പ്രതിപക്ഷ ശക്തി തെളിയിക്കാൻ ഇന്ത്യാസഖ്യം; ലോകസഭാ സ്പീക്കർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്, ഭൂരിപക്ഷമുള്ളതിനാൽ ഓം ബിർളയുടെ ജയം ഉറപ്പെന്ന് സൂചന, നാമനിർദേശം നൽകുന്നതിനുള്ള അവസാന സമയത്ത് ഇന്ത്യാസഖ്യത്തിന്റെ തുറുപ്പുചീട്ടെന്ന പോലെ കൊടിക്കുന്നിൽ സുരേഷ്, നടക്കാനിരിക്കുന്നത് കടുത്ത മത്സരം

പ്രതിപക്ഷ ശക്തി തെളിയിക്കാൻ ഇന്ത്യാസഖ്യം; ലോകസഭാ സ്പീക്കർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്, ഭൂരിപക്ഷമുള്ളതിനാൽ ഓം ബിർളയുടെ ജയം ഉറപ്പെന്ന് സൂചന, നാമനിർദേശം നൽകുന്നതിനുള്ള അവസാന സമയത്ത് ഇന്ത്യാസഖ്യത്തിന്റെ തുറുപ്പുചീട്ടെന്ന പോലെ കൊടിക്കുന്നിൽ സുരേഷ്, നടക്കാനിരിക്കുന്നത് കടുത്ത മത്സരം

ന്യൂഡൽഹി: ലോകസഭാ സ്പീക്കർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്.

ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിനെന്ന് ഉറപ്പു നൽകാൻ ബിജെപി വിസമ്മതിച്ചതോടെയാണ് ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്കു മത്സരിക്കാൻ ഇന്ത്യാസഖ്യം തീരുമാനിച്ച‌ത്. രാവിലെ 11മണിക്കാണ് തെരഞ്ഞെടുപ്പ്. കഴിഞ്ഞ ലോക്സഭാ സ്പീക്കർ ഓം ബിർളയാണ് എൻഡിഎ സ്ഥാനാർഥി.

ഇന്ത്യാസഖ്യത്തിനായി കോൺഗ്രസിൽനിന്ന് കൊടിക്കുന്നിൽ സുരേഷ് മത്സരിക്കും. ലോകസഭയിൽ ഭൂരിപക്ഷമുള്ളതിനാൽ ഓം ബിർളയുടെ ജയം ഉറപ്പാണ്. പ്രതിപക്ഷത്തിന്റെ ശക്തി തെളിയിക്കുകയാണ് ഇന്ത്യാസഖ്യത്തിന്റെ ലക്ഷ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്പീക്കർ സ്ഥാനത്തേക്ക് മത്സരം ആദ്യമല്ല. ലോക്സഭയിൽ ഇതുവരെ നടന്ന 22 സ്പീക്കർ തെരഞ്ഞെടുപ്പുകളിൽ 17 തവണ ഒരു സ്ഥാനാർത്ഥി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആദ്യ ലോക്സഭയിലുൾപ്പെടെ 5 തവണ ഒന്നിലധികം സ്ഥാനാർത്ഥികൾ രംഗത്തുണ്ടായിരുന്നു.

എൻഡിഎക്കു ലോക്സഭയിൽ 293 അംഗങ്ങളുണ്ട്; ഇന്ത്യാസഖ്യത്തിന് 236. ഇരുപക്ഷത്തുമില്ലാത്ത വൈഎസ്ആർസിപി എൻഡിഎയെ പിന്തുണയ്ക്കുമെന്നാണു സൂചന. രാജ്സ്ഥാനിലെ കോട്ടയിൽനിന്നുള്ള എംപിയാണ് ഓം ബിർല.

ഇത്തവണ കോൺഗ്രസിലെ പ്രഹ്ലാദ് ഗുഞ്ജലിനെതിരെ 41,924 വോട്ടിന്റെ ഭൂരിപക്ഷം നേടിയായിരുന്നു വിജയം. മാവേലിക്കരയിൽനിന്ന് 10868 വോട്ടിനാണ് കൊടിക്കുന്നിൽ സുരേഷ് വിജയിച്ചത്. സിപിഐയിലെ സി.എ.അരുൺകുമാറായിരുന്നു എതിരാളി.

സ്പീക്കർ സ്ഥാനത്തേക്കു നാമനിർദേശം നൽകുന്നതിനുള്ള സമയപരിധി ഇന്നലെ ഉച്ചയ്ക്ക് 12ന് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് പ്രതിപക്ഷ ആവശ്യം നിരാകരിച്ച് ഓം ബിർളയുടെ സ്ഥാനാർഥിത്വം ഭരണപക്ഷം പ്രഖ്യാപിച്ചത്.

ഇതോടെ, സഭയിലെ ഏറ്റവും മുതിർന്ന അംഗമായിട്ടും പ്രോടെം സ്പീക്കർ പദവി നിഷേധിക്കപ്പെട്ട കൊടിക്കുന്നിൽ സുരേഷിനെത്തന്നെ ഇന്ത്യാസഖ്യം രംഗത്തിറക്കി. സമയപരിധി അവസാനിക്കുന്നതിനു 5 മിനിറ്റ് മുൻപാണു കൊടിക്കുന്നിലിന്റെ പേരു നിർദേശിച്ചുള്ള പ്രമേയത്തിനു പ്രതിപക്ഷം നോട്ടിസ് നൽകിയത്.