
തിരുവനന്തപുരം: ലോക്കോ പൈലറ്റുമാർക്ക് വിചിത്ര ഉത്തരവുമായി ദക്ഷിണ റെയിൽവേ. ലോക്കോ പൈലറ്റുമാർ ഇനിമുതൽ കരിക്കുവെള്ളം കുടിക്കരുതെന്നും, ഹോമിയോ മരുന്നും ചിലയിനം പഴങ്ങൾ കഴിക്കുകയും ചെയ്യരുതെന്നാണ് പുതിയ ഉത്തരവ്.
ലോക്കോ സ്റ്റാഫ് ഡ്യൂട്ടിക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ ബ്രീത്ത് അനലൈസർ പരിശോധനക്ക് വിധേയമാകണം. സമീപകാലത്തായി ഇത്തരം പരിശോധനയിൽ മദ്യത്തിന്റെ സാന്നിധ്യം വ്യാപകമായി കണ്ടെത്തിയിരുന്നു.
എന്നാൽ, ഇത്തരത്തിൽ പിടികൂടുന്നവരുടെ രക്ത സാമ്പിളുകൾ സർക്കാർ അംഗീകൃത ലാബുകളിൽ പരിശോധിക്കുമ്പോൾ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനും കഴിയുന്നില്ല. ഈ ‘പ്രതിഭാസം’ എന്തുകൊണ്ടെന്ന അന്വേഷണത്തിലാണ് ജീവനക്കാർ ഹോമിയോ മരുന്ന്, ശീതളപാനീയങ്ങൾ, ഇളം തേങ്ങാവെള്ളം, ചിലതരം വാഴപ്പഴങ്ങൾ, കഫ് സിറപ്പ്, മൗത്ത് വാഷ് എന്നിവ ഉപയോഗിക്കുന്നതാണ് ബ്രീത്ത് അനലൈസറിൽ ‘ബീപ് അടിക്കാൻ’ കാരണമെന്ന് റെയിൽവേ കണ്ടെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈകാതെ, ഉത്തരവുമിറക്കി ‘‘ഡ്യൂട്ടിക്ക് കയറുന്നതിനോ ഇറങ്ങുന്നതിനോ മുമ്പായി ഈ ഇനങ്ങൾ ഉപയോഗിക്കൽ പൂർണമായും നിരോധിച്ചിരിക്കുന്നു’’. ഇനി ഇവ ഒഴിവാക്കാനാകാത്ത സാഹചര്യമാണെങ്കിൽ ഡ്യൂട്ടിയിലുള്ള ക്രൂ കൺട്രോളറെ കാര്യകാരണസഹിതം രേഖാമൂലം അറിയിക്കണം. ക്രൂ കൺട്രോളർ ചീഫ് ക്രൂ കൺട്രോളറെയും.
പ്രമേഹത്തിന്റെയും ബി.പിയുടെയും മരുന്നുകൾ കഴിക്കുന്നത് വിലക്കി രണ്ടാഴ്ച മുമ്പാണ് മെഡിക്കൽ വിഭാഗം മറ്റൊരു ഉത്തരവിറക്കിയത്. ആൽക്കഹോൾ അടങ്ങിയ മരുന്നുകളുടെ ഉപയോഗം റെയിൽവേ മെഡിക്കൽ ഓഫിസറുടെ രേഖാമൂലമുള്ള അനുമതിയോടെ മാത്രം വേണമെന്നാണ് നിർദേശം.
മാത്രമല്ല, ഒഴിവാക്കാനാകാത്ത കാരണങ്ങളില്ലാതെ ബ്രീത്ത് അനലൈസർ പരിശോധനയിൽ മദ്യം കണ്ടെത്തുന്നത് ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തുന്നതിന് സമാനമായി കണ്ട് നടപടിയെടുക്കുമെന്ന ഭീഷണിയും ചീഫ് ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗം ഇറക്കിയ ഉത്തരവിലുണ്ട്.
ചക്കപ്പഴം കഴിച്ച് ഡ്യൂട്ടിക്ക് കയറിയാലും ഊതുമ്പോൾ ബീപ് അടിക്കുകയാണെന്ന് ലോക്കോ പൈലറ്റുമാർ പറയുന്നു. ഉത്തരവ് ജീവനക്കാരെ ദ്രോഹിക്കാനുള്ള നീക്കമാണെന്ന നിലയിൽ കടുത്ത വിമർശനമുയരുമ്പോഴും മറുഭാഗത്ത് ട്രോളുകളും റെയിൽവേക്കെതിരെ വ്യാപകമാണ്.