ലോകനേതാക്കൾ ഇന്ത്യയിലേക്ക് ;പ്രധാനമന്ത്രിയായി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ വൈകിട്ട്
സ്വന്തംലേഖകൻ
ദില്ലി: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിൻറെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇനി രണ്ടാമൂഴം. രാഷ്ട്രപതി ഭവനിൽ നടക്കുന്ന വർണാഭമായ ചടങ്ങിൽ ബിംസ്റ്റെക് രാജ്യങ്ങളിൽ നിന്നുള്ള ലോകരാഷ്ട്രത്തലവൻമാരെത്തും. മറ്റൊരു പരിപാടിയിലായതിനാൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സത്യപ്രതിജ്ഞാ ചടങ്ങിനെത്തില്ല. പകരം ബംഗ്ലാദേശ് പ്രസിഡൻറ് അബ്ദുൾ ഹമീദ് എത്തും. പാകിസ്ഥാനൊഴികെ ബംഗാൾ ഉൾക്കടലിൻറെ കരയിലുള്ള രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബിംസ്റ്റെക് (ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഓഫ് മൾട്ടി സെക്ടറൽ, ടെക്‌നിക്കൽ ആൻറ് എക്കണോമിക് കോഓപ്പറേഷൻ).വൈകിട്ട് ആറരയോടെ തുടങ്ങുന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നരേന്ദ്രമോദിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ബംഗ്ലാദേശ് പ്രസിഡൻറ് അബ്ദുൾ ഹമീദ്, ശ്രീലങ്കൻ പ്രസിഡൻറ് മൈത്രിപാല സിരിസേന, നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി, മ്യാൻമർ പ്രസിഡൻറ് യു വിൻ മ്യിൻത്, ഭൂട്ടാൻ പ്രധാനമന്ത്രി ലോതേ സെറിംഗ് എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിനെത്തുമെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ അറിയിച്ചു. തായ്‌ലൻഡിൽ നിന്ന് പ്രത്യേക പ്രതിനിധിയായി ഗ്രിസാദ ബൂൻറാച് ചടങ്ങിൽ പങ്കെടുക്കും. ബിംസ്റ്റെക് രാജ്യങ്ങൾക്ക് പുറമേ മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്‌നാത്, കിർഗിസ്ഥാൻ പ്രസിഡൻറ് സൂറോൻബേ ജീൻബെകോവ് എന്നിവർ ചടങ്ങിലെത്തുമെന്ന് വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.സത്യപ്രതിജ്ഞാച്ചടങ്ങുകൾ വൈകിട്ട് ആറര മുതൽ എല്ലാ ദൂരദർശൻ ചാനലുകളിലും ഏഷ്യാനെറ്റ് ന്യൂസിലും ഓൺലൈനിലും തത്സമയം സംപ്രേഷണം ചെയ്യും. രാഷ്ട്രപതി ഭവൻറെ മുന്നിലെ വിശാലമായ മുറ്റത്താകും ചടങ്ങുകൾക്കുള്ള പ്രത്യേക വേദി ഒരുക്കുക. ഇവിടെ വച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന ആറാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. സാധാരണ ദർബാർ ഹാളിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടത്താറ്. പക്ഷേ ഇത്തവണ എത്തുന്ന അതിഥികളുടെ എണ്ണം അടക്കം കണക്കിലെടുത്താണ് ചടങ്ങ് രാഷ്ട്രപതിഭവൻറെ മുൻഭാഗത്തേക്ക് മാറ്റിയത്. 6500-ലധികം പേർ ചടങ്ങിനെത്തുമെന്നാണ് കണക്കുകൂട്ടൽ. 2014-ൽ ഏതാണ്ട് അയ്യായിരം പേരാണ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്.
2014-ൽ എത്തിയത് ആരൊക്കെ?
2014-ൽ ആദ്യം പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുമ്പോൾ സാക്ഷ്യം വഹിക്കാൻ എല്ലാ സാർക് നേതാക്കളെയും നരേന്ദ്രമോദി ക്ഷണിച്ചിരുന്നു. അന്നത്തെ പ്രധാനമന്ത്രി നവാസ് ഷെരീഫിനെക്കൂടി ക്ഷണിച്ച മോദിയുടെ അന്നത്തെ നടപടി നയതന്ത്രരംഗത്തെ വലിയ ചുവടുവയ്പായാണ് കണക്കാക്കപ്പെട്ടിരുന്നത്.പിന്നീട് നവാസ് ഷെരീഫിൻറെ മകളുടെ വിവാഹത്തിൽപ്പോലും പങ്കെടുക്കാൻ മോദി എത്തി. എന്നാൽ അന്നത്തെ സ്ഥിതിയല്ല ഇന്ന്. പിന്നീട് ഇന്ത്യ – പാക് നയതന്ത്രബന്ധം തീരെ വഷളായി. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പുൽവാമയിൽ ഭീകരാക്രമണം നടന്നതും ഇന്ത്യ ബാലാകോട്ടിൽ പ്രത്യാക്രമണം നടത്തിയതും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ശത്രുത കൂട്ടി. ഇരുരാജ്യങ്ങളും പരസ്പരം പഴി ചാരി. ഇത്തവണ പാകിസ്ഥാനെ ഒഴിവാക്കി ബിംസ്റ്റെക് നേതാക്കളെ മാത്രം ക്ഷണിച്ചതിലൂടെ പാകിസ്ഥാന് ഇന്ത്യ കൃത്യമായ സന്ദേശം നൽകുകയാണ്. ഭീകരത അവസാനിപ്പിക്കാതെ ചർച്ചയില്ലെന്ന സന്ദേശം.