
ലോക്ക് ഡൗണും ശർക്കരയും തമ്മിലെന്തു ബന്ധം..! കേരളത്തിൽ ലോക്ക് ഡൗൺ കാലത്ത് തമിഴ്‌നാട്ടിൽ ശർക്കരയുടെ വിലകൂടി; ചാരായം വാറ്റാനും മലയാളിയ്ക്ക് ആശ്രയം തമിഴ്‌നാട് ശർക്കര..! കേരളത്തിൽ വാറ്റ് കൂടിയതോടെ ഒരാഴ്ച കൊണ്ടു ശർക്കര വില ഇരട്ടിയായി
തേർഡ് ഐ ബ്യൂറോ
കോട്ടയം: ബാറും ബിവറേജും അടച്ചതോടെ കേരളത്തിൽ വാറ്റ് കൂടിയതിന്റെ ഗുണം കൊയ്യുന്നത് തമിഴ്‌നാട്ടിലെ ശർക്കര വ്യവസായികളാണ്. കൊറോണക്കാലത്ത് കേരളത്തിൽ വ്യാജ വാറ്റ് കുടിൽ വ്യവസായമായി എന്നു തിരിച്ചറിഞ്ഞ തമിഴ്‌നാട്ടിലെ വ്യാപാരികൾ ഒരാഴ്ചയ്ക്കിടയിൽ വർദ്ധിപ്പിച്ചത് ഇരുപത് രൂപയാണ്..! 45 രൂപയിൽ കിടന്ന ഒരു കിലോ ശർക്കര ഇന്നലെ കേരളത്തിലേയ്ക്കു കൊണ്ടു വന്നത് 65 രൂപയ്ക്കാണ്. നാട്ടിലെ മാർക്കറ്റിൽ എത്തുമ്പോൾ പത്ത് രൂപ കൂടി 75 രൂപയാകും ശർക്കരയ്ക്കു വില.
ലോക്ക് ഡൗണിന്റെ ഭാഗമായി നിയന്ത്രണം ഏർപ്പെടുത്തിയതോടെ കഴിഞ്ഞ മാസമാണ് സംസ്ഥാനത്തെ ബാറുകളും ബിവറേജുകളും അടച്ചു പൂട്ടാൻ തീരുമാനിച്ചത്. ഇതോടെയാണ് സംസ്ഥാനത്ത് വ്യാപകമായി വൻ തോതിൽ വാറ്റ് കുടിൽ വ്യവസായമായി മാറിയത്. കായംകുളത്ത് മുൻ എക്‌സൈസ് ഉദ്യോഗസ്ഥൻ അടക്കമുള്ളവരെ വ്യാജവാറ്റിനിടെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കോട്ടയം ജില്ലയിൽ മാത്രം മൂന്നു ദിവസത്തിനിടെ അഞ്ഞൂറിലേറെ ലിറ്റർ കോടയും ചാരായവുമാണ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്. നാലു കേസുകളിലായി നാലു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരത്തിൽ കേരളത്തിൽ വൻ തോതിൽ വ്യാജവാറ്റ് സജീവമായെന്നു തിരിച്ചറിഞ്ഞതോടെയാണ് ശർക്കരയ്ക്കു വില ഒറ്റയടിയ്ക്കു വർദ്ധിപ്പിച്ചത്. വ്യാജ മദ്യം വാറ്റുന്നതിൽ പ്രധാന അസംസ്‌കൃത വസ്തുവാണ് ശർക്കര. മറയൂരിൽ നിന്നും തമിഴ്‌നാട്ടിലെ തേനിയിൽ നിന്നുമുള്ള ശർക്കര വാറ്റിനുള്ളിൽ ഇട്ടാൽ വീര്യം കൂടുമെന്നാണ് സ്ഥിരം വാറ്റുകാർ പറയാറുള്ളത്. ശർക്കരയുടെ അളവ് കൂടും തോറും വാറ്റിന്റെ വീര്യവും കൂടും.
ഈ സാഹചര്യത്തിൽ കഴിഞ്ഞ രണ്ടാഴ്ചയായി കേരളത്തിൽ ലക്ഷക്കണക്കിന് കിലോ ശർക്കരയാണ് വിറ്റു പോയത്. ഇതോടെ ശർക്കരയുടെ ഉപയോഗം വൻ തോതിൽ കേരളത്തിൽ വർദ്ധിച്ചു. ഇത് മനസിലാക്കിയാണ് തേനിയിലെ ശർക്കര കർഷകർ വൻ തോതിൽ ശർക്കര വില വർദ്ധിപ്പിച്ചത്. സാധാരണ ഗതിയിൽ ഓണവും മറ്റു വിശേഷ അവസരങ്ങളിലും കൃഷിയിൽ വിളവെടുപ്പ് കുറയുമ്പോഴുമാണ് ശർക്കരയുടെ വില കൂട്ടുന്നത്. എന്നാൽ, ഇപ്പോൾ കാര്യമായ മഴയില്ലാതെ കൃത്യമായ കാലാവസ്ഥയിൽ കരിമ്പ് വിളഞ്ഞു നിൽക്കുന്ന സമയമാണ്.
ഈ സമയത്തു തന്നെയാണ് കരിമ്പ് ശർക്കരയാക്കി മാറ്റുന്നതും. ഈ സാഹചര്യത്തിലാണ് ശർക്കര വില വൻ തോതിൽ വർദ്ധിപ്പിച്ച് ശർക്കര വ്യവസായികൾ രംഗത്തിറങ്ങിയിരിക്കുന്നത്. കേരളത്തിൽ വാറ്റ് വർദ്ധിക്കുന്നതിന്റെ കൃത്യമായ സൂചനയായി ഇതിനെ കാണാൻ സാധിക്കും.