
മദ്യനിരോധനമുള്ള ലോക്ക് ഡൗൺ കാലത്ത് ഹൗസ് ബോട്ടിൽ ഇരുന്ന് ബിജെപി നേതാവും സുഹൃത്തുക്കളും വ്യാജ ചാരായം കഴിച്ചു: ഏറ്റുമാനൂരിലെ ബിജെപി നേതാവായ ആർപ്പൂക്കര സ്വദേശി അടക്കം ആറു പേർ പിടിയിൽ; പിടിയിലായത് കുമരകം കൈപ്പുഴമുട്ടിൽ നിന്ന് ഒന്നര ലിറ്റർ വ്യാജചാരായവുമായി
തേർഡ് ഐ ബ്യൂറോ
കോട്ടയം: മദ്യനിരോധനമുള്ള ലോക്ക് ഡൗൺ കാലത്ത് ഹൗസ് ബോട്ടിലിരുന്ന് വ്യാജചാരായം കഴിച്ച ബിജെപി – യുവമോർച്ചാ നേതാവ് അടക്കം ആറു പേർ പൊലീസിന്റെ പിടിയിലായി. ഇവരിൽ നിന്നും ഒന്നര ലിറ്റർ വ്യാജചാരായവും പിടിച്ചെടുത്തു.
യുവമോർച്ചാ ഏറ്റുമാനൂർ നിയോജക മണ്ഡലം മുൻ ജോയിന്റ് സെക്രട്ടറിയും നിലവിൽ ബിജെപി അയ്മനം പഞ്ചായത്ത് കമ്മിറ്റി ജോയിന്റ് സെക്രട്ടറിയുമായ അയ്മനം മാലിക്കായൽച്ചിറയിൽ വീട്ടിൽ ജയപ്രകാശ് (40)അടക്കം ആറു പേരെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ജയപ്രകാശിനെ കൂടാതെ ആർപ്പൂക്കര സ്വദേശികളായ ജയപ്രസാദ് , സുജിത്, സുധീഷ്, മനു , വിപിൻ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ കുമരകം കൈപ്പുഴ മുട്ടിനു സമീപത്ത് ഹൗസ് ബോട്ടിലായിരുന്നു സംഭവങ്ങൾ. ഇവർ വാഹനത്തിൽ വരുന്നതിനിടെ പൊലീസ് വാഹന പരിശോധന നടത്തുകയായിരുന്നു. ഇതിനിടെ ഇവർ മദ്യപിച്ചിരുന്നതായി കണ്ടെത്തി. എവിടെ ഇരുന്നാണ് മദ്യപിച്ചത് എന്നു കണ്ടെത്തിയ പൊലീസ് സംഘം, ഇവർ മദ്യപിച്ച സ്ഥലത്ത് പരിശോധന നടത്തി. കൈപ്പുഴ മുട്ടിനു സമീപത്തെ ഹൗസ് ബോട്ടിൽ പരിശോധന നടത്തിയപ്പോഴാണ് ഇവിടെ നിന്നും ഒന്നര ലിറ്റർ വാറ്റ് ചാരായം പൊലീസിനു ലഭിച്ചത്.
തുടർന്നു ഇവർക്കെതിരെ മദ്യപിച്ചതിനും, ചാരായം കൈവശം വച്ചതിനും പൊലീസ് കേസെടുത്തു. ഇവർക്ക് ചാരായം ലഭിച്ചത് എവിടെ നിന്നാണ് എന്നു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ഇതിനിടെ കേസ് ഒതുക്കാനുള്ള സമ്മർദനം ഒരു വിഭാഗത്തിൽ നിന്നും ആരംഭിച്ചതായും സൂചനയുണ്ട്.
കയ്പ്പുഴമുട്ട് ഭാഗത്ത് ആളൊഴിഞ്ഞ പുരയിടങ്ങളും പ്രദേശങ്ങളും കേന്ദ്രീകരിച്ച് വൻ തോതിൽ വ്യാജചാരായം വാറ്റ് സജീവമാണെന്നു നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. ഇവിടെ പൊലീസിനു നേരിട്ട് എത്താൻ സാധിക്കാത്ത സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഇത്തരത്തിൽ വ്യാജ വാറ്റ് നടത്തിയിരുന്നത്. ഇവിടങ്ങളിൽ നിന്നാണ് പ്രതികൾക്ക് വാറ്റ് ചാരായം ലഭിച്ചതെന്നാണ് ലഭിക്കുന്ന സൂചന. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.