
കോട്ടയം : മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും ജനപ്രീതി നേടിയ ചിത്രങ്ങളുടെ നിരയിലേക്ക് ഇതിനകം എത്തിയിട്ടുണ്ട് ലോക. എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയങ്ങളുടെ പട്ടികയിലേക്ക് ചിത്രം എത്തുമെന്നതും ഇതിനകം ഉറപ്പായിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച് ഉയര്‍ന്ന ഒരു വിമര്‍ശനത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ബെംഗളൂരു നഗരമാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. ചിത്രത്തിലെ ഒരു ഡയയോഗ് ബെംഗളൂരു നഗരത്തെ മോശമായി ചിത്രീകരിക്കുന്നതാണെന്ന് കര്‍ണാടകത്തില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിലാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ വേഫെറര്‍ പ്രതികരണവുമായി എത്തിയിരിക്കുന്നത്.
“ഞങ്ങളുടെ ചിത്രമായ ലോക: ചാപ്റ്റര്‍ 1 ലെ ഒരു കഥാപാത്രം പറയുന്ന ഒരു സംഭാഷണം ഞങ്ങള്‍ ഉദ്ദേശിക്കാത്ത വിധത്തില്‍ കര്‍ണാടകത്തിലെ ജനങ്ങളുടെ വികാരത്തെ മുറിവേല്‍പ്പിച്ചതായി ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിരിക്കുന്നു. വേഫെറര്‍ ഫിലിംസില്‍ മറ്റെന്തിനേക്കാളും പ്രാധാന്യം ജനങ്ങള്‍ക്കാണ് ഞങ്ങള്‍ നല്‍കുന്നത്. സംഭവിച്ച ഈ അശ്രദ്ധയില്‍ ഞങ്ങള്‍ അങ്ങേയറ്റം ഖേദിക്കുന്നു. ഇത് ബോധപൂര്‍വ്വം ആയിരുന്നില്ല. ചോദ്യംചെയ്യപ്പട്ടിരിക്കുന്ന സംഭാഷണം എത്രയും വേഗം ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യും. ഉണ്ടായ മനോവിഷമത്തില്‍ ഞങ്ങള്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. ഞങ്ങളുടെ ക്ഷമാപണം സ്വീകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു”, എന്നാണ് സോഷ്യല്‍ മീഡിയയില്‍ വേഫെറര്‍ ഫിലിംസ് കുറിച്ചിരിക്കുന്നത്.
ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് ലോക- ചാപ്റ്റർ വൺ: ചന്ദ്ര. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. വമ്പൻ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധായകന്‍റേതാണ്. ലോക എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ചന്ദ്ര. യു എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത ഒരു ഫാന്റസി ലോകമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചന്ദ്ര എന്ന ടൈറ്റില്‍ കഥാപാത്രമായി കല്യാണി പ്രിയദർശൻ വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ സണ്ണി എന്നാണ് നസ്‌ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇൻസ്‌പെക്ടർ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാൻഡിയും വേണുവായി ചന്ദുവും, നൈജിൽ ആയി അരുൺ കുര്യനും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ശാന്തി ബാലചന്ദ്രൻ, ശരത് സഭ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് ഇത്.