play-sharp-fill
മുത്തലാഖ് നിരോധന ബില്‍ പാര്‍ലമെന്റില്‍ വീണ്ടും അവതരിപ്പിക്കും: രവിശങ്കര്‍ പ്രസാദ്

മുത്തലാഖ് നിരോധന ബില്‍ പാര്‍ലമെന്റില്‍ വീണ്ടും അവതരിപ്പിക്കും: രവിശങ്കര്‍ പ്രസാദ്

സ്വന്തംലേഖകൻ

ന്യൂഡല്‍ഹി: മുത്തലാഖ് നിരോധന ബില്‍ പാര്‍ലമെന്റില്‍ വീണ്ടും അവതരിപ്പിക്കുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനു പിന്നാലെ കഴിഞ്ഞ മാസം തന്നെ 16-ാം ലോക്‌സഭ പിരിച്ചുവിട്ട സാഹചര്യത്തിലാണ് തീരുമാനം.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ അവസാന പാര്‍ലമെന്റ് സമ്മേളനത്തിലും പാസാക്കാന്‍ കഴിയാതിരുന്നതോടെ മുത്തലാഖ് ബില്ലിലെ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ വീണ്ടും ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു. ലോക്‌സഭയില്‍ ആദ്യം അവതരിപ്പിക്കുന്ന ബില്ലുകള്‍ ലോക്‌സഭയുടെ കാലാവധി തീരുന്നതിനുള്ളില്‍ രാജ്യസഭയിലും പാസായില്ലെങ്കില്‍ അസാധുവാകുമെന്നാണ് ചട്ടം.
മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ പാസായിരുന്നെങ്കിലും രാജ്യസഭയില്‍ എതിര്‍ക്കപ്പെട്ടിരുന്നതിനാല്‍ പാസാക്കാനായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ബില്ല് വീണ്ടും അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യസഭയില്‍ ബില്ലിനെ പ്രതിപക്ഷം എതിര്‍ത്തതിനാലാണ് പാസാക്കാനാകാതിരുന്നത്.
ബില്ല് വീണ്ടും അവതരിപ്പിക്കുമോയെന്ന ചോദ്യത്തിനു തീര്‍ച്ചയായും അവതരിപ്പിക്കുമെന്നും അത് ബിജെപിയുടെ പ്രകടനപത്രികയുടെ ഭാഗമാണെന്നുമാണ് കേന്ദ്രമന്ത്രി പ്രതികരിച്ചത്. ഏകീകൃത സിവില്‍ കോഡിനെ സംബന്ധിച്ച ചോദ്യങ്ങള്‍ക്കു വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.