തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും മഹാത്മാ ഗാന്ധിയുടെ പേര് വെട്ടിമാറ്റി..!, വിബി ജി റാം ജി ബില്‍ പാസാക്കി ലോക്‌സഭ; ശക്തമായി പ്രതിഷേധിച്ച്‌ പ്രതിപക്ഷം: ബില്ല് വലിച്ചുകീറി എറിഞ്ഞു

Spread the love

ന്യൂഡൽഹി: തൊഴിലുറപ്പു പദ്ധതി പൊളിച്ചെഴുതാനുള്ള വിബി ജി റാം ജി ബില്ല് പാസാക്കി ലോക്സഭ. പ്രതിപക്ഷത്തിന്‍റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് ബില്ല് പാസാക്കിയത്.

video
play-sharp-fill

മഹാത്മാഗാന്ധിയുടെ പേര് മാറ്റുകയല്ല ചെയ്തതെന്നും പുതിയ പദ്ധതിയാണെന്നും ശിവരാജ്സിംഗ് ചൗഹാൻ സഭയില്‍ പറഞ്ഞു.

പ്രതിഷേധത്തിന്‍റെ ഭാഗമായി പ്രതിപക്ഷം ബില്ല് വലിച്ചുകീറി എറിഞ്ഞു. പിന്നാലെ ബഹളത്തിന് കീഴടങ്ങില്ലെന്ന് ശിവരാജ്സിംഗ് ചൗഹാൻ വ്യക്തമാക്കി. തൊഴിലുറപ്പ് പദ്ധതി പൂജ്യ ബാപു ഗ്രാമീണ്‍ റോസ്ഗാർ യോജന എന്ന് പേര് മാറ്റുമെന്നാണ് നേരത്തെ വിവരങ്ങള്‍ പുറത്ത് വന്നത്. ഇതിനെ ബിജെപി നേതാക്കള്‍ പരസ്യമായി സ്വാഗതം ചെയ്യുകയും പ്രതിപക്ഷം എതിർക്കുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ പേര് മാത്രമല്ല വികസിത ഭാരത് ഗ്യാരണ്ടീ ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ എന്ന പേരില്‍ പദ്ധതി മൊത്തത്തില്‍ പൊളിച്ചെഴുതുകയാണെന്ന് പാർലമെന്റില്‍ അവതരണത്തിന് മുന്നോടിയായി ബില്‍ എംപിമാർക്ക് ലഭിച്ചപ്പോഴാണ് വ്യക്തമായത്.

വിബി ജി റാം ജി എന്നാവും പദ്ധതിയുടെ ചുരുക്ക പേര്. നേരത്തെ നൂറ് ശതമാനം പദ്ധതി വിഹിതവും കേന്ദ്രസർക്കാരാണ് നല്‍കിയിരുന്നതെങ്കില്‍ പുതിയ നിയമത്തില്‍ വടക്ക് കിഴക്കൻ സംസ്ഥാനങ്ങള്‍ക്കും ജമ്മു കാശ്മീർ, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കും പത്ത് ശതമാനവും, മറ്റ് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നാല്‍പത് ശതമാനവും ബാധ്യത വരും. ഉറപ്പാക്കുന്ന തൊഴില്‍ ദിനങ്ങള്‍ നൂറില്‍ നിന്നും നൂറ്റിയിരുപത്തഞ്ചായി ഉയർത്തിയിട്ടുണ്ട്. അതേസമയം പദ്ധതിക്കായി അംഗീകരിച്ച തൊഴിലുകളില്‍ കാര്യമായ മാറ്റമുണ്ട്. വികസിത ഭാരതമെന്ന ലക്ഷ്യത്തോടെ ഗ്രാമങ്ങളിലെ അടിസ്ഥാന വികസനത്തിനായി പൊതുമരാമത്ത് പ്രവർത്തികളെ ശാക്തീകരിക്കാനും, ജല സംരക്ഷണം, അനുബന്ധ ജോലികള്‍, ഗ്രാമീണ വികസനം, ഉപജീവനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വെല്ലുവിളികള്‍ ചെറുക്കാനുള്ള പ്രവർത്തികള്‍ മുതലായവയാണ് ജോലിയായി അംഗീകരിച്ചിട്ടുള്ളത്.

പ്രധാനപ്പെട്ട കാർഷിക സീസണുകളില്‍ പദ്ധതിപ്രകാരം തൊഴില്‍ നല്‍കാൻ പാടില്ലെന്നും, കർഷക തൊഴിളാളികളുടെ ലഭ്യത ഉറപ്പുവരുത്താനാണിതെന്നും ബില്ലില്‍ പറയുന്നു. അപേക്ഷിച്ച്‌ പതിനഞ്ച് ദിവസത്തിനകം തൊഴില്‍ നല്‍കിയില്ലെങ്കില്‍ വേതനത്തിന് അർഹതയുണ്ടായിരിക്കുമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. കേന്ദ്ര ഗ്രാമീണ റോസ്ഗാർ കൗണ്‍സിലാണ് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുക. നേരത്തെ ഗ്രാമീണ വികസന മന്ത്രാലയമായിരുന്നു മേല്‍നോട്ടം. പദ്ധതിയുടെ ബാധ്യത സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കാനാണ് കേന്ദ്രസർക്കാർ നീക്കമെന്ന് പ്രതിപക്ഷം വിമർശിച്ചു.

ഡിസംബർ 19ന് വി ബി ജി റാം ജി ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കർഷക തൊഴിലാളി യൂണിയനുകളുടെ സംയുക്ത വേദി അറിയിച്ചിട്ടുണ്ട്.

പ്രാദേശിക ജില്ല സംസ്ഥാന ദേശീയ തലങ്ങളില്‍ പ്രതിഷേധം നടത്തും. കർഷകരും തൊഴിലാളികളും സ്ത്രീകളും വിദ്യാർത്ഥികളും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധത്തിന്‍റെ ഭാഗമാകും എന്ന് നേതാക്കള്‍ അറിയിച്ചു.

ബില്ലിന്‍റെ പേരില്‍ പ്രശ്നമുണ്ടെങ്കിലും അതിനേക്കാള്‍ വലിയ പ്രശ്നം അതിന്‍റെ ഉള്ളടക്കത്തില്‍ ആണെന്നും അഭിമാനത്തോടെ ജീവിക്കാൻ ഭരണഘടന ജനങ്ങള്‍ക്ക് നല്‍കുന്ന അവകാശത്തെ തകർക്കുന്നതാണ് ബില്ലെന്നും സിപിഐ നേതാവ് ആനി രാജ പറഞ്ഞു.