
സ്വന്തം ലേഖിക.
കോട്ടയം :കേന്ദ്രമന്ത്രിമാരെ ഉള്‍പ്പെടെ മത്സരിപ്പിച്ച് ഒരു സീറ്റെങ്കിലും നേടാനാകുമോയെന്ന തന്ത്രങ്ങള്‍ ആവിഷ്കരിക്കുകയാണ് ദേശീയ നേതൃത്വം. ബി.ജെ.പി നേതൃത്വവും ചില മാധ്യമങ്ങളും നടത്തിയ സര്‍വേകളില്‍ കേരളത്തിലെ 20 സീറ്റില്‍ ഒന്നില്‍ പോലും പാര്‍ട്ടിക്ക് ഇക്കുറിയും വിജയസാധ്യതയില്ലെന്നാണ് കണ്ടെത്തല്‍.
സുരേഷ്ഗോപിക്ക് വിജയസാധ്യത കല്‍പിക്കുന്നുണ്ടെങ്കിലും ഇടത്-വലത് മുന്നണികള്‍ ഒരുമിച്ച് ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്ന വിലയിരുത്തലുമുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തില്‍ എന്തുകൊണ്ട് ബി.ജെ.പിക്ക് വിജയിക്കാൻ സാധിക്കുന്നില്ലെന്നതാണ് ദേശീയ നേതൃത്വത്തെ കുഴക്കുന്നത്. സംസ്ഥാന നേതൃത്വത്തിന്‍റെ പാളിച്ചകള്‍ക്കുപുറമെ ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്താൻ കഴിയുന്നില്ലെന്ന വിലയിരുത്തലാണുള്ളത്. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാനാകാത്തതാണ് പരാജയത്തിന്‍റെ പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍.
തിരുവനന്തപുരം, ആറ്റിങ്ങല്‍, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട മണ്ഡലങ്ങളാണ് ബി.ജെ.പി പ്രതീക്ഷ വെക്കുന്നത്. എന്നാല്‍ തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ മാത്രമാണ് ബി.ജെ.പിക്ക് വേരോട്ടമുള്ളതെന്നാണ് സര്‍വേയില്‍ വ്യക്തമാകുന്നത്. എന്നാല്‍, ഇവിടങ്ങളില്‍ ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമായതിനാല്‍ വിജയിക്കാനുള്ള സാധ്യതയില്ലെന്ന വിലയിരുത്തലുമുണ്ട്.
തൃശൂരില്‍ സുരേഷ്ഗോപി, പാലക്കാട്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍, ആറ്റിങ്ങലില്‍ കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ എന്നിവര്‍ ഏറക്കുറെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചുകഴിഞ്ഞു.
കേരളത്തില്‍ ശക്തമായ പ്രതിപക്ഷമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ മാറിയിട്ടും സംസ്ഥാന നേതൃത്വം എല്‍.ഡി.എഫ് സര്‍ക്കാറിനെതിരെ കാര്യമായി രംഗത്തില്ലെന്നതും ദേശീയനേതൃത്വത്തെ വലയ്ക്കുന്നുണ്ട്.



