തരൂരിനെ നേരിടാൻ ശോഭനയോ? തിരുവനന്തപുരത്ത് സിനിമാതാരം ശോഭനയെ മല്‍സരിപ്പിക്കാൻ ബിജെപി നീക്കമെന്ന് റിപ്പോർട്ട് ;  സമ്മതം മൂളിയാല്‍ തലസ്ഥാനത്ത് താമര വിരിയിക്കാൻ ഇത്തവണ ശോഭനയെത്തുമെന്നു ചുരുക്കം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: തിരുവനന്തപുരത്ത് സിനിമാതാരം ശോഭനയെ മല്‍സരിപ്പിക്കാൻ ബിജെപി നീക്കമെന്ന് റിപ്പോർട്ട്. താരവുമായി ബിജെപി കേന്ദ്ര നേതാക്കള്‍ ഇക്കാര്യം സംസാരിച്ചുവെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു. തൃശൂരില്‍ പ്രധാനമന്ത്രി പങ്കെടുത്ത വനിതാ മഹാ സമ്മേളനത്തില്‍ ശോഭനയും പങ്കെടുത്തിരുന്നു.

തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി നിർണയം നടത്തുന്നത് പൂർണമായും കേന്ദ്ര നേതൃത്വമാണ്. കരുത്തുറ്റ സ്ഥാനാർത്ഥി തന്നെ മല്‍സരിക്കാനെത്തുമെന്നു മാത്രമാണ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. ധനമന്ത്രി നിർമല സീതാരാമൻ , വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഇങ്ങനെ നീളുന്നു നിര. ഈ പട്ടികയിലേക്ക് ഏറ്റവുമൊടുവിലെത്തിയ പേരാൻ സിനിമാ താരം ശോഭനയുടേതെന്നാണ് മനോരമ വാർത്ത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാളികളുടെ പ്രീയപ്പെട്ട താരം മല്‍സരിക്കാനെത്തുമ്ബോള്‍ ബിജെപി വോട്ടിനൊപ്പം വ്യക്തിഗത വോട്ടുകൂടി ചേരുമ്ബോള്‍ വിജയത്തേരിലേറെമെന്നാണ് ബിജെപി നേതൃത്വത്തിന്റെ പ്രതീക്ഷ. ശോഭനയുടെ ബന്ധുക്കളും മണ്ഡലത്തില്‍ ഇപ്പോഴുമുണ്ട്. ട്രാവൻകൂർ സിസ്റ്റേഴ്‌സ് എന്നറിയപ്പെടുന്ന പത്മിനി ,രാഗിണി, ലളിത എന്നിവർ ശോഭനയുടെ പിതൃ സഹോദരങ്ങളാണ്.

ബിജെപി ബന്ധമുള്ള സംവിധായകരും താരങ്ങളും ബിജെപി കേന്ദ്ര നേതാക്കളും ശോഭനയുമായി സ്ഥാനാർത്ഥികാര്യം സംസാരിച്ചിട്ടുണ്ട്. നേരത്തെ തൃശൂരില്‍ നടന്ന വനിതാ മഹാ സമ്മേളനത്തില്‍ ശോഭന പങ്കെടുത്തിരുന്നു. ചെന്നെയില്‍ താമസിക്കുന്നു ശോഭന ഈ അടുത്ത കാലത്തു പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന സിനിമയില്‍ സുരേഷ് ഗോപിക്കൊപ്പം നായികാ റോളിലേക്കും മടങ്ങിയെത്തിയിരുന്നു. സമ്മതം മൂളിയാല്‍ തലസ്ഥാനത്ത് താമര വിരിയിക്കാൻ ഇത്തവണ ശോഭനയെത്തുമെന്നു ചുരുക്കം-ഇതാണ് മനോരമ ന്യൂസിലെ വാർത്ത.

