചെയ്തിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യക്കാണ് ആദ്യം രോഗം പിടികൂടിയത്. ബാപ്പ കെയർ ഹോമിലാണ് ഭാര്യ ജോലി ചെയ്തിരുന്നത്. യുകെയിലെ കെയർ ഹോമുകളിൽ രോഗം പടർന്നു പിടിക്കുക ആണെന്ന് ദിവസങ്ങളായി റിപ്പോർട്ട് ചെയ്യപ്പെടുകയാണ്.
ഭാര്യ സുഖം പ്രാപിച്ചതോടെയാണ് സണ്ണിയ്ക്കു രോഗം ബാധിച്ചത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി രോഗത്തോട് മല്ലിട്ടുകൊണ്ടിരുന്ന സണ്ണിവെന്റിലേറ്ററിലായിരുന്നു. ബുധനാഴ്ച പകൽ തന്നെ രോഗനില അത്യധികം വഷളായതിനാൽ വെന്റിലേറ്റർ പ്രയോജനം ചെയ്യുന്നില്ലെന്നു ഡോക്ടർമാർ കുടുംബത്തെ അറിയിച്ചിരുന്നു.
സണ്ണിയുടെയും വികാരിയുടെയും മരണത്തോടെ യുകെ മലയാളികളെ തേടി എത്തുന്ന രണ്ടു കൊവിഡ് മരണങ്ങൾ കൂടിയാണ് ഇന്നലെ സംഭവിച്ചത്.
മുൻപ് മരണമടഞ്ഞവരിൽ റെഡ് ഹീലിൽ മരിച്ച സിന്റോയും സൗത്താംപ്ടണിൽ മരിച്ച സെബിയും കെയർ ഹോമുകളിലും ജോലി ചെയ്തിരുന്നതായി റിപ്പോർട്ടുണ്ട്. ആശുപത്രികളിൽ പിപിഇ അടക്കമുള്ള കാര്യങ്ങളിൽ കരുതൽ എടുക്കുമ്പോൾ കെയർ ഹോമുകളിൽ യാതൊരു തരത്തിലും രോഗവ്യാപനം തടയാൻ ഉള്ള മുൻകരുതൽ എടുകുന്നിലെന്ന പരാതി മലയാളികൾ തന്നെ ഉന്നയിക്കുകയാണ്. പലരും ഇത് സംബന്ധിച്ച് പ്രാദേശിക കൗൺസിലിനും പരാതികൾ നൽകിയിട്ടുണ്ട്.
ഇതിനു മുമ്പ് കുറവിലങ്ങാട് താമസിച്ചിരുന്ന മോനിപ്പള്ളി ഇല്ലിക്കൽ ജോസഫ് വർക്കിയുടെ ഭാര്യ ഫിലോമിനയാണ് കൊവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. ഓക്‌സ്‌ഫോഡിൽ നഴ്‌സായിരുന്നു. ഓക്‌സ്‌ഫോഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വച്ച് ഇമാസം നാലിനു പുലർച്ചെ 2. 30നായിരുന്നു അന്ത്യം. 15 ദിവസത്തിലേറെയായി വെന്റിലേറ്ററിൽ ആയിരുന്നു. ഓക്സ്‌ഫോർഡ് ജോൺ റാഡ് ക്ലിഫ് ഹോസ്പിറ്റലിൽ ആംബുലേറ്ററി അസസ്‌മെന്റ് യൂണിറ്റിൽ നഴ്‌സായിരുന്നു.
ലണ്ടനിലെ എൻഎച്ച്എസ് നഴ്‌സും കോട്ടയം വെളിയന്നൂർ സ്വദേശിയുംമായ അനൂജ് കുമാർ ആണ് ഏപ്രിൽ 28ന് വിട വാങ്ങിയത്. 44 വയസ് മാത്രമായിരുന്നു പ്രായം. കഴിഞ്ഞ കുറെ നാളുകളായി കോവിഡിനോട് യുദ്ധം ചെയ്ത് ബോസ്റ്റണിലും ലെസ്റ്ററിലുമുള്ള ഹോസ്പിറ്റലുകളിൽ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ കഴിയുകയായിരുന്നു.
കൊവിഡ് 19 ബാധിച്ച് യുകെയിൽ മരണത്തിനു കീഴടങ്ങുന്ന എട്ടാമത്തെ മലയാളി സതാംപ്ടണിലെ സെബി ദേവസി ആയിരുന്നു. ബർമിങാമിലെ മലയാളി ഡോക്ടറായിരുന്ന പെരിന്തൽമണ്ണ സ്വദേശി ഡോ. ഹംസയാണ് മരണത്തിനു കീഴടങ്ങുന്ന ആദ്യ മലയാളി. അതിനു ശേഷമാണ് ഒരു ദിവസം തന്നെ മൂന്നു മരണങ്ങൾ യുകെ മലയാളികളെ തേടിയെത്തിയത്. റെഡ് ഹിൽ മലയാളി സിന്റോ ജോർജും ലണ്ടനിൽ മകളെ കാണാൻ എത്തിയ കൊല്ലം സ്വദേശിനിയും റിട്ടയേർഡ് അദ്ധ്യാപികയുമായ ഇന്ദിരയും വെംബ്ലിയിലെ തൃശൂർ ചാവക്കാട് പുതിയകത്തു വീട്ടിൽ ഇഖ്ബാലുമാണ് ഒരേദിവസം മരണത്തിനു കീഴടങ്ങിയത്.
ഡെർബി മലയാളി സിബി മാണിയുടെ മരണമാണ് പിന്നീട് യുകെ മലയാളികൾക്ക് ആഘാതമായി എത്തിയത്. പിന്നാലെ ബർമിങാമിലെ സീനിയർ ജിപി ആയിരുന്ന ഡോ. അമറുദീനും കഴിഞ്ഞ ദിവസം പ്രസ്റ്റണിലെ ഡോക്ടറായിരുന്ന കോഴഞ്ചേരി സ്വദേശിയായ ഡോക്ടർ ജെ സി ഫിലിപ്പുമാണ് മരണത്തിനു കീഴടങ്ങിയത്. അതേസമയം, നിരവധി മലയാളികൾ കൊറോണ ബാധിതരായി ബ്രിട്ടനിലെ വിവിധ ആശുപത്രികളിലും വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് വിവരം.
എന്നാൽ, ഓരോ ദിവസവും മലയാളികളുടെ മരണം വർദ്ധിക്കുന്നത് കടുത്ത ആശങ്കയാണ് ബ്രിട്ടീഷ് മലയാളികൾക്കിടയിൽ ഉണ്ടാകുന്നത്. ബ്രിട്ടണിലെ മരണസംഖ്യ വർദ്ധിക്കുന്നത് ഇവിടുത്തെ ആരോഗ്യ സംവിധാനങ്ങളുടെയും പ്രതിരോധ പ്രവർത്തനങ്ങളുടെയും പിഴവാണ് എന്ന സൂചനയാണ് ലഭിക്കുന്നത്.