കേരള സർക്കാരിന് കീഴിലെ കേരളീയം പരിപാടിയുടെ അംബാസിഡറാണ് ശോഭന. അതിന് ശേഷമാണ് ബിജെപിയുടെ വേദിയില്‍ എത്തിയത്. മോദിയുടെ സ്ത്രീ ശാക്തീകരണ പദ്ധതികളെ പുകഴത്തുകയും ചെയ്തു. അതുകൊണ്ട് കൂടിയാണ് ബിജെപി സ്ഥാനാർത്ഥിയായി ശോഭന മത്സരിക്കുമെന്ന വാർത്ത വ്യാപക ചർച്ചയായത്. ബിജെപി തിരുവനന്തപുരത്ത് ഇനിയും സ്ഥാനാർത്ഥിയെ നിശ്ചയിച്ചിട്ടില്ല. ശശി തരൂരാണ് കോണ്‍ഗ്രസിന്റെ സിറ്റിങ് എംപി. സിപിഐയ്ക്കായി പന്ന്യൻ രവീന്ദ്രനും. കേന്ദ്ര മന്ത്രിമാർ അടക്കം ബിജെപിയുടെ പരിഗണനാ പട്ടികയിലുണ്ട്. എന്നാല്‍ ചിത്രം വ്യക്തമല്ലെന്നതാണ് വസ്തുത. ഈ സാഹചര്യത്തിലാണ് ശോഭനയുടെ പേര് ചർച്ചകളില്‍ എത്തുന്നത്. നേരത്തെ കെ എസ് ചിത്രയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനും ബിജെപി ശ്രമിച്ചിരുന്നു. എന്നാല്‍ ചിത്ര വിസമ്മതം അറിയിച്ചു.

ഇതോടെയാണ് ശോഭനയിലേക്ക് ചർച്ച എത്തിയത്. തിരുവനന്തപുരം സ്വദേശിയായ ചന്ദ്രകുമാറിന്റേയും മലേഷ്യയില്‍ വേരുകളുള്ള ഡോ. ആനന്ദത്തിന്റേയും മകളാണ് ശോഭന. പ്രശസ്ത നർത്തകിമാരും നടിമാരുമായ ലളിത-പത്മിനി-രാഗിണിമാരുടെ സഹോദരനാണ് ശോഭനയുടെ അച്ഛൻ ചന്ദ്രകുമാർ. നടി സുകുമാരി ശോഭനയുടെ ബന്ധുവാണ്. നടൻ കൃഷ്ണ, ശോഭനയുടെ അമ്മായി ലളിതയുടെ കൊച്ചുമകനാണ്. നടനും നർത്തകനുമായ വിനീതും ശോഭനയുടെ ബന്ധുവാണ്. ശോഭനയുടെ അമ്മായി പത്മിനിയുടെ ഭർത്താവിന്റെ സഹോദരപുത്രനാണ് വിനീത്. തിരുവിതാംകൂർ സഹോദരിമാർ എന്നാണ് ലളിത-പത്മിനി-രാഗിണിമാർ അറിയപ്പെട്ടത്.

അഭിനയത്തിലും നൃത്തത്തിലും വ്യക്തിമുദ്ര പതിപ്പിച്ച ശോഭന 1984 ല്‍ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘ഏപ്രില്‍ 18’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. അതേ വർഷം തന്നെ മമ്മൂട്ടി നായകനായ ‘കാണാമറയത്ത്’ എന്ന ചിത്രത്തിലും അഭിനയിച്ച ശോഭന, തമിഴില്‍ ‘എനക്കുള്‍ ഒരുവൻ’ എന്ന ചിത്രത്തില്‍ കമല്‍ഹാസനോടൊപ്പം അഭിനയിച്ചു. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ നായികയായി വേഷമിട്ടു.

ചിത്രാ വിശ്വേശ്വരന്റെ കീഴില്‍ നൃത്തം അഭ്യസിച്ച ശോഭന ഭരതനാട്യത്തെ രാജ്യാന്തരവേദികളില്‍ എത്തിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചു. കേരള , തമിഴ്‌നാട് സർക്കാരുകളുടെ അവാർഡുകള്‍, ഫിലിം ഫെയർ അവാർഡുകള്‍ തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ ശോഭന നേടിയിട്ടുണ്ട്. ‘മണിച്ചിത്രത്താഴ്,’ ‘മിത്ര് മൈ ഫ്രണ്ട്’ എന്നീ ചിത്രങ്ങളിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം രണ്ടു തവണ കരസ്ഥമാക്കി. കലാരംഗത്തുള്ള സംഭാവനകള്‍ പരിഗണിച്ച്‌ 2006 ല്‍ രാജ്യം ശോഭനയെ പത്മശ്രീ നല്‍കി ആദരിച്ചു. ദൂരദർശൻ ഗ്രേഡ് എ ടോപ് ആർട്ടിസ്റ്റ് ആയ ശോഭന, കലാർപ്പണ എന്ന പേരില്‍ ചെന്നൈയില്‍ സ്വന്തമായി ഒരു ഡാൻസ് സ്‌കൂളും നടത്തുന്നുണ്ട്.